എന്ത് കൊണ്ട് മോദി ഇന്ത്യക്കെതിരെ? കാമ്പയിൻ ട്വിറ്റർ ട്രെൻഡിങ്ങിൽ ഒന്നാമത്
|#WhyModiAgainstIndia ഹാഷ്ടാഗിൽ 21,000 ത്തിലധികം ട്വീറ്റുകളാണ് വന്നിട്ടുള്ളത്
എന്ത് കൊണ്ട് മോദി ഇന്ത്യക്കെതിരെ (#WhyModiAgainstIndia) കാമ്പയിൻ ട്വിറ്റർ ട്രെൻഡിങ്ങിൽ ഒന്നാമത്. 21,000 ത്തിലധികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ വന്നിട്ടുള്ളത്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്വേഷം പരത്തൽ, കർഷക വിരുദ്ധനിയമങ്ങൾ, കർഷകരെ ചൂഷണം ചെയ്യൽ, ഉപഭോക്തൃ വിരുദ്ധത തുടങ്ങിയവയാണ് കാമ്പയിനിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്.
കാർഷകരെ കുത്തകകൾക്ക് ചൂഷണം ചെയ്യാൻ അവസരം ഒരുക്കുന്ന നിയമം എന്ത്‌കൊണ്ട് നിർമിച്ചുവെന്നും ഉത്പന്നങ്ങൾ മെച്ചപ്പെട്ട വില ലഭിക്കാൻ സഹായിക്കുന്ന എ.പി.എം.സികളെയും എം.എസ്.പികളെയും എന്തിന് അപ്രസക്തമാക്കുന്നുവെന്നും ട്വിറ്റർ പ്രതിഷേധകർ ചോദിക്കുന്നു. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട ജനങ്ങൾ ഒത്തൊരുമയോടെ ജീവിക്കുന്നത് നിങ്ങൾ ഭയക്കുന്നതെന്തിനെന്നും എന്തിന് ഭിന്നിപ്പ് സൃഷ്ടിക്കുന്നുവെന്നും ചോദ്യം ഉയർത്തുന്നു. പെട്രോൾ, ഡീസൽ വിലയിൽവന്ന വൻ വർധനവും ഇടക്കാലത്ത് നൽകിയ ചെറിയ ഇളവും കാമ്പയിനിൽ ചർച്ചയാകുന്നു. മോദി അനുകൂല മാധ്യമങ്ങളും ട്വിറ്ററിൽ നിശിത വിമർശനമാണ് നേരിടുന്നത്.