India
ഉടമ മുസ്‌ലിം, ബഹിഷ്‌കരിക്കണം; ഹിമാലയ ഉൽപ്പന്നങ്ങൾക്കെതിരെ സംഘ്പരിവാർ ക്യാമ്പയിൻ
India

'ഉടമ മുസ്‌ലിം, ബഹിഷ്‌കരിക്കണം'; ഹിമാലയ ഉൽപ്പന്നങ്ങൾക്കെതിരെ സംഘ്പരിവാർ ക്യാമ്പയിൻ

Web Desk
|
1 April 2022 10:30 AM GMT

വിദേശരാഷ്ട്ര കയറ്റുമതിക്ക് നിർബന്ധമായ ഹലാൽ സർട്ടിഫിക്കറ്റുകൾ പങ്കുവച്ചാണ് കമ്പനിക്കെതിരെയുള്ള വിദ്വേഷ പ്രചാരണം

മുംബൈ: രാജ്യത്തെ മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഹിമാലയയുടെ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് തീവ്ര വലതുപക്ഷ സംഘടനകൾ. കമ്പനിയുടെ ഉടമ മുസ്‌ലിമാണ് എന്നും ഹലാൽ ഉൽപ്പന്നമാണ് കമ്പനി വിറ്റഴിക്കുന്നത് എന്നുമാണ് പ്രചാരണം. ബോയ്‌കോട്ട് ഹിമാലയ എന്ന പേരിലുള്ള ഹാഷ്ടാഗ് മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്ററിൽ ട്രൻഡിങ്ങാണ്.

ഹിമാലയയുടെ, വിദേശരാഷ്ട്ര കയറ്റുമതിക്ക് നിർബന്ധമായ ഹലാൽ സർട്ടിഫിക്കറ്റുകൾ പങ്കുവച്ചാണ് കമ്പനിക്കെതിരെയുള്ള വിദ്വേഷ പ്രചാരണം. 'ഇസ്‌ലാമിക ശരീഅത്ത് പ്രകാരം നിരോധിക്കപ്പെട്ട ചേരുവകൾ ഉൽപ്പന്നങ്ങൾ ഞങ്ങൾ ഉപയോഗിക്കുന്നില്ല. ഹലാൽ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് മുസ്‌ലിം ഉദ്യോഗസ്ഥൻ ഉൾപ്പെടുന്ന സീനിയർ എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് സംഘത്തെ ഞങ്ങൾ നിയോഗിച്ചിട്ടുണ്ട്' - എന്നിങ്ങനെയാണ് കമ്പനിയുടെ ഹലാൽ നയത്തിൽ പറയുന്നത്.

കമ്പനി ഉടമ മുസ്‌ലിമാണെന്നും അതു കൊണ്ട് ബഹിഷ്‌കരിക്കണമെന്നുമുള്ള ആഹ്വാനവുമുണ്ട്. 1986ൽ അന്തരിച്ച, കമ്പനി സ്ഥാപകനായ മുഹമ്മദ് മനാലിന്റെ പേരെടുത്തു കാട്ടിയാണ് ആഹ്വാനം. ബംഗളൂരു ആസ്ഥാനമായി 1930ലാണ് മനാൽ ഈ കമ്പനി സ്ഥാപിച്ചത്. മെറാജ് മനാൽ ആണ് ഇപ്പോൾ കമ്പനിയുടെ ചെയർമാൻ.






കമ്പനി വെബ്‌സൈറ്റിലെ വിവരപ്രകാരം ശൈലേന്ദ്ര മൽഹോത്ര (ഗ്ലോബൽ സിഇഒ), സാകേത് ഗോറെ, ജതിൻ ബ്രഹ്‌മെച, ജയശ്രീ ഉള്ളാൾ, കെ.ജി ഉമേശ്, രാജേഷ് കൃഷ്ണമൂർത്തി, ശരത് സുത്രവെ, അനിൽ ജൈൻദാനി, ഡോ രങ്കേഷ് എന്നിവരാണ് നിലവിൽ ഹിമാലയയുടെ നേതൃനിരയിലുള്ളത്.

അതേസമയം, സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങളിൽ കഴമ്പില്ലെന്നും അദാനി, റിലയൻസ്, ടാറ്റ, ഹിന്ദുസ്ഥാൻ യുണിലിവർ, അമുൽ, ഡാബർ തുടങ്ങിയ കമ്പനികളെല്ലാം അവരുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് ഹലാൽ സർട്ടിഫിക്കറ്റോടെയാണെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

ഹിജാബിന് പിന്നാലെ കർണാടകയിൽ ഹലാൽ വിവാദം ശക്തമായ പശ്ചാത്തലത്തിൽക്കൂടിയാണ് ഹിമാലയക്കെതിരെ ക്യാമ്പയിൻ നടക്കുന്നത്. ഹലാൽ ഇറച്ചി വ്യാപാരം സാമ്പത്തിക ജിഹാദാണ് എന്ന് കഴിഞ്ഞ ദിവസം ബിജെപി ജനറൽ സെക്രട്ടറി സി.ടി രവി പ്രസ്താവനയിറക്കിയിരുന്നു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബോധപൂർവ്വമായ സാമുദായിക ധ്രുവീകരണമാണ് ബിജെപിയുടെയും സംഘ്പരിവാറിന്റെയും ലക്ഷ്യം എന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

വിശദീകരണവുമായി കമ്പനി

തങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ ട്രൻഡിങ്ങായതിന് പിന്നാലെ വിശദീകരണവുമായി ഹിമാലയ രംഗത്തെത്തി. നൂറിലധികം രാഷ്ട്രങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് തങ്ങളുടേത് എന്നും അതതു രാഷ്ട്രങ്ങളുടെ ഇറക്കുമതി നിയമങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിക്കുന്നത് എന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.



'ചില രാഷ്ട്രങ്ങളിൽ ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അത് ആ രാജ്യങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ മാത്രമാണ്. ചില സമൂഹമാധ്യമ അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നതു പോലെ ഉൽപ്പന്നങ്ങളുടെ ചേരുവയായി ഇറച്ചി ഉപയോഗിക്കുന്നില്ല. ഇത് വസ്തുതാപരമായ ശരിയല്ല. ഒരു ഉൽപ്പന്നത്തിൽ ഇറച്ചി അടങ്ങിയിട്ടുണ്ട് എന്ന് ഹലാൽ സർട്ടിഫിക്കറ്റ് കൊണ്ട് അർത്ഥമില്ല. ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങൾക്ക് അനുസരിച്ച് സസ്യോത്പന്നങ്ങളിലും ഹലാൽ സർട്ടിഫിക്കറ്റ് ബാധകമാണ്. ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ കമ്പനികളും ഇത്തരം അംഗീകാരപത്രങ്ങൾ നേടേണ്ടതുണ്ട്' - ഹിമാലയ വ്യക്തമാക്കി.

Summary: Far right wing groups call for a boycott of Himalayan products, the country's leading pharmaceutical company. The propaganda is that the owner of the company is a Muslim and that the company is selling a halal product. The hashtag Boycott Himalaya is trending on Twitter, a micro-blogging website.

Similar Posts