ലൈംഗികാരോപണം; പ്രജ്വൽ രേവണ്ണക്കായി മോദി വോട്ടഭ്യർഥിച്ചത് ആയുധമാക്കി കോൺഗ്രസ്
|പ്രജ്വലിനെ രാജ്യം വിടാൻ സഹായിച്ചത് പ്രധാനമന്ത്രിയാണെന്ന് പ്രിയങ്കാ ഗാന്ധി
ന്യൂഡൽഹി: കർണാടകയിലെ ജെ.ഡി.എസ് എംപിയും ലോക്സഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വല് രേവണ്ണക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ടഭ്യർഥിച്ചത് ആയുധമാക്കി കോൺഗ്രസ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് രണ്ട് ദിവസം മുമ്പാണ് പ്രജ്വല് രേവണ്ണയുടെ ഒന്നിലധികം ലൈംഗിക വീഡിയോകൾ പുറത്തുവന്നത്. ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ ജർമ്മനിയിലേക്ക് കടന്നിരിക്കുകയാണ് പ്രജ്വൽ. പ്രജ്വലിനെ രാജ്യം വിടാൻ സഹായിച്ചത് മോദിയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആരോപിച്ചു.
10 ദിവസം മുമ്പ് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് പ്രജ്വലിന് വേണ്ടി പ്രചാരണം നടത്തിയത്. വേദിയില്‍ വെച്ച് അദ്ദേഹത്തെ പുകഴ്ത്തി പറഞ്ഞു. തോളില്‍ കൈയിട്ട് ഫോട്ടോ എടുത്തു. ഇന്ന് ആ നേതാവ് രാജ്യം വിട്ടോടി ഒളിവിലാണ്. അയാളുമായി വേദി പങ്കിട്ട് അയാൾക്ക് വേണ്ടി വോട്ട് ചോദിച്ച ആൾ ആണ് മോദി. പ്രജ്വലിന്റെ വിവാദത്തിൽ മോദിയും അമിത് ഷായും നിശ്ശബ്ദരായി തുടരുന്നതെന്ത് കൊണ്ടെന്നും പ്രിയങ്ക ചോദിച്ചു.
'പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗളസൂത്രത്തെക്കുറിച്ചും വളകളെക്കുറിച്ചും സംസാരിക്കുന്നു. ഒളിമ്പിക്സ് താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായപ്പോൾ അദ്ദേഹം മൗനം പാലിച്ചു. സ്ത്രീകൾക്കെതിരെ ആയിരക്കണക്കിന് ലൈംഗികാതിക്രമങ്ങൾ നടത്തിയ സ്ഥാനാർഥിക്ക് അനുകൂലമായി പ്രചാരണം നടത്തിയ മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഈ വിഷയത്തിൽ ജനങ്ങളോട് പ്രതികരിക്കണം. രാജ്യം വിട്ടുപോയ പ്രതിയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതുവരെ സ്ത്രീകൾ മോദിയെ ചോദ്യം ചെയ്യണം'. പ്രിയങ്ക ആവശ്യപ്പെട്ടു.
2023 ഡിസംബറിൽ തന്നെ ഒരു ബിജെപി നേതാവ് പ്രജ്വല് രേവണ്ണയുടെ അതിക്രമങ്ങളെക്കുറിച്ച് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. പ്രജ്വല് രേവണ്ണയുടെ ക്രൂരതയെക്കുറിച്ച് അറിഞ്ഞിട്ടും പ്രധാനമന്ത്രി പ്രജ്വലിന് വോട്ട് ചോദിക്കുകയും പ്രജ്വലിന് ലഭിക്കുന്ന ഓരോ വോട്ടും മോദിയെ ശക്തിപ്പെടുത്തുമെന്നും പറഞ്ഞു. ഇതിൽ അതിശയിക്കാനില്ല. ബ്രിജ് ഭൂഷൺ, ശരൺ സിംഗ്, കുൽദീപ് സെൻഗാർ, ഇപ്പോൾ പ്രജ്വൽ രേവണ്ണ - പ്രധാനമന്ത്രി തൻ്റെ യഥാർത്ഥ മുഖം വീണ്ടും വീണ്ടും തുറന്ന് കാണിക്കുകയാണ്," ജയറാം രമേശ് എക്സില്‍ കുറിച്ചു.
അതേസമയം, കർണാടകയിലെ എൻ.ഡി.എ സഖ്യത്തിന് തലവേദനയായി മാറുകയാണ് നേതാക്കൻമാർക്കെതിരായ ലൈംഗികാതിക്രമകേസ്. കർണ്ണാടക ജെഡിഎസ് നേതാവും ഹാസനിലെ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ നാട്ടിലെത്തിക്കാൻ സർക്കാർ നീക്കം നടത്തുന്നുണ്ട്. വിദേശത്തേക്ക് കടന്ന പ്രജ്വലിനോട് നാട്ടിലെത്താൻ ആവശ്യപ്പെടുമെന്ന് കർണ്ണാടക ആഭ്യന്തമന്ത്രി ജി പരമേശ്വര അറിയിച്ചു.
പരാതിയിൽ സംസ്ഥാന വനിതാ കമ്മീഷൻ ഇടപെട്ടതിന് പിന്നാലെ കർണാടക സർക്കാർ എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് ആചാര്യനുമായ എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വൽ രേവണ്ണ.
പ്രജ്വലിന് പുറമെ പിതാവായ ഹോലെനാർസിപുര എം.എൽ.എയായ എച്ച്ഡി രേവണ്ണക്കെതിരെയും ലൈംഗിക പരാതികൾ ഉയർന്നിട്ടുണ്ട്. അതേസമയം, പ്രജ്വല് രേവണ്ണയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തേക്കും. ഹുബ്ബള്ളിയിൽ ഇന്ന് ചേരുന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി കുമാര സ്വാമി പറഞ്ഞു. അതിനിടെ എച്ച്.ഡി രേവണ്ണയുടെയും പ്രജ്വലിന്റെയും പേരിൽ 47 കാരി നൽകിയ ലൈംഗികപീഡന പരാതിയിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. രേവണ്ണയുടെ വീട്ടിലെ മുൻ ജോലിക്കാരിയാണ് പരാതി നൽകിയിരിക്കുന്നത്.