India
Why Burn Effigies Of PM Manipur Chief Ministers Question To Protesters

Biren Singh

India

'പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നതെന്തിന്?' പ്രതിഷേധക്കാരോട് മണിപ്പൂർ മുഖ്യമന്ത്രി

Web Desk
|
2 July 2023 6:26 AM GMT

'എന്റെ കോലം കത്തിക്കുന്നത് എനിക്ക് പ്രശ്നമല്ല. പക്ഷെ എന്തിനാണ് പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നത്?'

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കരുതെന്ന് പ്രതിഷേധക്കാരോട് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്. സംസ്ഥാനത്തിന്‍റെ വികസനത്തിൽ നിർണായക പങ്കുവഹിച്ചയാളാണ് പ്രധാനമന്ത്രിയെന്നും ബിരേന്‍ സിങ് പറഞ്ഞു. പ്രതിഷേധങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

"ഇത്തരം നിർണായക സമയത്ത് ചിലർ നമ്മുടെ നേതാക്കളുടെ കോലം കത്തിക്കാൻ തുടങ്ങി. ആളുകൾ എന്റെ കോലം കത്തിക്കുന്നത് എനിക്ക് പ്രശ്നമല്ല. പക്ഷെ എന്തിനാണ് പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നത്? അദ്ദേഹം എന്താണ് ചെയ്തത്? മണിപ്പൂരില്‍ വികസനം കൊണ്ടുവന്നത് പ്രധാനമന്ത്രിയാണ്"- എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ ബിരേന്‍ സിങ് പറഞ്ഞു.

മണിപ്പൂരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ ശ്രമങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു- "എന്റെ വീടിന് പുറത്ത് ആളുകൾ തടിച്ചുകൂടിയത് കണ്ടപ്പോള്‍ അത്ഭുതം തോന്നി. എല്ലാവരും എന്നെ ഉപേക്ഷിച്ചുവെന്ന് ഞാൻ കരുതി. പക്ഷേ ആ ജനക്കൂട്ടത്തെ കണ്ടപ്പോൾ ദൈവത്തിനും എന്നെ വളരെയധികം സ്നേഹിക്കുന്ന ജനങ്ങള്‍ക്കും നന്ദി പറഞ്ഞു. അതിനാൽ ഞാൻ രാജി തീരുമാനം മാറ്റി"- ബിരേന്‍ സിങ് പറഞ്ഞു.

പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന മെയ്തെയ് വിഭാഗത്തിന്‍റെ ആവശ്യം കുകി വിഭാഗം എതിര്‍ത്തതിനു പിന്നാലെയാണ് മണിപ്പൂരില്‍ സംഘര്‍ഷം തുടങ്ങിയത്. 100ലേറെ പേര്‍ മരിക്കുകയും ആയിരക്കണക്കിനു പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാവുകയും ചെയ്തു. രണ്ടു മാസമായിട്ടും സംഘര്‍ഷത്തിന് അയവില്ലാതെ വന്നതോടെ കഴിഞ്ഞ ദിവസം ബിരേന്‍ സിങ് രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ അനുയായികള്‍ രാജിക്കത്ത് കീറിക്കളഞ്ഞു. നിര്‍ണായക ഘട്ടത്തില്‍ രാജിവെയ്ക്കില്ലെന്നും ബിരേന്‍ സിങ് വ്യക്തമാക്കി.

Similar Posts