എന്നെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴച്ചത്, ഞാനൊന്നും കേട്ടിട്ടില്ല; വിദ്വേഷ പരാമര്‍ശ വിവാദത്തെക്കുറിച്ച് ഹര്ഷവര്ധന്
|മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഒന്നിലും താന്‍ പങ്കാളിയാകില്ലെന്ന് ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ നിന്നുള്ള എം.പിയായ ഹര്ഷവര്ധന് പറഞ്ഞു
ഡല്‍ഹി: കഴിഞ്ഞ ദിവസം പാര്‍ലമെന്റിലുണ്ടായ വിദ്വേഷ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രി ഡോ.ഹര്ഷവര്ധന്. വിവാദത്തിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഒന്നിലും താന്‍ പങ്കാളിയാകില്ലെന്ന് ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കില്‍ നിന്നുള്ള എം.പിയായ ഹര്ഷവര്ധന് പറഞ്ഞു. ബി.ജെ.പി എം.പിയായ രമേശ് ബിധുരി ബി.എസ്.പി എം.പിയായ ഡാനിഷ് അലിക്കെതിരെയാണ് വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇതുകേട്ട് പൊട്ടിച്ചിരിക്കുന്ന ഹര്‍ഷവര്‍ധന്റെയും രവിശങ്കര്‍ പ്രസാദിന്റെയും വീഡിയോ വൈറലായിരുന്നു.
തന്റെ പ്രതിച്ഛായ തകർക്കാൻ സോഷ്യൽ മീഡിയയിലെ ചില നിക്ഷിപ്ത താല്പര്യക്കാര് തന്റെ പേര് വലിച്ചിഴയ്ക്കുകയാണെന്ന് മുൻ ആരോഗ്യമന്ത്രി തന്റെ നീണ്ട ട്വീറ്റിൽ ആരോപിച്ചു. "നിക്ഷിപ്ത താൽപര്യമുള്ള ചിലർ എന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചതിൽ എനിക്ക് സങ്കടവും അപമാനവും തോന്നുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവ് രാജ്നാഥ് സിംഗ് ഇത്തരം മാപ്പർഹിക്കാത്ത ഭാഷ ഉപയോഗിക്കുന്നതിനെ നേരത്തെ തന്നെ അപലപിച്ചിട്ടുണ്ട്. ഇന്ന് സോഷ്യൽ മീഡിയയിൽ എനിക്കെതിരെ എഴുതുന്ന എന്റെ മുസ്ലിം സുഹൃത്തുക്കളോട് ഞാൻ ചോദിക്കുന്നു, ഏതെങ്കിലും ഒരു സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന അത്തരം നിന്ദ്യമായ ഭാഷയുടെ പ്രയോഗത്തിൽ എനിക്ക് എന്നെങ്കിലും കക്ഷിയാകാൻ കഴിയുമോ എന്ന് അവർ വിശ്വസിക്കുന്നുണ്ടോ?
ഇത് കെട്ടിച്ചമച്ചതാണ്. മുപ്പത് വർഷത്തെ പൊതുജീവിതത്തിൽ, എന്റെ മണ്ഡലത്തിലെ ലക്ഷക്കണക്കിന് മുസ്ലിം സഹോദരീസഹോദരന്മാരുമായും ജീവിതത്തിന്റെ വിവിധ തുറകളിലുള്ള സഹപ്രവർത്തകരുമായും ഞാൻ അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്.ചാന്ദ്നി ചൗക്കിലെ ചരിത്രപ്രസിദ്ധമായ ഗല്ലിയിലെ ഫടക് തെലിയനിൽ ജനിച്ച് വളർന്ന ഞാൻ എന്റെ ബാല്യകാലം മുസ്ലിം സുഹൃത്തുക്കള്‍ക്കൊപ്പമാണ് ചെലവഴിച്ചത്. പ്രശസ്തമായ മണ്ഡലമായ ചാന്ദ്നി ചൗക്കിൽ നിന്ന് പാർലമെന്റ് അംഗമായി വിജയിച്ചതിൽ ഞാൻ അതിയായ സന്തോഷത്തിലായിരുന്നു. എല്ലാ സമുദായങ്ങളും എന്നെ പിന്തുണച്ചില്ലെങ്കിൽ ഞാനൊരിക്കലും വിജയിക്കില്ലായിരുന്നു.
പരസ്പരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതില്‍ ഞാന്‍ സാക്ഷിയായിരുന്നെങ്കിലും അപ്പോഴുണ്ടായ ബഹളത്തില്‍ എന്താണ് പറയുന്നതെന്ന് എനിക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വസ്തുത. ജീവിതത്തില്‍ എപ്പോഴും എന്റെ ആശയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നയാളാണ് ഞാന്‍. എന്റെ രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യം സംരക്ഷിക്കുന്നതില്‍ ഞാനൊരിക്കലും വീഴ്ച വരുത്തിയിട്ടില്ല'' ഹര്‍ഷവര്‍ധന്റെ ട്വീറ്റില്‍ പറയുന്നു.
ചാന്ദ്രയാൻ-3 ചർച്ചക്കിടെയായിരുന്നു ബിദൂഡി പിമ്പ്, തീവ്രവാദി, ഉഗ്രവാദി, മുല്ല തുടങ്ങി ഡാനിഷ് അലിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്.ബി.ജെ.പി എം.പിയുടെ വിദ്വേഷ പരാമർശങ്ങൾ വേദനിപ്പിച്ചെന്ന് ഡാനിഷ് അലി പറഞ്ഞു. ഇത് ഒരാൾക്ക് നേരെയുള്ള അക്രമമല്ല, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും എതിരെയാണ്. നേരത്തെ വിദ്വേഷ പരാമർശങ്ങൾ പാർലമെന്റിന് പുറത്താണ് നടത്തിയിരുന്നത്. ഇപ്പോൾ വിദ്വേഷ പരാമർശങ്ങൾ പാർലമെന്റിന് ഉള്ളിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രമേശ് ബിധുരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡാനിഷ് അലി സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.