സിദ്ദുവിന് പിന്നാലെ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി റസിയ സുൽത്താന; ആരാണിവർ?
|സിദ്ദുവിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രാജി
അമൃത്സർ: നവ്‌ജ്യോത് സിങ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് റസിയ സുൽത്താനയുടെ രാജി. മന്ത്രിസ്ഥാനം ഏറ്റെടുത്ത് രണ്ടു ദിവസത്തിനകമാണ് ഇവർ സ്ഥാനം രാജിവച്ചത്. സിദ്ദുവിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രാജി.
'നയങ്ങളുള്ള ആളാണ് സിദ്ദു സാഹബ്. പഞ്ചാബിനും പഞ്ചാബിയ്യത്തിനും വേണ്ടി സംസാരിക്കുന്ന നേതാവ്'- എന്നാണ് റസിയ പിസിസി മുൻ അധ്യക്ഷനെ വിശേഷിപ്പിച്ചത്. രാജിക്കു പിന്നാലെ ഇവർ സിദ്ദുവിന്റെ വീട്ടിലെത്തി ഭാവികാര്യങ്ങൾ ചർച്ച ചെയ്തു. നേരത്തെ, സിദ്ദുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിസിസി ട്രഷറർ ഗുൽസാർ ഇന്ദർ ചഹലും രാജി വച്ചിരുന്നു.
ആരാണ് റസിയ സുൽത്താന
117 അംഗ പഞ്ചാബ് നിയമസഭയിലെ ഏക മുസ്‌ലിം ജനപ്രതിനിധിയാണ് റസിയ സുൽത്താന. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ മലർകോട്‌ലയിൽ നിന്നാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം തവണയാണ് ഇവർ സഭയിലെത്തുന്നത്. 2017ലെ തെരഞ്ഞെടുപ്പിൽ അകാലിദളിലെ മുഹമ്മദ് ഉവൈസിനെ 12000 ത്തിലേറെ വോട്ടുകൾക്കാണ് റസിയ സുല്‍ത്താന തോൽപ്പിച്ചത്.
അഞ്ചു ധീരതാ പുരസ്‌കാരങ്ങൾ നേടിയ പഞ്ചാബ് മുൻ ഡിജിപി മുഹമ്മദ് മുസ്തഫയുടെ ഭാര്യയാണ്. 2002, 2007 വർഷത്തിലാണ് ഇവര്‍ നേരത്തെ മലർകോട്‌ലയെ സഭയില്‍ പ്രതിനിധീകരിച്ചത്.
അതിനിടെ, മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ഡൽഹിയിലെത്തി. അദ്ദേഹം നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്. എന്നാൽ തന്റെ സുഹൃത്തുക്കളെ കാണാൻ വേണ്ടി മാത്രമാണ് ഡൽഹിയിലെത്തിയതെന്ന് അമരീന്ദർ പറഞ്ഞു.