India
Who is Mahua Moitra?
India

ബിജെപിയുടെ നിത്യ വിമർശക, ഇപ്പോൾ പുറത്ത്; ആരാണ് മഹുവ മൊയ്ത്ര?

Web Desk
|
8 Dec 2023 10:28 AM GMT

തൃണമൂൽ കോൺഗ്രസ് അംഗമായ മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് അംഗമായ മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ചോദ്യത്തിന് കോഴ ആരോപണത്തിലെ എത്തിക്സ് കമ്മറ്റി റിപ്പോർട്ടിൻ മേലുള്ള ചർച്ചക്കൊടുവിലാണ് നടപടി. പാർലമെൻറിനകത്തും പുറത്തും ബിജെപിയുടെയും കേന്ദ്രസർക്കാറിന്റെയും നിശിത വിമർശകയാണ് മഹുവ. കേന്ദ്ര സർക്കാറിന്റെ ഫാസിസ്റ്റ് നടപടികൾ, ഹിന്ദുത്വ നീക്കങ്ങൾ, മണിപ്പൂർ കലാപത്തിലെ നിസംഗത, ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റെന്ന് പേരിട്ട നടപടി, ബിബിസി ഡോക്യൂമെൻററി വിലക്ക് തുടങ്ങിയവയിലൊക്കെ അവർ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സർക്കാറിനെയും നിശിതമായി വിമർശിച്ചിരുന്നു. മൻ കി ബാത്ത് മതിയാക്കൂ, ഇത് മണിപ്പൂർ കി ബാത്തിന്റെ സമയമാണെന്നാണ് മണിപ്പൂർ കലാപവേളയിൽ മഹുവ ട്വീറ്റ് ചെയ്തിരുന്നത്.

1974 ഒക്‌ടോബർ 12ന് അസമിലെ കാചർ ജില്ലയിലെ ലബാകിൽ ബംഗാളി ഹിന്ദു കുടുംബത്തിലാണ് മഹുവയുടെ ജനനം. ദ്വിപേന്ദ്ര ലാൽ മൊയ്ത്രയാണ് പിതാവ്. ന്യൂയോർക്ക്, ലണ്ടൻ എന്നിവിടങ്ങളിൽ ഇൻവെസ്റ്റ്‌മെൻറ് ബാങ്കറായിരുന്ന 49കാരി 2008 മുതൽ 2010 വരെ കോൺഗ്രസിലായിരുന്നു പ്രവർത്തിച്ചിരുന്നത്. യൂത്ത് കോൺഗ്രസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. എന്നാൽ 2010 മുതൽ ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. 2016 മേയ് 28 മുതൽ 2019 മേയ് 23വരെ വെസ്റ്റ് ബംഗാൾ നിയമസഭാംഗമായി. കരിംപൂരായിരുന്നു മണ്ഡലം. തുടർന്ന് 2019 മേയ് 23 മുതൽ 2023 ഡിസംബർ എട്ട് വരെ (പുറത്താക്കപ്പെടുന്നത് വരെ) കൃഷ്ണനഗറിൽനിന്നുള്ള എംപിയായി. എഐടിയുസിയുടെ ജനറൽ സെക്രട്ടറിയായും ദേശീയ വക്താവായും മഹുവ പ്രവർത്തിച്ചിട്ടുണ്ട്. ലാർസ് വാവർട്ട് ബ്രോർസണുമായി വിവാഹിതയായെങ്കിലും പിന്നീട് വേർപിരിഞ്ഞു.

പാർലമെൻറിൽ മഹുവ നടത്തുന്ന തീപ്പൊരി പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ എന്നും വൈറലാണ്. അവരുമായി ബന്ധപ്പെട്ട വിഷയങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. വിലക്കയറ്റവും പണപ്പെരുപ്പവും ചർച്ച ചെയ്യുന്ന അവസരത്തിൽ തന്റെ രണ്ട് ലക്ഷം രൂപ വിലവരുന്ന ലൂയിസ് വിറ്റൺ ബാഗ് മഹുവ ഒളിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രീതിയിൽ എക്‌സിൽ ഒരിക്കൽ വീഡിയോ പ്രത്യക്ഷപ്പെട്ടു. വിവാദം കനത്തതോടെ മറുപടിയുമായി മഹുവ തന്നെ രംഗത്തെത്തി.

