India
KL Sharma with Sonia Gandhi and Priyanka Gandhi

കെ.എല്‍ ശര്‍മ സോണിയാ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം

India

രണ്ട് ദശാബ്ദത്തിനിടെ ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത അമേഠിയിലെ ആദ്യ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ആരാണ് കെ.എല്‍ ശര്‍മ?

Web Desk
|
3 May 2024 5:26 AM GMT

മേയ് 20ന് അഞ്ചാം ഘട്ടത്തിലാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്

അമേഠി: സസ്പന്‍സുകള്‍ക്കൊടുവില്‍ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സോണിയാ ഗാന്ധിയുടെ തട്ടകമായ റായ്‍ബറേലിയില്‍ മകനും എം.പിയുമായ രാഹുല്‍ ഗാന്ധിയാണ് മത്സരിക്കുന്നത്. ഗാന്ധി കുടുംബത്തിന്‍റെ അടുത്തയാളായ കെ.എല്‍ ശര്‍മയാണ് അമേഠിയില്‍ ബി.ജെ.പിയുടെ സ്മൃതി ഇറാനിയെ നേരിടുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ഏപ്രിൽ 26 ന് വോട്ടെടുപ്പ് നടന്ന വയനാടിന് പുറമെ ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു.കാത്തിരിപ്പുകള്‍ക്കൊടുവില്‍ റായ്ബറേലിയില്‍ രാഹുലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.മേയ് 20ന് അഞ്ചാം ഘട്ടത്തിലാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്.

കോണ്‍ഗ്രസിന്‍റെ കോട്ടയായിരുന്ന അമേഠി

പതിറ്റാണ്ടുകളായി സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ പാർട്ടി നേതാക്കൾ വിജയകരമായി മത്സരിച്ച അമേഠി കോൺഗ്രസ് പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്നു. 2019ൽ രാഹുലിനെതിരെ സ്മൃതി ഇറാനി വിജയിക്കുന്നതുവരെ ഈ സീറ്റ് ഗാന്ധി കുടുംബത്തിൻ്റെ കോട്ട എന്നാണ് അറിയപ്പെട്ടത്.

രാഹുലിന്‍റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെയും മണ്ഡലമായിരുന്നു ഇത്. 1981 മുതല്‍ മരിക്കുന്ന 1991 വരെ രാജീവ് ഗാന്ധി പ്രതിനിധീകരിച്ചിരുന്നത് അമേഠിയെ ആയിരുന്നു. 1999 മുതല്‍ സോണിയ അമേഠിയെ പ്രതിനിധീകരിച്ചു. പിന്നീട് 2004ല്‍ രാഹുലിന് കൈമാറി.എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരമായിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുന്നത്.

കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയാണ് റായ്ബറേലിയും. 1951 മുതലുള്ള പൊതുതെരഞ്ഞെടുപ്പില്‍ മൂന്ന് തവണ മാത്രമാണ് മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടത്.ഇന്ദിരാ ഗാന്ധിയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ഫിറോസ് ഗാന്ധിയെ രണ്ട് തവണ റായ്ബറേലിക്കാര്‍ വിജയിപ്പിച്ചിട്ടുണ്ട്. 1952ലും 57ലുമാണ് ഫിറോസ് ഇവിടെ നിന്നും മത്സരിച്ചത്. 2004 മുതല്‍ സോണിയ ജയിച്ച മണ്ഡലം കൂടിയാണ് റായ്ബറേലി. 2019ല്‍ യുപിയിലെ 62 മണ്ഡലങ്ങളിലും ബി.ജെ.പി ജയിച്ചപ്പോള്‍ റായ്ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. രാജ്യസഭയിലേക്ക് സോണിയ തെരഞ്ഞെടുക്കപ്പെടുകയും ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ദിനേശ് പ്രതാപ് സിങ്ങാണ് റായ്ബറേലിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി. 2019ല്‍ ദിനേശ് സോണിയയോട് പരാജയപ്പെട്ടിരുന്നു.

ആരാണ് കെ.എല്‍ ശര്‍മ

പഞ്ചാബ് ലുധിയാന സ്വദേശിയായ കിശോരി ലാല്‍ ശര്‍മ എന്ന കെ.എല്‍ ശര്‍മ ഗാന്ധി കുടുംബത്തിൻ്റെ അടുത്ത അനുയായിയും വിശ്വസ്തനുമാണ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്നു ശര്‍മ. 1991-ൽ രാജീവ് ഗാന്ധിയുടെ മരണശേഷം ഗാന്ധി കുടുംബവുമായുള്ള ശർമയുടെ ബന്ധം കൂടുതൽ ദൃഢമായി.അമേഠിയില്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചു വരികയാണ്. 1983ലാണ് കിഷോരി ലാൽ ശർമ ആദ്യമായി അമേഠിയിൽ എത്തുന്നത്. അന്ന് തൊട്ട് മണ്ഡലത്തിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു. 1999ല്‍ അമേഠിയിലെ സോണിയയുടെ ആദ്യ തെരഞ്ഞെടുപ്പ് വിജയത്തില്‍ ശര്‍മ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. മകൻ രാഹുലിന് വേണ്ടി സോണിയാ ഗാന്ധി സീറ്റ് ഒഴിഞ്ഞതിന് ശേഷം അമേഠിയിലും റായ്ബറേലിയിലും പാർട്ടി കാര്യങ്ങൾ നിയന്ത്രിച്ചത് ശർമയാണ്.ബിഹാറിലും പഞ്ചാബിലും ശർമ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.

അമേഠിയിലെ തൻ്റെ സ്ഥാനാർത്ഥിത്വത്തോട് പ്രതികരിച്ച ശർമ, കോൺഗ്രസ് നേതൃത്വത്തിന് നന്ദി പ്രകടിപ്പിക്കുകയും സീറ്റ് നേടുന്നതിന് കഠിനമായി പരിശ്രമിക്കുമെന്നും പറഞ്ഞു. "അവരുടെ പരമ്പരാഗത സീറ്റിൽ നിന്ന് മത്സരിക്കാൻ അവസരം നൽകിയതിന് മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.ഞാൻ വളരെ കഠിനാധ്വാനം ചെയ്യും...രാഹുൽ ഗാന്ധി ഗ്രൗണ്ടിൽ നിന്ന് ഓടിപ്പോകുന്ന ആളല്ല. വോട്ടുകളെക്കുറിച്ച് ആർക്കും ഒന്നും പ്രവചിക്കാൻ കഴിയില്ല . ഇന്ന് പ്രിയങ്കാ ഗാന്ധിയെ കാണും'' ശര്‍മ പറഞ്ഞു.

Similar Posts