ഛത്തിസ്ഗഢിന് മുഖ്യമന്ത്രി ഒബിസി, ഗോത്ര വിഭാഗങ്ങളിൽ നിന്ന്? ബിജെപിയുടെ കണക്കുകൂട്ടലുകൾ എന്ത്?
|ഒബിസി വിഭാഗത്തിൽ നിന്നൊരാളെയാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെങ്കിൽ അരുൺ സാവോയ്ക്കായിരിക്കും പ്രഥമ പരിഗണന
ഛത്തീസ്ഗഢിലെ കോൺഗ്രസിന്റെ ആത്മവിശ്വാസം പാടേ തകർത്ത് വൻ വിജയത്തിലേക്കാണ് ബിജെപിയുടെ കുതിപ്പ്. കോൺഗ്രസിന്റെ കരുത്തുറ്റ കോട്ടകൾ പോലും തകർത്ത് 15ൽ നിന്ന് 56 സീറ്റിൽ ബിജെപി മുന്നേറുമ്പോൾ ഉയരുന്ന പ്രധാന ചോദ്യമാണ് ഒബിസി, ഗോത്ര വിഭാഗങ്ങളിൽ നിന്ന് ഒരു ബിജെപി മുഖ്യമന്ത്രി ഛത്തീസ്ഗഢിനുണ്ടാകുമോ എന്നത്. ഇതിനെക്കുറിച്ചുള്ള ചർച്ചകളും നേതൃതലത്തിൽ പുരോഗമിക്കുകയാണ്.
ഛത്തീസ്ഗഢിൽ മുഖ്യമന്ത്രി പദത്തിലേക്കായി ബിജെപി കരുതി വച്ചിരിക്കുന്ന ചില സ്ഥാനാർഥികളെ നോക്കാം
വിഷ്ണു ദിയോ സായ്
ഗോത്ര വിഭാഗത്തിൽ നിന്നൊരു മുഖ്യമന്ത്രിയെ ബിജെപി ഛത്തീസ്ഗഢിനായി തെരഞ്ഞടുക്കുകയാണെങ്കിൽ അതിന് ഏറ്റവും സാധ്യതയുള്ള ആളാണ് വിഷ്ണു ദിയോ സായ്. ഛത്തീസ്ഗഢിൽ ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമാണ് അദ്ദേഹം. ഒന്നാം മോദി മന്ത്രിസഭയിൽ കേന്ദ്ര സ്റ്റീൽ സഹമന്ത്രിയും റായ്ഗഢ് മണ്ഡലത്തിൽ നിന്നുള്ള എംപിയുമായി വിഷ്ണു ദിയോ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020 മുതൽ 2022 വരെയായിരുന്നു അദ്ദേഹത്തിന്റെ ഛത്തീസ്ഗഢിൽ പാർട്ടിയുടെ ചുമതല.
രമൻ സിങ്
ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രിയായിരുന്ന രമൻ സിങ്ങിനെ ബിജെപി മുഖ്യമന്ത്രി പദത്തിലേക്കുയർത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് ആണ് രമൻ സിങ്. 2004 മുതൽ ഛത്തീസ്ഗഢ് നിയമസഭയിലെ അംഗവുമാണ്. വാജ്പേയി സർക്കാരിൽ സഹമന്ത്രിയുമായിരുന്നു ഇദ്ദേഹം.
രേണുക സിങ്
ഛത്തീസ്ഗഢിലേക്ക് വനിതാ മുഖ്യമന്ത്രിയെ ആണ് ബിജെപി ഉദ്ദേശിക്കുന്നതെങ്കിൽ അതിന് പരിഗണിക്കാൻ ഏറ്റവും സാധ്യത രേണുക സിങിന് തന്നെയാവും. ഗോത്ര വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവ് കൂടെയാണിവർ.
റാംവിചർ നേതം
മുൻ രാജ്യസഭാ എംപി റാംവിചർ നേതം ആണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്ന മറ്റൊരു മുഖം. രമൻ സിങ് മന്ത്രിസഭയിൽ അദ്ദേഹം ഒന്നിലധികം വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.