'ബാഗുമായാണ് വന്നത്, ബാഗുമായിത്തന്നെ മുന്നോട്ട് പോകും' എന്നാണ് മഹുവ ട്വീറ്റ് ചെയ്തത്. ബാഗുമായുള്ള ചില ഫോട്ടോകളും മഹുവ പങ്കുവെച്ചിട്ടുണ്ട്. 2016ൽ യു.പിയിലെ മൊറാദാബാദിൽ നടന്ന റാലിക്കിടെ നരേന്ദ്രമോദി നടത്തിയ സമാന പരാമർശത്തെ പരിഹസിച്ചുകൊണ്ടാണ് മഹുവയുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെൻററിക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയതിനെതിരെ മഹുവ മൊയ്ത്ര പ്രതികരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ ചക്രവർത്തിയും കൊട്ടാരം സേവകരും അരക്ഷിതരായതിൽ ലജ്ജിക്കുന്നുവെന്നാണ് അവർ എക്‌സിൽ കുറിച്ചത്. ഡോക്യുമെൻററിയുടെ ലിങ്ക് ഷെയർ ചെയ്തുകൊണ്ടായിരുന്നു പ്രതികരണം.

മഹുവ മൊയ്ത്രയുടെ സ്വകാര്യ ഫോട്ടോകൾ ബി.ജെ.പി ട്രോളൻമാർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. മഹുവ മൊയ്ത്രയും ശശി തരൂരും ഒരുമിച്ചുള്ള ചിത്രങ്ങളാണ് സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിപ്പിച്ചിരുന്നത്. കോൺഗ്രസ് എം.പി ശശി തരൂരും തൃണമൂൽ എം.പി മഹുവ മൊയ്ത്രയും ഒരുമിച്ച് രാത്രി വൈകിയുള്ള കൂടിക്കാഴ്ച എന്ന തലക്കെട്ടിലാണ് ഫോട്ടോ പ്രചരിപ്പിച്ചത്. അത്താഴവിരുന്നിൽ ഇരുവരുടെയും ഫോട്ടോകൾ മാത്രം ക്രോപ്പ് ചെയ്തായിരുന്നു പ്രചാരണം. പ്രചരിക്കുന്നത് രസകരമാണെന്നും, വെള്ള ബ്ലൗസിനെക്കാൾ പച്ച വസ്ത്രമാണ് തനിക്കിഷ്ടമെന്നും ട്രോളുകളെ പരിഹസിച്ച് മൊയ്ത്ര ട്വീറ്റ് ചെയ്തിരുന്നു.

'ബി.ജെ.പിയുടെ ട്രോൾ സംഘം എന്റെ ചില സ്വകാര്യ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് വളരെ രസകരമാണ്. വെള്ള ബ്ലൗസിനെക്കാൾ പച്ച വസ്ത്രമാണ് എനിക്കിഷ്ടം. എന്തിനാണ് ക്രോപ്പ് ചെയ്തു ബുദ്ധിമുട്ടുന്നത്? അത്താഴവിരുന്നിലെ മറ്റുള്ളവരെക്കൂടി കാണിക്കൂ. ബംഗാളിലെ സ്ത്രീകൾക്ക് ഒരു ജീവിതം നയിക്കുന്നവരാണ്. അത് കള്ളമല്ല'' - മഹുവ മൊയ്ത്ര എക്സിൽ കുറിച്ചു.

മഹുവ തനിക്കു കുട്ടിയെപ്പോലെയാണെന്ന് ശശി തരൂരും പ്രതികരിച്ചു. അവരുടെ ജന്മദിന പാർട്ടിയിൽ കുടുംബസമേതമാണു പങ്കെടുത്തതെന്നും അതിൽനിന്നുള്ള ചിത്രം എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുന്നത് തരംതാണ രാഷ്ട്രീയമാണെന്നും തരൂർ വിമർശിച്ചു.

'പറയാൻ പറ്റില്ലെങ്കിലും എനിക്ക് അവർ ഒരു കുട്ടിയാണ്. എന്നെക്കാൾ പത്തിരുപത് വയസ് പ്രായം കുറവുള്ള എം.പിയാണ്. അവരുടെ ജന്മദിന പാർട്ടിയിൽ എന്റെ സഹോദരി ഉൾപ്പെടെ 15 പേരുണ്ടായിരുന്നു. അതിൽനിന്ന് ആളുകളെ വെട്ടിക്കളഞ്ഞു മറ്റുള്ളവരെ കാണിക്കാതെ രഹസ്യ കൂടിക്കാഴ്ച പോലെ മനഃപൂർവം കാണിക്കുകയാണ് ചെയ്തിരിക്കുന്നത്.''-തരൂർ ചൂണ്ടിക്കാട്ടി.

