ഹാഥ്‌റസ് ദുരന്തം; ഭോലേ ബാബ സ്വയം പ്രഖ്യാപിത ആൾദൈവം, ഇന്റലിജൻസ് ബ്യൂറോ മുൻ ജീവനക്കാരനെന്ന് വാദം
|മറ്റ് ആൾദൈവങ്ങളിൽ നിന്ന് വ്യത്യസ്തമായി വെള്ള സ്യൂട്ടും ടൈയുമായിരുന്നു ഭോലേ ബാബയുടെ വേഷം
ന്യൂഡൽഹി: തിക്കിലും തിരക്കിലുമുണ്ടായ മറ്റൊരു ദുരന്തത്തിന് കൂടി സാക്ഷിയായിരിക്കുകയാണ് രാജ്യം. ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ നൂറിലധികം ആളുകളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ഭോലേ ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവം നാരായൺ സാകർ ഹരി നടത്തിയ മതചടങ്ങിലാണ് പിഞ്ചുകുഞ്ഞുങ്ങൾക്കുൾപ്പടെ ദാരുണാന്ത്യമുണ്ടായത്. ആളുകൾ കൂട്ടമായെത്തി പ്രാർഥന നടത്തുന്ന, 'സത്‌സംഗ്' എന്നറിയപ്പെടുന്ന ഇത്തരം ചടങ്ങുകൾ സർവസാധാരണമാണ് യുപിയിൽ. ഇത്തരത്തിൽ ഭോലേ ബാബ നടത്തിയ സത്‌സംഗിന്റെ സമാപനത്തിൽ തിക്കും തിരക്കുമുണ്ടാവുകയും ആളുകൾ കൊല്ലപ്പെടുകയുമായിരുന്നു.
ഉത്തർപ്രദേശിൽ ഏട്ടാഹ് ജില്ലയിലെ ബഹദൂർ സ്വദേശിയായ ഭോലേ ബാബ, ഇന്റലിജൻസ് ബ്യൂറോയിലെ മുൻ ജീവനക്കാരനെന്നാണ് അവകാശപ്പെട്ടിരുന്നത്. 26 വർഷം മുമ്പ് ഉൾവിളി തോന്നി ഭക്തിമാർഗം സ്വീകരിച്ചുവെന്നും ജോലി ഉപേക്ഷിച്ചുവെന്നും ഇയാൾ ഭക്തരെ വിശ്വസിപ്പിച്ചിരുന്നു. ഇന്ത്യയിലുടനീളം പത്ത് ലക്ഷത്തിലധികം അനുയായികൾ ഇയാൾക്കുണ്ട്. അനുയായികൾക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്ന ഇയാൾ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ സ്ഥിരമായി സത്‌സംഗുകളും സംഘടിപ്പിച്ച് വന്നിരുന്നു.
മറ്റ് ആൾദൈവങ്ങളെ പോലെ അത്ര മോഡേൺ ആയിരുന്നില്ല ഭോലേ ബാബ.. സോഷ്യൽ മീഡിയയോട് ഇദ്ദേഹം അകലം പാലിച്ചിരുന്നു. അനുയായികളായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന പ്രചാരകർ. സാധാരണ ആൾദൈവങ്ങളിൽ കണ്ടുവരുന്ന വസ്ത്രധാരണ രീതിയും ഭോലേ ബാബ പിന്തുടർന്നിരുന്നില്ല. കുങ്കുമ വസ്ത്രത്തിന് പകരം വെള്ള സ്യൂട്ടും ടൈയുമായിരുന്നു ഇദ്ദേഹത്തിന്റെ ഇഷ്ടവസ്ത്രം. ചിലപ്പോഴൊക്കെ പൈജാമയിലും കുർത്തിയിലും പ്രത്യക്ഷപ്പെടും. സത് സംഗുകളിൽ ലഭിക്കുന്ന സംഭാവനകളൊന്നും സ്വന്തം ആവശ്യങ്ങൾക്കായല്ല, ഭക്തർക്ക് വേണ്ടിയാണ് ചെലവഴിക്കുന്നതെന്നായിരുന്നു പ്രഭാഷണങ്ങളിൽ ഇയാൾ ആവർത്തിച്ചിരുന്നത്.
ഉത്തർപ്രദേശിലെ അലിഗഢിൽ എല്ലാ ചൊവ്വാഴ്ചയും ഭോലേ ബാബ സംഘടിപ്പിക്കുന്ന പരിപാടികളിൽ ആയിരങ്ങളാണ് തടിച്ചു കൂടുന്നത്. ഈ സമ്മേളനങ്ങളിൽ ഭക്തർക്കാവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും സംഘാടകർ ഒരുക്കും. കോവിഡ് കാലത്ത് വൻ പ്രസിദ്ധിയാണ് ഉത്തർപ്രദേശിലുൾപ്പടെ ഭോലേ ബാബ നേടിയത്.
ഹഥ്‌റസിൽ ഇന്ന് നടന്ന സത്‌സംഗിൽ അയ്യായിരത്തിലധികം ആളുകൾ പങ്കെടുത്തെന്നാണ് ലഭിക്കുന്ന വിവരം. 107 ആണ് ഇതുവരെയുള്ള മരണനിരക്ക്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ അധികവും. തിരക്കിൽ നിന്ന് രക്ഷപെട്ട് പുറത്തെത്തിയവർ ബന്ധുക്കളെ അന്വേഷിച്ച് വീണ്ടും അകത്തേക്ക് പോയതും ദുരന്തത്തിന്റെ ആക്കം കൂട്ടി. കുട്ടികളിൽ മിക്കവരും ഉന്തിലും തള്ളിലും താഴേക്ക് വീഴുകയും ആളുകളുടെ കാലിനടിയിൽ പെടുകയുമായിരുന്നു
ഇത്രയധികം പേരെ ഉൾക്കൊള്ളാനുള്ള വലിപ്പം ചടങ്ങ് നടന്ന വേദിക്കില്ലാതെ പോയതാണ് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.