എന്താണ് പെൻഷൻ കേസിലെ വിധി? തൊഴിലാളികളെ ബാധിക്കുന്നത് എങ്ങനെ?
|നിലവിലെ രീതി പ്രകാരം എത്ര ഉയർന്ന ശമ്പളമായാലും ഇപിഎഫ്ഒ നിശ്ചയിച്ച പരിധി അനുസരിച്ചാണ് പിഎഫ് പെൻഷൻ ലഭിക്കുന്നത്
ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന വിവിധ ഹൈക്കോടതികളുടെ വിധി ശരിവച്ച സുപ്രിംകോടതി തീരുമാനം ചരിത്രപരമെന്ന് വിലയിരുത്തൽ. എംപ്ലോയീസ് പെൻഷൻ പദ്ധതിയിൽ 2014ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി റദ്ദാക്കിയാണ് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നത്. ഇതിനെതിരെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇപിഎഫ്ഒ) കേന്ദ്രസർക്കാറും സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബഞ്ച് തള്ളിയത്.
സുപ്രിംകോടതി വിധി
- പെൻഷൻ ലഭിക്കാൻ 15,000 രൂപ മേൽപ്പരിധി ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ ഭേദഗതി ഉത്തരവ് റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവച്ചു. ഇതോടെ, ശമ്പളം എത്രയുണ്ടെങ്കിലും പെൻഷൻ ഫണ്ടിലേക്ക് 15000 രൂപ ശമ്പളം നിജപ്പെടുത്തിയേ അടക്കാവൂ എന്ന ഭേദഗതി ഇല്ലാതായി.
- വിരമിക്കുന്നതിന് മുമ്പുള്ള അഞ്ചു വർഷത്തെ ശരാശരി ശമ്പളമാണ് പെൻഷൻ നിശ്ചയിക്കുന്നതിന് കണക്കാക്കുക. അവസാന 12 മാസത്തെ ശമ്പള ശരാശരി നോക്കി പെൻഷൻ നിശ്ചയിക്കണമെന്നായിരുന്നു കേരള ഹൈക്കോടതി വിധി.
- വിധി നടപ്പാക്കുന്നത് ആറു മാസത്തേക്ക് മരവിപ്പിച്ചു. വിധി നടപ്പാക്കാൻ ആറു മാസത്തിനകം ഫണ്ട് കണ്ടെത്തണം. 60 മാസത്തെ ശരാശരിയിൽ പെൻഷൻ കണക്കാക്കും.
- 15,000ത്തിന് മുകളിൽ ശമ്പളമുള്ളവർ 1.16 ശതമാനം വിഹിതം പെൻഷൻ ഫണ്ടിലേക്ക് നൽകണമെന്ന കേന്ദ്രസർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല.
- കേന്ദ്ര വിജ്ഞാപനം വന്ന 2014 സെപ്തംബർ ഒന്നിന് മുമ്പ് വിരമിച്ചവർക്ക് വിധിയുടെ ആനുകൂല്യം ലഭിക്കില്ല. എന്നാൽ കട്ട് ഓഫ് തിയ്യതി കാരണം ഓപ്ഷൻ നൽകാൻ കഴിയാതെ പോയ ജീവനക്കാർക്ക് അവസരമുണ്ടാകും. നാലു മാസത്തനുള്ളിൽ ഓപ്ഷൻ മാറണം.