ചന്ദ്രയാൻ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റെന്ന് പേരിട്ടതിൽ എക്‌സിലൂടെയാണ് മഹുവ പരിഹസിച്ചിരുന്നത്. 'മോദി ചന്ദ്രനിലെ ചില ഭാഗങ്ങൾക്ക് തിരംഗ എന്നും ശിവശക്തി എന്നും പേരിട്ടിരിക്കുകയാണ്. അടുത്തത് റിയൽ എസ്റ്റേറ്റ് മേഖലയിലേക്കുള്ള അദാനിയുടെ വരവായിരിക്കും. ചന്ദ്രനിൽ ഭൂമിക്കു മുഖാമുഖമുള്ള ഫ്ളാറ്റുകൾ നിർമിക്കാനുള്ള അവകാശം ഒരു ടെണ്ടറും ക്ഷണിക്കാതെ (അദാനിക്കു മാത്രമായി) ലഭിക്കും. (അവിടെ) മുസ്ലിംകൾക്ക് പ്രവേശനമുണ്ടാകില്ല. ശുദ്ധ വെജിറ്റേറിയൻ താമസക്കാർ മാത്രം.''-'എക്സി'ൽ കുറിച്ച പോസ്റ്റിൽ മഹുവ കുറിച്ചു.

വ്യവസായിയിൽ നിന്ന് ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ മഹുവയെ പുറത്താക്കണമെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നുമാണ് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിൽ ഉന്നയിച്ചിരുന്നത്. റിപ്പോർട്ട് ചർച്ച ചെയ്യാൻ 30 മിനിറ്റ് സമയമാണ് സീപിക്കർ അനുവദിച്ചിരുന്നത്. അതേസമയം റിപ്പോർട്ട് പഠിക്കാൻ കൂടുതൽ സമയം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. അഞ്ഞൂറോളം പേജുള്ള റിപ്പോർട്ട് രണ്ട് മണിക്കൂറിനുള്ളിൽ പഠിക്കാൻ കഴിയില്ലെന്ന് കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് അധിർരഞ്ജൻ ചൗധരി പറഞ്ഞു.

അതേസമയം മഹുവക്ക് സംസാരിക്കാൻ അനുമതി നൽകണമെന്ന തൃണമൂൽ കോൺഗ്രസിന്റെ ആവശ്യം സ്പീക്കർ നിഷേധിച്ചു. മഹുവ പാസ് വേർഡ് കൈമാറുന്നതിലൂടെ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ് ചെയതത്. മഹുവയെ പുറത്താക്കണം. മഹുവക്കെതിരെ കേന്ദ്ര സർക്കാർ അന്വേഷണം നടത്തണം എന്നീ നിർദേശങ്ങളാണ് എത്തിക്‌സ് കമ്മറ്റി റിപ്പോർട്ടിലുണ്ടായിരുന്നത്.

മഹുവയുടെ പാർലമെന്റ് യൂസർ ഐ.ഡിയും പാസ്വേഡും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചെന്നാണ് ഐ.ടി മന്ത്രാലയത്തിന്റെ കണ്ടെത്തൽ. ന്യൂജഴ്സി, ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽനിന്ന് ഒരേസമയം ലോഗിൻ നടന്നുവെന്നും വ്യവസായി ഹിരാനന്ദാനിയുടെ മുംബൈ ഓഫീസിൽ മാത്രമാണ് ഉപയോഗിച്ചതെന്ന മഹുവയുടെ വാദം തെറ്റാണെന്നും ഐ.ടി മന്ത്രാലയത്തിന്റെ റിപ്പോർട്ട് പറഞ്ഞിരുന്നു.

ഗൗതം അദാനി ഗ്രൂപ്പിനെക്കുറിച്ച് പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കാൻ ഹിരനന്ദാനി ഗ്രൂപ്പ് സി.ഇ.ഒ ദർശൻ ഹിരനന്ദാനിയിൽനിന്ന് മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്നാണ് ആരോപണം. അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രായിയെ ഉദ്ധരിച്ചാണ് നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കർ ഓം ബിർലക്ക് പരാതി നൽകിയിരുന്നത്.

അതേസമയം, ബിജെപിയുടെ അവസാനത്തിന്റെ തുടക്കമാണിതെന്നാണ് തന്നെ പുറത്താക്കിയതിനെ കുറിച്ച് മഹുവാ മൊയ്ത്ര പ്രതികരിച്ചത്. ഒരു തെളിവുമില്ലാതെയാണ് തനിക്കെതിരെ നടപടി എടുത്തതെന്നുംമോദിക്കെതിരെ ഇനിയും സംസാരിക്കുമെന്നും അവർ പറഞ്ഞു.

Who is Mahua Moitra?

Similar Posts