രാജിക്കത്ത് മുഖ്യ തെര. കമ്മിഷണർക്ക് 'സിസി' വച്ചില്ല; അപ്രതീക്ഷിത നീക്കവുമായി അരുൺ ഗോയൽ
|കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുമായുള്ള യോഗത്തിലും ഗോയൽ പങ്കെടുത്തില്ല.
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയലിന്റെ രാജി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നെന്ന് സൂചന. രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച തന്റെ രാജിക്കത്തിന്റെ പകർപ്പ് ഗോയൽ രാജീവ് കുമാറിന് അയച്ചില്ല എന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായുള്ള ബംഗാൾ സന്ദർശനം വെട്ടിച്ചിരുക്കി അടിയന്തരമായി ഡൽഹിയിലെത്തിയാണ് ഗോയൽ രാജി അറിയിച്ചത്.
മാർച്ച് അഞ്ചിനാണ് അരുൺ ഗോയൽ കൊൽക്കത്ത സന്ദർശനം ചുരുക്കി ഡൽഹിയിലേക്ക് തിരിച്ചത്. ആരോഗ്യകാരണങ്ങളാൽ തിരിച്ചുപോകുന്നു എന്നായിരുന്നു വിശദീകരണം. കമ്മിഷന്റെ വാർത്താ സമ്മേളനത്തിലും ഗോയൽ പങ്കെടുത്തില്ല. മാർച്ച് ഏഴിന് തെരഞ്ഞെടുപ്പ് അവലോക യോഗത്തിൽ പങ്കെടുത്തു. തൊട്ടടുത്ത ദിവസം രാജിക്കത്ത് പ്രസിഡണ്ടിന് അയയ്ക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുമായുള്ള കമ്മിഷൻ യോഗത്തിലും ഗോയൽ പങ്കെടുത്തില്ല.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബംഗാളിൽ അർധസൈനികരെ വിന്യസിക്കുന്നതിലും ഇലക്ടറൽ ബോണ്ട് വിഷയത്തിൽ വിവരങ്ങൾ നൽകാൻ എസ്ബിഐക്ക് സമയം നീട്ടി നൽകിയതിലും ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇരുവരും തമ്മിലുള്ള ഭിന്നത തീർക്കാൻ ആഭ്യന്തര സെക്രട്ടറി ഇടപെട്ടിരുന്നുവെങ്കിലും ഫലം കണ്ടില്ലെന്നാണ് റിപ്പോർട്ട്.
അരുൺ ഗോയൽ അപ്രതീക്ഷിതമായി രാജിവച്ചതോടെ മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മിഷനിൽ ഇപ്പോൾ ഒരാൾ മാത്രമായി. മറ്റൊരംഗം അനൂപ് പാണ്ഡെ കഴിഞ്ഞ മാസം വിരമിച്ചിരുന്നു. ഇദ്ദേഹത്തിന് പകരം ആളെ നിയമിച്ചിട്ടില്ല. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറെ മാത്രം വച്ച് തെരഞ്ഞെടുപ്പ് നടക്കുമോ അതോ പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് രണ്ടു പേരെ കൂടി നിയമിക്കുമോ എന്നാണ് രാഷ്ട്രീയവിദഗ്ധർ ഉറ്റുനോക്കുന്നത്.
ഏകാംഗ കമ്മിഷന്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ ഭരണഘടനാപരമായ പ്രശ്‌നങ്ങളില്ല. സർക്കാർ പാർലമെന്റിൽ പാസാക്കിയ പുതിയ നിയമപ്രകാരം പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ഒരു കേന്ദ്രമന്ത്രി എന്നിവരടങ്ങിയ സമിതിയാണ് കമ്മിഷനിലേക്ക് നിയമനം നടത്തേണ്ടത്. ബിൽ പാസായ ശേഷം സമിതിയുടെ യോഗം നടന്നിട്ടില്ല.
തെരഞ്ഞെടുപ്പ് കമ്മിഷൻ 1990ൽ മൂന്നംഗ സമിതിയായ ശേഷം രാജ്യത്ത് എട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പാണ് നടന്നത്. രണ്ട് അവസരങ്ങളിൽ മാത്രമാണ് -1999ലും 2009ലും- മൂന്നു പേരില്ലാതെ തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. തെരഞ്ഞെടുപ്പ് വേളയിൽ റിട്ടയർമെന്റ് വന്ന സാഹചര്യത്തിലാണ് കമ്മിഷന്റെ അംഗബലത്തിൽ കുറവുണ്ടായത്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പാണ് കമ്മിഷണർമാരെ നിയമിക്കേണ്ടത്.