India
മയക്കുമരുന്ന് മാഫിയയുടെ പേടിസ്വപ്നം... ആരാണ് സമീര്‍ വാങ്കഡെ?
India

മയക്കുമരുന്ന് മാഫിയയുടെ പേടിസ്വപ്നം... ആരാണ് സമീര്‍ വാങ്കഡെ?

Web Desk
|
3 Oct 2021 9:18 AM GMT

രണ്ട് വര്‍ഷത്തിനിടെ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എന്‍സിബി സംഘം 17,000 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്.

മുംബൈയിലെ ആഡംബര കപ്പലിലെ ലഹരിവേട്ടയ്ക്ക് പിന്നാലെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിലാണ് വാങ്കഡെ വാര്‍ത്തകളില്‍ നിറഞ്ഞത്. രണ്ട് വര്‍ഷത്തിനിടെ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എന്‍സിബി സംഘം 17,000 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്.

ഐ.ആര്‍.എസിലെ 2008 ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു വാങ്കഡെ. മുംബൈ ഇന്‍റര്‍നാഷണല്‍‌ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യുന്നതിനിടെ നികുതി വെട്ടിപ്പ് കേസുകളില്‍ സെലിബ്രിറ്റികളെ ഉള്‍പ്പെടെ പിടികൂടിയിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍നിന്ന് കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് കൃത്യമായ നികുതി ഈടാക്കാതെ വിട്ടുനല്‍കിയിരുന്നില്ല. 2013ല്‍ മുംബൈ വിമാനത്താവളത്തില്‍വെച്ച് ഗായകന്‍ മിക സിങ്ങിനെ വിദേശ കറന്‍സിയുമായി പിടികൂടിയത് ഒരുദാഹരണമാണ്. 2011ലെ ക്രിക്കറ്റ് ലോകകപ്പ് സ്വര്‍ണക്കപ്പ് പോലും മുംബൈ വിമാനത്താവളത്തില്‍നിന്ന് വിട്ടുനല്‍കിയത് കസ്റ്റംസ് ഡ്യൂട്ടി അടച്ചതിനുശേഷമാണ്. മഹാരാഷ്ട്ര സര്‍വീസ് ടാക്‌സ് വിഭാഗത്തില്‍ ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്യവേ നികുതി അടയ്ക്കാത്തതിന് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. വാങ്കഡെ പിന്നീട് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍‌ ഏജന്‍സിയില്‍ അഡിഷണല്‍ എസ്.പിയും ഡിആര്‍ഐയില്‍ ജോയിന്‍റ് കമ്മീഷണറായും പ്രവര്‍ത്തിച്ചു. അതിനു ശേഷമാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടറായത്.

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ച കേസിന് പിന്നാലെ ബോളിവുഡും ലഹരി മാഫിയയും തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന അന്വേഷണം നടന്നത് വാങ്കഡെയുടെ നേതൃത്വത്തിലാണ്. ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറ അലിഖാന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്തു. താരങ്ങളെ ചോദ്യംചെയ്തെങ്കിലും ആ കേസില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. സുശാന്ത് രാജ്പുതിന്‍റെ കേസാകട്ടെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപി ശ്രമിക്കുകയും ചെയ്തു. പക്ഷേ മുംബൈ കേന്ദ്രീകരിച്ചുള്ള ചില മയക്കുമരുന്ന് കച്ചവടക്കാര്‍ പിടിയിലായി. വാങ്കഡെയാണ് ഈ ഓപ്പറേഷനുകള്‍ക്ക് നേതൃത്വം വഹിച്ചത്. വാങ്കഡെക്കെതിരെ മയക്കുമരുന്ന് മാഫിയയുടെ ആക്രമണവും ഉണ്ടായിട്ടുണ്ട്. മുംബൈയില്‍ കാരി മാൻഡിസ് എന്ന ലഹരിക്കടത്തുകാരനെ അറസ്റ്റ് ചെയ്യാൻ പോയപ്പോഴായിരുന്നു ആക്രമണം. വാങ്കഡെയുടെ കൂടെയുണ്ടായിരുന്ന രണ്ട് എൻസിബി ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു.

ഇപ്പോള്‍ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഉള്‍പ്പെടെയുള്ളവരെ മുംബൈയിലെ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യുകയാണ് വാങ്കഡെ. ഫാഷന്‍ ടിവി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ കാഷിഫ് ഖാന്‍റെ നേതൃത്വത്തിലാണ് മുംബൈയിലെ കോര്‍ഡേലിയ എന്ന ആഡംബര കപ്പലില്‍ മൂന്ന് ദിവസത്തെ സംഗീത യാത്ര പുറപ്പെട്ടത്. ബോളിവുഡ്, ഫാഷൻ, ബിസിനസ് മേഖലകളിലുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘാടകരുടെ ക്ഷണപ്രകാരമാണ് ആര്യന്‍ ഖാന്‍ എത്തിയതെന്നാണ് വിവരം. കപ്പലില്‍ നിരോധിത ലഹരി മരുന്നുകളുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എന്‍സിബി ഉദ്യോഗസ്ഥരും യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറുകയായിരുന്നു എന്നാണ് എന്‍സിബി വൃത്തങ്ങള്‍ പറയുന്നത്. കപ്പല്‍ നടുക്കടലില്‍ എത്തിയതോടെയാണ് എന്‍സിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. എംഡിഎംഎ, കൊക്കെയിന്‍ തുടങ്ങിയ ലഹരിവസ്തുക്കള്‍ പിടികൂടിയെന്ന് എന്‍സിബി സംഘം വ്യക്തമാക്കി.

Similar Posts