ആരായിരിക്കും പുതിയ ഗുജറാത്ത് മുഖ്യമന്ത്രി?
|രൂപാണി കസേര ഒഴിഞ്ഞതോടെ ഇനിയുള്ള ഒരു വർഷത്തിനടുത്ത കാലം ഗുജറാത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യം സജീവമായി
സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാണി രാജിവെച്ചിരിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിൽ രാജിവെക്കുന്ന നാലാമത്തെ ബി.ജെ.പി മുഖ്യമന്ത്രിയാണ് രൂപാണി. 2016 ആഗസ്റ്റിൽ മുഖ്യമന്ത്രി പദത്തിലെത്തിയ അദ്ദേഹം സംസ്ഥാനത്ത് അഞ്ച് വർഷം തികക്കുന്ന രണ്ടാമത്തെ ബി.ജെ.പി മുഖ്യമന്ത്രിയാണ്. നിലവിലെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയാണ് ഇതിനു മുൻപ് ഗുജറാത്തിൽ അഞ്ച് വർഷം മുഖ്യമന്ത്രി സ്ഥാനത്തിരുന്നിട്ടുള്ളത്.
രൂപാണിയുടെ രാജിക്ക് പല കാര്യങ്ങളാണ് നിരീക്ഷകർ നോക്കിക്കാണുന്നത്. രൂപാണിയുടെ നേതൃത്വത്തിൽ അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിനെ നേരിട്ടാൽ പാർട്ടി പരാജയപ്പെടുമെന്ന പാർട്ടി നടത്തിയ ആഭ്യന്തര സർവേയിലെ കണ്ടെത്തലാണ് ഇതിൽ പ്രമുഖം.രൂപാണി കസേര ഒഴിഞ്ഞതോടെ ഇനിയുള്ള ഒരു വർഷത്തിനടുത്ത കാലം ഗുജറാത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യം സജീവമായി. മുഖ്യമന്ത്രി പദത്തിലെത്താൻ സാധ്യതയുള്ളവരും പരിഗണിക്കപ്പെടുന്നവരും ഇവരാണ്.
മൻസൂഖ് മാണ്ഡവ്യ
മൻസൂഖ് ലക്ഷ്മൺഭായ് മാണ്ഡവ്യ നിലവിൽ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രിയാണ്. അദ്ദേഹം ഗുജറാത്തിൽ നിന്നുമുള്ള രാജ്യസഭാ അംഗം കൂടിയാണ്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള സൗരാഷ്ട്ര മേഖലയിൽ നിന്നും വരുന്ന അദ്ദേഹം പാട്ടിദാർ സമുദായക്കാരനാണ്. വിജയ് രൂപാണിയെ മാറ്റുന്ന ചർച്ചകൾ വന്നപ്പോഴൊക്കെ പരിഗണിക്കപ്പെട്ട പേര് മൻസൂഖ് മാണ്ഡവ്യയുടേതായിരുന്നു. കഴിഞ്ഞ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിലാണ് ഇദ്ദേഹത്തെ മന്ത്രിസഭയിലെടുക്കുന്നത്. 2002 മുതൽ 2007 വരെ എം.എൽ.എ ആയിരുന്നു മൻസൂഖ് മാണ്ഡവ്യ.
നിതിൻ പട്ടേൽ
നിലവിൽ ഉപമുഖ്യമന്ത്രിയായ നിതിൻ പട്ടേൽ 2016 ൽ ആനന്ദി ബെൻ പട്ടേൽ സ്ഥാനമൊഴിഞ്ഞ ഘട്ടത്തിൽ അടുത്ത മുഖ്യമന്ത്രിയായി ഏറെ ഉയർന്നു കേട്ട പേരാണ് നിതിൻ പട്ടേലിന്റേത്. എന്നാൽ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഇടപെടൽ മൂലം വിജയ് രൂപാണി മുഖ്യമന്ത്രിയാവുകയായിരുന്നു. സംസ്ഥാന മന്ത്രിസഭയിൽ പ്രധാനപ്പെട്ട വകുപ്പുകൾ നിതിൻ പട്ടേൽ കൈകാര്യം ചെയ്തിരുന്നു. പട്ടേൽ പ്രക്ഷോഭം കൈകാര്യം ചെയ്തതിലെ പാളിച്ചയാണ് അദ്ദേഹത്തിന് 2016 ൽ മുഖ്യമന്ത്രി പദം നഷ്ടപ്പെടാൻ കാരണമായത്.
പർഷോത്തം റുപാല
പാട്ടിദാർ സമുദായത്തിലെ പ്രമുഖ നേതാവാണ് പർഷോത്തം റുപാല. ഹാർദിക് പട്ടേലിന്റെ സമുദായമായ കട് വാ പാട്ടിദാർ സമുദായത്തിൽ നിന്ന് തന്നെയാണ് ഇദ്ദേഹവും. പ്രാദേശികമായി ഏറെ അനുയായികളുള്ള നേതാവായ റുപാല നിലവിൽ രാജ്യസഭാ എം.പിയാണ്. നിലവിൽ കേന്ദ്ര സഹമന്ത്രിയാണ് അദ്ദേഹം. ബി.ജെ.പി മുൻ ഗുജറാത്ത് സംസ്ഥാന പ്രസിഡൻറ് കൂടിയാണ് പർഷോത്തം റുപാല.
പ്രഫുൽ പട്ടേൽ
അവസാന നിമിഷം ഏറെ സാധ്യയുള്ളതായി കണക്കാക്കപ്പെടുന്ന പേരാണ് പ്രഫുൽ പട്ടേലിന്റേത്. നിലവിൽ കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര നാഗേർ ഹവേലി, ദാമൻ ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ അഡ്മിനിസ്ട്രേറ്ററാണ് പ്രഫുൽ ഖോട പട്ടേൽ. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ സഹ മന്ത്രിയായിരുന്നു പ്രഫുൽ പട്ടേൽ. എം.എൽ.എ അല്ലാത്ത ഒരു ഗുജറാത്തി മുഖ്യമന്ത്രി ഉണ്ടാകാമെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.