അരുൺ സാവോ
ഒബിസി വിഭാഗത്തിൽ നിന്നൊരാളെയാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെങ്കിൽ പാർട്ടി സംസ്ഥാന ഘടകം അധ്യക്ഷൻ അരുൺ സാവോയ്ക്കായിരിക്കും പ്രഥമ പരിഗണന. ബിലാസ്പൂർ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ വിജയിച്ച അരുൺ സാവോയ്ക്ക് ഒബിസി വിഭാഗങ്ങൾക്കിടയിൽ കാര്യമായ സ്വാധീനമുണ്ട്. മുതിർന്ന ആർഎസ്എസ് നേതാവ് അഭയറാം സാവോയുടെ മകനാണ് അദ്ദേഹം.
തുടർഭരണം ഉറപ്പിച്ച് ആഘോഷങ്ങൾക്ക് ഒരുങ്ങിയ കോൺഗ്രസിന്റെ മുഖത്തേറ്റ അടിയാണ് ഛത്തീസ്ഗഡിലെ പരാജയം.അമ്പതിലേറെ സീറ്റ് നേടി നഷ്ടപ്പെട്ട ഭരണം ബിജെപി തിരിച്ച് പിടിച്ചപ്പോൾ കോൺഗ്രസിന് 33 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
പ്രീപോൾ സർവേ ഫലം വന്നപ്പോൾ ഛത്തീസ്ഗഡിൽ മുൻതൂക്കം കോൺഗ്രസിന് ആയിരുന്നു. സർക്കാർ നടത്തിയ ക്ഷേമ പദ്ധതികൾ ആവർത്തിച്ച് പറഞ്ഞും ഹിന്ദുത്വ കാർഡ് ഇറക്കിയും തുടർഭരണം നേടാം എന്നായിരുന്നു കോൺഗ്രസിന്റെ ആത്മ വിശ്വാസം. ഇതാണ് പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ അരയും തലയും മുറുക്കി പ്രചരണത്തിന് ഇറങ്ങിയ ബിജെപി സംഘം തല്ലി തകർത്തത്. 2018ൽ കോൺഗ്രസിനെ പിന്തുണച്ച തെക്ക് വടക്കൻ ഛത്തീസ്ഗഡ് മേഖലകൾ പോലും ബിജെപിയുടെ തേരോട്ടത്തിൽ ഭാഗമായി.
ആഞ്ഞടിച്ച ബിജെപി തരംഗത്തിൽ മന്ത്രി സഭയിലെ അതികായകർക്ക് പോലും കാലിടറി. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ഒപ്പത്തിന് ഒപ്പം മത്സരിച്ച ബിജെപിയെ ഒരു ഘട്ടത്തിൽ പിന്തള്ളും എന്നാണ് കോൺഗ്രസ് കണക്ക് കൂട്ടിയത്. എന്നാൽ ഏറെക്കാലം തങ്ങളെ നയിച്ച രമൺ സിംഗിനും സംഘത്തിനും ഒരവസരം കൂടി നൽകാനായിരുന്നു ഛത്തീസ്ഗഡിന്റെ വിധിയെഴുത്ത്.
ഹിന്ദുത്വ വോട്ട് ബാങ്ക് കൂടെ ഉള്ളതിനാൽ അഴിമതി ആരോപണങ്ങൾ തുടർ ഭരണത്തെ ബാധിക്കില്ലെന്ന് കണക്ക് കൂട്ടിയ കോൺഗ്രസിന് ചുവട് പിഴച്ചതും ഇവിടെ ആയിരുന്നു. കൽക്കരി ഖനി അഴിമതിയും മഹാദേവ് ബെറ്റിംഗ് ആപ്പിന്റെ മറവിൽ നടന്ന കള്ളപ്പണ ഇടപാടും ബിജെപി ചർച്ചയാക്കിയതോടെ കോൺഗ്രസിന്റെ പരാജയം ജനം ഉറപ്പിച്ചിരുന്നു. അഞ്ഞൂറ് രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, പഴയ പെൻഷൻ പദ്ധതി തുടങ്ങി കോൺഗ്രസ് മുന്നോട്ട് വെച്ച വാഗ്ദാനങ്ങൾ ഒന്നും സ്വീകരിക്കാതെ ആണ് ഛത്തീസ്ഗഡിലെ 3 കോടി വോട്ടർമാർ അഴിമതി ആരോപണം നേരിടുന്ന സർക്കാരിനെ ശിക്ഷിച്ചത്.