'റാറ്റ് ഹോൾ മൈനേഴ്‌സ്'; എലികളെപ്പോലെ തുരന്നിറങ്ങിയ സിൽക്യാര ദൗത്യത്തിലെ ഹീറോകൾ
|അമേരിക്കൻ നിർമിത ഓഗർ യന്ത്രം പണിമുടക്കിയതോടെ രക്ഷാദൗത്യത്തിൽ നിർണായകമായത് റാറ്റ് ഹോൾ മൈനേഴ്‌സിന്റെ സേവനമാണ്.
17 ദിവസത്തിന് ശേഷം ഉത്തരാഖണ്ഡിലെ സിൽക്യാര ദുരങ്കത്തിൽ മരണത്തെ മുഖാമുഖം കണ്ട തൊഴിലാളികൾ പുതുജീവിതത്തിലേക്ക് മടങ്ങിയത് രാജ്യത്തിന് വലിയ ആശ്വാസ വാർത്തയായിരുന്നു. അമേരിക്കൻ നിർമിത ഓഗർ യന്ത്രം പണിമുടക്കിയതോടെ രക്ഷാദൗത്യത്തിൽ നിർണായകമായത് റാറ്റ് ഹോൾ മൈനേഴ്‌സിന്റെ സേവനമാണ്. 15 മീറ്റർ ദൂരം വെറും കയ്യാൽ, തങ്ങളുടെ തനത് ഉപകരണങ്ങൾകൊണ്ട് തുരന്നത് റാറ്റ് മൈനേഴ്‌സാണ്.
മുന്ന ഖുറേഷി, മോനു കുമാർ, വഖീൽ ഖാൻ, ഫിറോസ് ഖുറേഷി, നാസിർ ഖാൻ, ജതിൻ, ദേവന്ദർ കുമാർ, ഇർഷാദ് അൻസാരി, റാഷിദ് അൻസാരി, നസീം മാലിക്, സൗരഭ്, അങ്കൂർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മൂന്നു പേർ വീതമുള്ള രണ്ട് ടീമുകളായി ആറു പേരും 24 മണിക്കൂർ നേരം മാറി മാറിയാണ് തുരങ്കം നിർമിച്ചത്. ഒരാൾ തുരക്കുമ്പോൾ രണ്ടാമത്തെയാൾ പാറക്കഷ്ണങ്ങളും പൊടിയും പൈപ്പിലേക്ക് മാറ്റി. മൂന്നാമത്തെയാൾ അവ പുറത്തേക്ക് വലിച്ചിട്ടു. 29 കാരനായ മുന്ന ഖുറേഷിയാണ് ആദ്യം തൊഴിലാളികളുടെ അടുത്തെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് അവസാന പാറക്കഷ്ണവും നീക്കി തൊഴിലാളികളുടെ അടുത്തെത്തിയപ്പോൾ അവർ തന്നെ കുടുംബാഗംത്തെപ്പോലെ കെട്ടിപ്പിടിച്ചെന്ന് മുന്ന പറയുന്നു.
രണ്ടരയടി വ്യാസമുള്ള കുഴലുകളിൽപ്പോലും നുഴഞ്ഞുകടന്ന് മണ്ണുതുരന്ന് അഞ്ചുമുതല്‍ 100 മീറ്റർവരെ ആഴത്തിലുള്ള തുരങ്കങ്ങള്‍ നിർമിക്കുന്നവരാണ് റാറ്റ് ഹോള്‍ മൈനേഴ്‌സ്. എലികള്‍ തുരക്കുന്നതിനു സമാനമായാണ് ഇവരും ദുര്‍ഘടംപിടിച്ച മേഖലകളിലേക്ക് തുരന്നിറങ്ങുന്നത്. അതുകൊണ്ടാണ് ‘റാറ്റ്-ഹോൾ മൈനേഴ്സ് എന്ന് വിളിക്കപ്പെടുന്നത്. അത്യന്തം അപടകരമായ ഈ തുരക്കല്‍രീതി 2014ല്‍ ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചതാണ്. എന്നാൽ, ഇത്തരം സാഹചര്യങ്ങൾ പലപ്പോഴും രക്ഷാപ്രവർത്തനത്തിനായി ഇവരുടെ സഹായം തേടാറുണ്ട്.
ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് നൂണ്ട് കയറാന്‍ സാധിക്കുന്ന ചെറിയ തുരങ്കങ്ങള്‍ നിര്‍മിക്കുന്നതാണ് റാറ്റ് മൈനേഴ്സിന്റെ ജോലി. ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ നിന്നാണ് റാറ്റ് മൈനിങ് സംഘം ഉത്തരകാശിയിലേക്ക് രക്ഷാദൗത്യത്തിനായി എത്തിയത്. ഇടുങ്ങിയതും ലംബവുമായ കുഴികളിലൂടെയും ദ്വാരങ്ങളിലൂടെയും സഞ്ചരിക്കാന്‍ റാറ്റ് മൈനിങ് തൊഴിലാളികള്‍ക്ക് പ്രത്യേക കഴിവുതന്നെയുണ്ട്. സാങ്കേതിക ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ 100 അടി താഴ്ച്ചയിലേക്ക് വരെ ഇറങ്ങാന്‍ സംഘത്തിലെ തൊഴിലാളികള്‍ക്ക് സാധിക്കും.
കല്‍ക്കരിക്ക് പ്രസിദ്ധമായ മേഘാലയയിലെ പര്‍വതനിരകളിലാണ് റാറ്റ് മൈനിങ് തൊഴിലാളികള്‍ എന്ന വിഭാഗം രൂപംകൊള്ളുന്നത്. അനധികൃത കല്‍ക്കരി ഖനികളിൽ ഇവർ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. കയറും മുളങ്കമ്പുകളും ഉപയോഗിച്ചാണ് ഇവര്‍ തുരങ്കങ്ങൾ ഉണ്ടാക്കിയിരുന്നത്. സുരക്ഷാ മുന്‍കരുതലുകള്‍ യാതൊന്നും ഇല്ലാതെ, അശാസ്ത്രീയമായി നിര്‍മിച്ച ഇത്തരം തുരങ്കങ്ങള്‍ മരണക്കെണികളായതോടെയാണ് റാറ്റ് മൈനിങ് നിരോധിക്കുന്നത്.