ബി.ജെ.പിയെ തറപറ്റിച്ച 'സൈലന്റ് കില്ലർ'; 'മിഷന് 2024'ന് സോണിയ വിശ്വാസമര്പ്പിച്ച കോൺഗ്രസിന്റെ തന്ത്രജ്ഞൻ സുനിൽ കനഗോലു
|മാധ്യമഭ്രമം ഒട്ടുമില്ല, ഫോട്ടോഷൂട്ടുകളിൽ കാണില്ല, ലോബിയിങ്ങിനില്ല, ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ തപ്പിയാൽ അക്കൗണ്ട് പോലും കാണാനാകില്ല. എപ്പോഴും തിരശ്ശീലയ്ക്കു പിന്നിലിരുന്ന് തന്ത്രങ്ങളൊരുക്കാനാണ് താല്പര്യം. അതാണ് സുനിൽ കനഗോലു, അങ്ങനെയാണ് സുനില് സ്റ്റൈല്
ബംഗളൂരു: രണ്ടു മാസംമുൻപാണ്. ബംഗളൂരുവിലെ 150 വർഷത്തോളം പഴക്കമുള്ള അതിപ്രശസ്ത ആഡംബര ഹോട്ടലുകളിലൊന്നായ താജ് വെസ്റ്റ് എൻഡിന്റെ ലോബി. സ്ഥാനാർത്ഥി കുപ്പായമിട്ട കോൺഗ്രസ് നേതാക്കളുടെ നീണ്ടനിരയുണ്ട് അവിടെ. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല അകത്തുണ്ട്. അദ്ദേഹത്തെ നേരിൽകാണാനുള്ള കാത്തിരിപ്പായിരുന്നു അത്.
തൂവെള്ള നിറത്തിലുള്ള നീളൻ ജുബ്ബയും ഖദർ വസ്ത്രവും ധരിച്ച കോൺഗ്രസ് നേതാക്കൾക്കിടയിലൂടെ ആരും ശ്രദ്ധിക്കാതെ ഒരാൾ അകത്തേക്കു കടന്നുപോയി. നരപിടിച്ച താടി. കണ്ണട. അലസമായിക്കിടക്കുന്ന മുടി. വസ്ത്രവും ഏറെക്കുറെ അതെ. ആരും ശ്രദ്ധിക്കാതിരിക്കാൻ വേറെ കാരണം വേണ്ടല്ലോ..! എന്നാൽ, കോൺഗ്രസ് വി.ഐ.പി പട കാത്തുകെട്ടിക്കിടന്ന സുർജേവാലയുടെ മുറിയിലേക്കായിരുന്നു അയാൾ നടന്നുപോയത്.
*******
കർണാടകയിൽ കോൺഗ്രസിന്റെ ചരിത്രവിജയത്തിനു പിന്നിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച ബുദ്ധികേന്ദ്രമായിരുന്നു അയാൾ; സുനിൽ കനുഗോലു. എന്തോ മാജിക്ക് പോലെ അപ്രതീക്ഷിതമായി വീണുകിട്ടിയ വിജയമായിരുന്നില്ല കോൺഗ്രസിനിത്. കൃത്യമായ ആസൂത്രണത്തിന്റെയും ആലോചനയുടെയും അതിലേറെ ചടുലമായ ആക്ഷന്റെയും ഫലപ്രാപ്തിയാണിത്.
ഈ തെരഞ്ഞെടുപ്പുവിജയത്തിൽ സുനിലിന്റെ റോൾ എത്രത്തോളമുണ്ടെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവിന്റെ വാക്കുകൾ തന്നെ വെളിപ്പെടുത്തുന്നു: 'കഴിഞ്ഞ എട്ടു മാസത്തിനിടെ എട്ടു സർവേകളാണ് ഞങ്ങൾ നടത്തിയത്. സുനിൽ കനുഗോലുവിന്റെ ടീം നടത്തിയ ഈ സർവേകളുടെ അടിസ്ഥാനമാക്കിയാണ് സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തത്. സർവേയുടെ അടിസ്ഥാനത്തിൽ 70 ഹോട്ട് സീറ്റുകൾ കണ്ടെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കോൺഗ്രസ് നിരീക്ഷകരെ ഓരോ മണ്ഡലത്തിന്റെയും ചുമതലയേൽപ്പിച്ചു എ.ഐ.സി.സി നേതൃത്വം.'
