India
സുവർണ ക്ഷേത്രത്തിൽ വെച്ച് രാഹുൽ ഗാന്ധിയുടെ പോക്കറ്റടിച്ചതാരാണ്; ഹർസിമ്രത് കൗർ
India

സുവർണ ക്ഷേത്രത്തിൽ വെച്ച് രാഹുൽ ഗാന്ധിയുടെ പോക്കറ്റടിച്ചതാരാണ്; ഹർസിമ്രത് കൗർ

Web Desk
|
30 Jan 2022 4:31 AM GMT

സംഭവത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ അവർ തയ്യാറായില്ല

സുവർണ ക്ഷേത്രത്തിൽ വെച്ച് രാഹുൽഗാന്ധിയുടെ പോക്കറ്റ് അടിച്ചതാരാണെന്ന ചോദ്യവുമായി മുൻ കേന്ദ്ര മന്ത്രിയും ശിരോമണി അകാലി ദൾ എം.പിയുമായ ഹർസിമ്രത് കൗർ. ട്വിറ്ററിലൂടെയാണ് അവർ ഇക്കാര്യം ഉന്നയിച്ചത്. ബുധനാഴ്ച ഒരു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി പഞ്ചാബിലെത്തിയത്. അദ്ദേഹം സുവർണക്ഷേത്രത്തിലെത്തി പുഷ്പാർച്ചനയും നടത്തിയിരുന്നു. മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി, നവ്‌ജോത് സിദ്ദു, ഉപമുഖ്യമന്ത്രിമാരായ സുഖ്ജീന്ദർ സിംഗ് രൺധാവ എന്നിവരോടൊപ്പമാണ് അദ്ദേഹം സിഖ് ആരാധനാലയം സന്ദർശിച്ചത്. അന്നു വൈകിട്ട് ജലന്ധർ സന്ദർശിച്ച രാഹുൽ ഗാന്ധി ഒരു വെർച്വൽ റാലിയെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.

ഇതിന് ശേഷമാണ് ഹർസിമ്രത് കൗറിന്റെ ട്വിറ്റർ പോസ്റ്റ്.

' സുവർണക്ഷേത്രത്തിൽ വെച്ച് രാഹുൽ ഗാന്ധിയുടെ പോക്കറ്റ് അടിച്ചതാരാണ്. ചരൺജിത്ഛന്നിയോ, നവ്‌ജോത് സിദ്ദുവോ അല്ലെങ്കിൽ രൺധാവയോ ? ഇസഡ് സെക്യൂരിറ്റിയുള്ള രാഹുൽ ഗാന്ധിയുടെ അടുത്ത് നിൽക്കാൻ മൂന്ന് പേർക്ക് മാത്രമായിരുന്നു അനുവാദമുണ്ടായിരുന്നത്. ബീ അദ്ബി സംഭവത്തിന് ശേഷം വിശുദ്ധ ദേവാലയത്തിന് കളങ്കമുണ്ടാക്കാനുള്ള ഒരു ശ്രമം കൂടിയാണിത്' എന്നുമായിരുന്നു ഹർസിമ്രത് കൗർ ട്വീറ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് കൂടുതലൊന്നും പറയാൻ അവർ തയ്യാറായില്ല.

എന്നാൽ ഹർസിമ്രതിന്റെ ട്വീറ്റിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഇത്തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അപഹാസ്യമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചു. രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം ഉത്തരവാദിത്തവും പക്വതയും കാണിക്കണമെന്നും സുർജേവാല ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. നരേന്ദ്ര മോദി മന്ത്രിസഭയുടെ ഭാഗമാകുകയും കാർഷിക ഓർഡിനൻസുകൾക്ക് അംഗീകാരം നൽകുകയും ചെയ്യുന്നത് കഠിനാധ്വാനികളായ കർഷകരുടെ പോക്കറ്റ് മുറിക്കുന്നതിന് തുല്യമാണെന്നും സുർജേവാല പരിഹസിച്ചു. ഹർസിമ്രതിന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ചായിരുന്നു ഭക്ഷ്യസംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രി സ്ഥാനം ഹർസിമ്രത് കൗർ രാജിവെച്ചത്. കേന്ദ്രമന്ത്രിസഭയിലെ ഏക ശിരോമണി അകാലി ദൾ മന്ത്രികൂടിയായിരുന്നു അവർ.

Similar Posts