'ഞങ്ങളും രാമനെ ആരാധിക്കുന്നവരാണ്, പക്ഷേ...'; രാമക്ഷേത്രം യാഥാർഥ്യമാക്കിയിട്ടും ഫൈസാബാദിൽ ബി.ജെ.പി തോറ്റത് എന്തുകൊണ്ട്?
|അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ 54,567 വോട്ടിനാണ് ബി.ജെ.പി സ്ഥാനാർഥിയായ ലല്ലു സിങ് പരാജയപ്പെട്ടത്.
ന്യൂഡൽഹി: സംഘ്പരിവാർ അവരുടെ എക്കാലത്തെയും വാഗ്ദാനമായിരുന്ന അയോധ്യയിലെ രാമക്ഷേത്രം യാഥാർഥ്യമാക്കിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഈ വർഷം നടന്നത്. പ്രധാനമന്ത്രി അടക്കമുള്ളവർ ഏറ്റവും വലിയ പ്രചാരണായുധമാക്കിയതും രാമക്ഷേത്രം തന്നെയായിരുന്നു. എന്നാൽ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബി.ജെ.പിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.
മണ്ഡലത്തിൽനിന്ന് രണ്ട് തവണ എം.പിയായ ലല്ലു സിങ്ങിനെയാണ് ബി.ജെ.പി വീണ്ടും കളത്തിലിറക്കിയത്. എന്നാൽ ഇത്തവണ സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയായ അവധേഷ് പ്രസാദിനോട് 54,567 വോട്ടിനാണ് ലല്ലു സിങ് പരാജയപ്പെട്ടത്. രാമക്ഷേത്രം യാഥാർഥ്യമാക്കിയിട്ടും എന്തുകൊണ്ടാണ് ബി.ജെ.പിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്?
രാമക്ഷേത്രത്തിനായുള്ള ഭൂമിയേറ്റെടുക്കൽ അയോധ്യയിലെ ബി.ജെ.പിയുടെ പരാജയത്തിന്റെ ആണിക്കല്ലായി എന്നാണ് വ്യക്തമാവുന്നത്. ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ വികസനത്തിനായി 100 വർഷത്തിലേറെയായി അവിടെ താമസിക്കുന്ന നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. വീടും കടകളുമെല്ലാം തകർത്തു. മതിയായ നഷ്ടപരിഹാരം നൽകാനോ അവരെ പുനരധിവസിപ്പിക്കാനോ അധികൃതർ തയ്യാറായില്ല.
''ഞങ്ങളും ശ്രീരാമനെ ആരാധിക്കുന്നവരാണ്. പക്ഷേ, ഞങ്ങളുടെ ഉപജീവനമാർഗം എടുത്തുകളഞ്ഞാൽ പിന്നെ എങ്ങനെ ജീവിക്കും?'' - ഇതാണ് അയോധ്യക്കാർ ഉന്നയിച്ച പ്രധാന ചോദ്യം. നൂറുകണക്കിന് വീടുകളും കടകളും തകർത്താണ് അയോധ്യയിലേക്കുള്ള റോഡ് വീതി കൂട്ടിയത്. നവീകരണത്തിന്റെ ഭാഗമായി ഈ ഭാഗത്തുള്ള മറ്റു ക്ഷേത്രങ്ങൾ പോലും പൊളിച്ചുനീക്കിയിരുന്നു. രാമക്ഷേത്രത്തിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ചക്രതീർഥ് മഹാദേവ ക്ഷേത്രം അങ്ങനെ തകർത്തതാണ്. പുറത്തുനിന്നുള്ള ഭക്തരുടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ മോദി സർക്കാർ തങ്ങളുടെ നിത്യജീവിതം പോലും വഴിമുട്ടിച്ചെന്ന് ഇവർ പറയുന്നു.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൂടുതൽ പ്രധാന്യം നൽകിയപ്പോൾ പ്രാദേശിക വിഷയങ്ങളും ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളും പൂർണമായും അവഗണിക്കപ്പെടുകയായിരുന്നു. മണ്ഡത്തിൽ സാധാരണക്കാരുടെ പ്രശ്‌നങ്ങളായ വൈദ്യുതി, ശുചീകരണം, റോഡുകളുടെ ശോച്യാവസ്ഥ തുടങ്ങിയ കാര്യങ്ങളൊന്നും ബി.ജെ.പിയുടെ പരിഗണനാ വിഷയങ്ങളായില്ല. എന്നാൽ സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് നൽകിയ പ്രധാന വാഗ്ദാനം. രണ്ട് പൊതുയോഗങ്ങൾ അഖിലേഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മിൽകിപൂരിലും ബികാപൂരിലുമാണ് യോഗങ്ങൾ സംഘടിപ്പിച്ചത്. ഭൂമി ഏറ്റെടുക്കൽ, നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ പരിഹാരമുണ്ടാകുമെന്നാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്.