സോണിയ, രാഹുല് മീറ്റ്; 'മിഷൻ 2024'ലേക്ക്
കഴിഞ്ഞ വർഷം മേയിലാണ് അന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി 'മിഷൻ 2024' എന്ന സുപ്രധാനദൗത്യസംഘത്തിലേക്ക് സുനിൽ കനുഗോലുവിനെ കൊണ്ടുവരുന്നത്. വെറ്ററൻ നേതാക്കളായ പി. ചിദംബരം, മുകുൾ വാസ്നിക്, ജയറാം രമേശ്, അജയ് മാക്കൻ എന്നിവർക്കു പുറമെ കെ.സി വേണുഗോപാൽ, പ്രിയങ്ക വാദ്ര, രൺദീപ് സിങ് സുർജേവാല എന്നിവർ ഉൾപ്പെടുന്നതായിരുന്നു സംഘം. അതിലേക്കാണ് സുനിലും എത്തുന്നത്.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ എ.ഐ.സി.സി യോഗത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത് വാർത്തകളിൽ നിറഞ്ഞത് തൊട്ടുമുൻപായിരുന്നു. കോൺഗ്രസിന്റെ 2024 മിഷൻ പ്രശാന്ത് ഏറ്റെടുക്കുന്നതായുള്ള വാർത്തകൾ വന്നിരുന്നു അന്ന്. പ്രശാന്ത് കോൺഗ്രസ് പ്രവർത്തകസമിതിയിലേക്കെന്നു വരെ റിപ്പോർട്ടുകൾ നുീണ്ടു. എന്നാൽ, അഭിപ്രായഭിന്നതകളെത്തുടർന്ന് ദൗത്യം ഉപേക്ഷിച്ച് പ്രശാന്ത് വേർപിരിയുന്നതാണ് പിന്നീട് കണ്ടത്.
ഇതിനു പിറകെയാണ് ആരും അറിയാതെ സുനിൽ കോൺഗ്രസ് ദൗത്യസംഘത്തിന്റെ ഭാഗമാകുന്നത്. പ്രശാന്തിനെപ്പോലെ അതു വാർത്തയായില്ല. വാർത്തയാകുകയുമില്ലെന്നതു തന്നെയാണ് സുനിൽ ബ്രാൻഡ്. മാധ്യമഭ്രമമില്ല, ഫോട്ടോഷൂട്ടുകളിൽ കാണില്ല, ലോബിയിങ്ങിനില്ല, ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ തപ്പിയാൽ അക്കൗണ്ട് പോലും കാണാനാകില്ല. വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള കൊതി പോയിട്ട്, നാലുകോളം പത്രപ്പടങ്ങളിൽ വരെ നിങ്ങൾക്ക് അയാളെ കണ്ടെത്താനാകില്ല. 'സൈലന്റ് കില്ലർ' എന്നു വേണമെങ്കിൽ അക്ഷരാർത്ഥത്തിൽ പറയാം.
മോദി, അമിത് ഷാ, സ്റ്റാലിൻ
പ്രശാന്ത് കിഷോറിന്റെ ഐ-പാക് സംഘത്തിലുണ്ടായിരുന്നു സുനിൽ. 2014ൽ നരേന്ദ്ര മോദിയെ അധികാരത്തിലേക്ക് നയിച്ച 'ബുദ്ധിരാക്ഷസ' സംഘത്തിലെ പ്രധാനി. എന്നാൽ, പ്രശാന്തിൽനിന്ന് നേർവിരുദ്ധമായ സ്വഭാവസവിശേഷത തന്നെയാകും കാരണം, ഐ-പാക് സംഘം വിട്ട് സുനിൽ 'മൈൻഡ്ഷെയർ' എന്ന പേരിൽ സ്വന്തമായി ഇലക്ഷൻ സ്ട്രാറ്റജി സംഘം ആരംഭിച്ചു.
2016ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഇതിനുശേഷം ലഭിച്ച ആദ്യത്തെ സുപ്രധാന ദൗത്യം. ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കിയായിരുന്നു സുനിലിന്റെ വരവ്. 'നമക്കു നാമേ' എന്ന മുദ്രാവാക്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണം അധികാരം പിടിക്കാൻ ഡി.എം.കെയെ സഹായിച്ചില്ലെങ്കിലും തമിഴ്നാടിന്റെ ഹൃദയത്തിൽ 'സ്റ്റാലിൻ ബ്രാൻഡ്' പതിപ്പിച്ചാണ് അവസാനിച്ചത്. സ്റ്റാലിന്റെ പ്രതിച്ഛായ പതിന്മടങ്ങ് ഉയർത്തി തെരഞ്ഞെടുപ്പ് കാംപയിൻ. ഡി.എം.കെ തോറ്റെങ്കിലും ഉരുക്കുനേതാവായുള്ള സ്റ്റാലിന്റെ വളർച്ചയായിരുന്നു അത്.
അടുത്തത് അമിത് ഷായുടെ വിളിയാണ് സുനിലിനെ തേടിയെത്തിയത്. 2018 ഫെബ്രുവരിയിലായിരുന്നു ഡൽഹിയിൽ വച്ച് അമിത് ഷാ-സുനിൽ കനുഗോലു കൂടിക്കാഴ്ച. തൊട്ടുടനെ നടന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക തെരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പി കാംപയിനിന്റെ ആസൂത്രണച്ചുമതലയാണ് അന്ന് അമിത് ഷാ കൈമാറിയത്.
