ഡല്‍ഹി ആം ആദ്മിയില്‍ സമാനതകളില്ലാത്ത പ്രതിസന്ധി; കൂടുതല്‍ നേതാക്കൾ പാർട്ടി വിടുമോയെന്ന് ആശങ്ക
|മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കിലും കെജ്‍രിവാളിന് തിഹാർ ജയിലില്‍ ഫയലുകള്‍ നോക്കാൻ അനുമതിയില്ല എന്നത് പ്രതിസന്ധിയുടെ വ്യാപ്തി വർധിപ്പിക്കുന്നു
ഡല്‍ഹി: സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് ഡൽഹി എഎപി നീങ്ങുന്നത്. മന്ത്രിയുടെ രാജിയും കെജ്‍രിവാളിന്‍റെ പേഴ്സണൽ സെക്രട്ടറിയുടെ പുറത്താക്കലും നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കിലും കെജ്‍രിവാളിന് തിഹാർ ജയിലില്‍ ഫയലുകള്‍ നോക്കാൻ അനുമതിയില്ല എന്നത് പ്രതിസന്ധിയുടെ വ്യാപ്തി വർധിപ്പിക്കുന്നു.
മന്ത്രി രാജ്‍കുമാര്‍ ആനന്ദിന്‍റെ രാജിയും വിഭവ് കുമാറിനെ പുറത്താക്കലും ആം ആദ്മി പാർട്ടിക്കുള്ളിലെ പ്രതിസന്ധി വർധിപ്പിച്ചിരിക്കുകയാണ്. പേഴ്സണൽ സ്റ്റാഫ് വിഭവ് കുമാറിനെ നീക്കിയതിലൂടെ ജയിലിൽ നിന്നുള്ള ആശയവിനിമയത്തിന് തടയിടുകയാണ് ഇഡി ലക്ഷ്യം.
ഫയലുകൾ നോക്കാൻ കഴിയാത്തതിനാൽ മന്ത്രി രാജ് കുമാർ ആനന്ദ് രാജി വെച്ചതിൽ വകുപ്പുകള്‍ ഇനി ആർക്ക് നല്‍കുമെന്നതും ലെഫ്റ്റനന്‍റ് ഗവർണറെ അറിയിക്കാൻ, മുഖ്യമന്ത്രിയുടെ ഓഫിസീന് സാധിച്ചിട്ടില്ല. വിചാരണക്കോടതിയിലും ഹൈക്കോടതിയിലുമൊന്നും അനുകൂല വിധി ലഭിക്കാത്തത് പാര്‍ട്ടിക്കകത്തും അസ്വസ്ഥത വർധിപ്പിക്കുകയാണ്. ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവർണർ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നൽകിയാൽ ഡൽഹി രാഷ്ട്രപതി ഭരണത്തിലേക്ക് പോകും. ലഫ്റ്റനൻ്റ് ഗവർണർ ഇത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി ആശയവിനിമയം നടത്തിയിരുന്നു. രാജ് കുമാർ ആനന്ദിൻ്റെ രാജിക്ക് പിന്നാലെ കൂടുതൽ നേതാക്കൾ പാർട്ടി വിടുമോ എന്ന ആശങ്ക ആം ആദ്മി ക്യാമ്പിലുണ്ട്. ഡൽഹിയിൽ രാഷ്ട്രപതി ഭരണം കൂടുതൽ ശക്തമാക്കാനാണ് ബി.ജെ.പിയുടെ നീക്കം.