അധ്യക്ഷന്‍ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നാകട്ടെയെന്ന് രാഹുല്‍; അശോക് ഗെഹ്ലോട്ട് പരിഗണനയില്‍
|ചികിത്സക്കായി സോണിയ ഗാന്ധി വിദേശത്ത് ആയതിനാൽ ഓൺലൈനായാണ് യോഗം
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് തിയ്യതി അംഗീകരിക്കാനുള്ള പ്രവർത്തക സമിതി യോഗം ഇന്ന്. ചികിത്സക്കായി സോണിയ ഗാന്ധി വിദേശത്ത് ആയതിനാൽ ഓൺലൈനായാണ് യോഗം. പുതിയ അധ്യക്ഷൻ ആരാകണം എന്നതും ഗുലാം നബി ആസാദ് പാർട്ടി വിട്ടതും യോഗം ചർച്ച ചെയ്യും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി തയ്യാറാക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പ് തിയ്യതിക്ക് അംഗീകാരം നൽകാനാണ് ഇന്ന് പ്രവർത്തക സമിതി യോഗം ചേരുന്നത്. ചികിത്സക്കായി വിദേശത്തുള്ള സോണിയ ഗാന്ധിക്ക് ഒപ്പമാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. അതിനാലാണ് യോഗം ഓൺലൈനാക്കിയത്. ആരാകണം കോൺഗ്രസ് അധ്യക്ഷൻ എന്ന കാര്യത്തിൽ ഇന്ന് ചർച്ച നടക്കും.
ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ള ഒരാൾ അധ്യക്ഷനാകട്ടെ എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ ഗാന്ധി. രാഹുൽ ഇല്ലാത്ത സാഹചര്യത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേരാണ് മുന്നിൽ. അധ്യക്ഷനാകണമെന്ന് സോണിയ ഗാന്ധി അശോക് ഗെഹ്ലോട്ടിനോട് നേരിട്ട് അവശ്യപ്പെട്ടിരുന്നു. ഗെഹ്ലോട്ടിന് പുറമെ മുകുൾ വാസ്നിക്, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. ഗുലാം നബി ആസാദ് പാർട്ടി വിട്ടതും യോഗത്തിന്റെ പരിഗണനയ്ക്ക് വരും. ആനന്ദ് ശർമ നേതൃത്വത്തിന് എതിരെ രംഗത്ത് വരാനാണ് സാധ്യത. ആസാദിന്റെ രാജി ഒഴിവാക്കേണ്ടതായിരുന്നു എന്ന് ഒരു വിഭാഗം നേതാക്കൾക്ക് അഭിപ്രായമുണ്ട്.