2019ൽ വീണ്ടും തമിഴ്നാട്ടിൽ, ഡി.എം.കെ ക്യാംപിലേക്ക് മടക്കം. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പായിരുന്നു ഊഴം. തമിഴ്നാട്ടിൽ 39ൽ 38 മണ്ഡലവും പിടിച്ചെടുക്കാൻ ഡി.എം.കെ നേതൃത്വത്തിലുള്ള യു.പി.എ മുന്നണിയെ സഹായിച്ചു സുനിൽ. എന്നാൽ, 2021ല് ഡി.എം.കെ പ്രശാന്ത് കിഷോറിന്റെ രംഗത്തിറക്കാൻ ശ്രമിച്ചത് ചൊടിപ്പിച്ചു, സുനിൽ സ്റ്റാലിനോട് ബൈ പറഞ്ഞു പിരിഞ്ഞു. പിന്നാലെ ഡി.എം.കെയുടെ മറുകണ്ടത്തേക്കു ചാടിയെങ്കിലും എ.ഐ.ഡി.എം.കെയെ കാത്തിരുന്ന അനിവാര്യമായ ദുരന്തം തടയാൻ അദ്ദേഹത്തിനായില്ല.
ഇതേ വർഷമാണ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ആദ്യമായി സുനിലിനെ കാണുന്നത്. ഇവർ തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെ കർണാടകയിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കാൻ അദ്ദേഹത്തിന്റെ 'മൈൻഡ്ഷെയറി'നെ ചുമതലപ്പെടുത്തുകയും ചെയ്തു. ആ വിശ്വാസത്തിനു പുറത്താണ് ഇപ്പോൾ 'മിഷൻ 2024' എന്ന അഭിമാനപോരാട്ടത്തിനായി കോൺഗ്രസ് സുനിലിന്റെ സഹായം തേടിയിരിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ ഉയർത്തുകയും കോൺഗ്രസിനു നവജീവൻ പകരുകയും ചെയ്ത ഭാരത് ജോഡോ യാത്രയുടെ ആസൂത്രണത്തിനു പിന്നിൽ സുനിലുണ്ടായിരുന്നു. മിഷൻ 2024ൽ കർണാടക എന്ന ആദ്യ ഓപറേഷൻ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. കർണാടക മുഖ്യമന്ത്രിമായിരുന്ന ബസവരാജ് ബൊമ്മൈയ്ക്ക് നേരിട്ട് പരിചയമുള്ളയുണ്ട് സുനിലിനെ. കോൺഗ്രസ് ക്യാംപിലുണ്ടെന്ന അപായമണി ലഭിച്ച് ബൊമ്മൈ സുനിലിനെ പ്രലോഭിപ്പിച്ച് പുറത്തുചാടിക്കാൻ നോക്കിയിരുന്നു. എന്നാൽ, പ്രലോഭനങ്ങളെല്ലാം തള്ളിക്കളഞ്ഞ് കോൺഗ്രസ് വിശ്വസിച്ച് ഏൽപിച്ച ഉത്തരവാദിത്തത്തിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചിരിക്കുന്നു.
സിംപിൾ സുനിൽ സ്റ്റൈൽ
കർണാടകയിലെ ബെല്ലാരിക്കാരനാണെങ്കിലും ചെന്നൈയിലാണ് ജനിച്ചതും വളർന്നതുമെല്ലാം. പഠനം യു.എസിലും. ബഹുരാഷ്ട്ര മാനേജ്മെന്റ് കൺസൾട്ടിങ് കമ്പനിയായ മക്കിൻസിയിൽ പ്രവർത്തിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്.
'എന്റെ ശൈലി സിംപിളാണ്. പബ്ലിറ്റിയോ പതക്കമോ ഒന്നും വേണ്ട എനിക്ക്. എന്നെ പണി ഏൽപിച്ചവർക്ക് എന്നെ അറിയാം. മറ്റുള്ളവരെക്കുറിച്ച് ഞാൻ ചിന്തിക്കുന്നേയില്ല.'-ഒരു ദേശീയ അഭിമുഖത്തോട് സുനിൽ പറഞ്ഞതാണിത്.
ഇപ്പോൾ സുനിലിന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം പോലും അദ്ദേഹത്തിന്റെ സഹോദരന്റേതാണെന്നാണ് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞത്. അഥവാ, ഗൂഗിളിലും സോഷ്യൽ മീഡിയിയിലുമെല്ലാം തപ്പിയാൽ പോലും അദ്ദേഹത്തിന്റെയൊരു പടം പോലും കിട്ടാൻ ബുദ്ധിമുട്ടാണ്. അതാണ് സുനിൽ സ്റ്റൈൽ. എപ്പോഴും തിരശ്ശീലയ്ക്കു പിന്നിൽ, വലിയ തന്ത്രങ്ങളുടെ ആശാനായി.
Summary: Who is poll strategist Sunil Kanugolu, the key player behind the Congress victory in Karnataka Assembly Election?