കേരള ഹൈക്കോടതി വിധി
2014ൽ കേന്ദ്രം കൊണ്ടു വന്ന ഭേദഗതി പ്രകാരമാണ് പിഎഫിൽനിന്ന് പെൻഷൻ സ്‌കീമിലേക്ക് മാറ്റുന്ന തുകയ്ക്ക് അടിസ്ഥാനമാക്കുന്ന ശമ്പളത്തിന് 15,000 രൂപയുടെ മേൽപ്പരിധി നിശ്ചയിച്ചത്. 2018 ഒക്ടോബറിൽ കേരള ഹൈക്കോടതി ഈ മേൽപ്പരിധി ഭേദഗതി റദ്ദാക്കി. ഇത്തരത്തില്‍ പരിധി നിശ്ചയിക്കാനാകില്ലെന്നും ജീവനക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കൂടുതല്‍ തുക പെന്‍ഷന്‍ സ്കീമില്‍ നിക്ഷേപിക്കാമെന്നുമായിരുന്നു ഹൈക്കോടതി വിധി. ഡൽഹി, രാജസ്ഥാൻ ഹൈക്കോടതികളും സമാന ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. 2019ൽ കേരള ഹൈക്കോടതി വിധികൾക്കെതിരെ ഇപിഎഫ്ഒ സുപ്രിംകോടതിയിൽ അപ്പീൽ നൽകി. അത് കോടതി തള്ളി. പിന്നീട് ഇപിഎഫ്ഒയും കേന്ദ്രസർക്കാറും പുനഃപരിശോധന ആവശ്യപ്പെട്ട് ഹർജി നൽകുകയായിരുന്നു. ഇതിലാണ് ആറു മാസം നീണ്ട വാദത്തിന് ശേഷം കോടതി വിധി പറഞ്ഞത്.
കണക്കാക്കുന്നത് എങ്ങനെ?
നിലവിലെ രീതി പ്രകാരം എത്ര ഉയർന്ന ശമ്പളമായാലും ഇപിഎഫ്ഒ നിശ്ചയിച്ച പരിധി അനുസരിച്ചാണ് പിഎഫ് പെൻഷൻ ലഭിക്കുന്നത്. 2014 സെപ്തംബർ മുതൽ 15000 രൂപയാണ് ഇപിഎഫ്ഒ നിശ്ചയിച്ച പരിധി. 1995ൽ പെൻഷൻ സ്‌കീം തുടങ്ങിയ വേളയിൽ ഈ പരിധി 5000 രൂപയായിരുന്നു. 2001 ജൂൺ ഒന്നു മുതൽ ഇത് 6500 രൂപയായി. ഇതാണ് 2014ൽ 15000 രൂപയാക്കി കേന്ദ്രം വർധിപ്പിച്ചത്.
അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടെയും 12 ശതമാനമാണ് തൊഴിലാളിയും തൊഴിലുടമയും ചേർന്ന് ഇപിഎഫിലേക്ക് അടയ്ക്കുന്നത്. തൊഴിലാളിയുടെ മുഴുവൻ തുകയും ഇപിഎഫിലേക്ക് പോകും. എന്നാൽ 8.33 ശതമാനം നിരക്കിൽ തൊഴിലുടമയുടെ വിഹിതം പെൻഷൻ സ്‌കീമിലേക്ക് പോകും. പെൻഷൻ പദ്ധതിയിൽ അംഗമായ ഒരാൾക്ക് 58 വയസ്സിന് ശേഷം പെൻഷൻ ലഭിക്കും. ചുരുങ്ങിയത് പത്തു വർഷമെങ്കിലും സർവീസ് ഉള്ളവർക്കേ പെൻഷൻ കിട്ടൂ. ഇത്രയും സേവനകാലാവധി ഇല്ലാത്തവർക്ക് അടച്ച തുക മുഴുവൻ പദ്ധതിയിൽ നിന്ന് പിൻവലിക്കാനുള്ള അവസരമുണ്ട്.
കൂടുതൽ ശമ്പളമുള്ളവർക്ക് കൂടുതൽ പെൻഷൻ ലഭിക്കാനുള്ള സാഹചര്യമൊരുങ്ങുന്നതാണ് സുപ്രിംകോടതി വിധി. നിലവിൽ പൂർണ പെൻഷൻ (ഒടുവിൽ വാങ്ങിയ ശമ്പളത്തിന്റെ പകുതി) ലഭിക്കാൻ 35 വർഷത്തെ സർവീസ് വേണമെന്നാണ് വ്യവസ്ഥ. 1995 നവംബറിലാണ് പെൻഷൻ സ്‌കീം ആരംഭിച്ചത്. അതുകൊണ്ടു തന്നെ പൂർണ പെൻഷൻ ലഭിക്കണമെങ്കിൽ 2028 ആകണം. നാലരക്കോടിയിലേറെ പേർക്ക് വിധിയുടെ ആനുകൂല്യം കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.