നിരത്തിയത് എഴുപതിനായിരം കസേരകൾ, വന്നത് ഏഴായിരം പേർ മാത്രം; മോദി പഞ്ചാബ് റാലി ഉപേക്ഷിച്ചതിന് പിന്നിൽ
|ഫിറോസ്പൂരിലെ സമ്മേളന വേദിയിൽ നിന്നുള്ള വീഡിയോ പഞ്ചാബിലെ പിടിസി ന്യൂസ് പങ്കുവച്ചിട്ടുണ്ട്.
അമൃത്സർ: ഫിറോസ്പൂരിൽ ബുധനാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തേണ്ടിയിരുന്ന റാലി മാറ്റിവച്ചതിന് പിന്നിൽ സുരക്ഷാ വീഴ്ചയല്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി. ആളു കുറഞ്ഞതാണ് റാലി മാറ്റിവയ്ക്കാനുള്ള കാരണമെന്നും അദ്ദേഹം ആരോപിച്ചു. എഴുപതിനായിരം കസേരകൾ നിരത്തിയിരുന്ന റാലിയിൽ വെറും ഏഴായിരം പേർ മാത്രമാണ് എത്തിയത് എന്നും ഛന്നി ചൂണ്ടിക്കാട്ടി.
'ഒരു സുരക്ഷാ വീഴ്ചയും (മോദിയുടെ യാത്ര) ഉണ്ടായിട്ടില്ല. പ്രധാനമന്ത്രി യാത്ര റോഡ് മാർഗമാക്കിയത് അവസാന നിമിഷമാണ്. ഹെലികോപ്ടറിൽ പോകാനായിരുന്നു ആദ്യത്തെ പദ്ധതി. റാലിയുടെ സുരക്ഷാ ക്രമീകരണങ്ങൾ കഴിഞ്ഞ രാത്രിയും ഞാൻ വിശലകനം ചെയ്തിരുന്നു. എഴുപതിനായിരം കസേരകളാണ് അവിടെ ഒരുക്കിയിരുന്നത്. എന്നാൽ ഏഴായിരം പേർ മാത്രമേ വന്നുള്ളൂ.'- അദ്ദേഹം പറഞ്ഞു.
ഫിറോസ്പൂരിലെ സമ്മേളന വേദിയിൽ നിന്നുള്ള വീഡിയോ പഞ്ചാബിലെ പിടിസി ന്യൂസ് പങ്കുവച്ചിട്ടുണ്ട്. എൺപതിനായിരം പേർക്ക് സീറ്റ് നിരത്തിയിരുന്നു എന്നും പതിനായിരത്തോളം ആളുകൾ മാത്രമേ വന്നിട്ടുള്ളൂ എന്നാണ് വാർത്തയിൽ പറയുന്നത്. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയും ആളുകൾ വരാത്തതിന് കാരണമായി പറയപ്പെടുന്നു.
അതിനിടെ, പഞ്ചാബ് സന്ദർശനത്തിനിടെ 15-20 മിനിറ്റ് നേരമാണ് പ്രധാനമന്ത്രി ഫ്ളൈ ഓവറിൽ കുടുങ്ങിയത്. കർഷക പ്രതിഷേധത്തെ തുടർന്നാണ് മോദിയുടെ വാഹനവ്യൂഹത്തിന്റെ യാത്ര തടസ്സപ്പെട്ടത്.ഫിറോസ്പൂർ ജില്ലയിലെ ഹുസൈനിവാലയിൽ സ്ഥിതി ചെയ്യുന്ന ദേശീയ രക്തസാക്ഷി മെമ്മോറിയലിലായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. ബതിൻഡ വിമാനത്താവളത്തിൽ ഇറങ്ങിയ മോദി റോഡ് മാർഗമാണ് ഇവിടേക്ക് യാത്ര തിരിച്ചത്. മെമ്മോറിയലിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കുടുങ്ങിയത്.
प्रिय नड्डा जी,
— Randeep Singh Surjewala (@rssurjewala) January 5, 2022
रैली रद्द होने का कारण ख़ाली कुर्सियाँ रहीं।
यक़ीन न हो तो, देख लीजिए 👇
और हाँ, बेतुकी बयानबाज़ी नहीं,
किसान विरोधी मानसिकता का सच स्वीकार कीजिए और आत्म मंथन कीजिए ।
पंजाब के लोगों ने रैली से दूरी बनाकर अहंकारी सत्ता को आईना दिखा दिया है। pic.twitter.com/jhgrsqOv1t
സുരക്ഷാ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പഞ്ചാബിനോട് വിശദീകരണം ചോദിച്ചു. തെരഞ്ഞെടുപ്പിൽ പരാജയം മുമ്പിൽക്കണ്ടാണ് കോൺഗ്രസ് പ്രധാനമന്ത്രിയുടെ റാലി തടസ്സപ്പെടുത്തുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ആരോപിച്ചു.
കർഷക സമരത്തിനിടെ മരിച്ച കർഷകരുടെ ഓരോ കുടുംബത്തിനും ഒരുകോടി രൂപവീതം സഹായധനം അനുവദിക്കുക, അറസ്റ്റിലായ കർഷകരെ മോചിപ്പിക്കുക, ലഖിംപുർ സംഭവത്തിൽ ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കർഷകരുടെ പ്രതിഷേധം. ഫിറോസ്പൂർ ജില്ലയിൽ പതിനായിരത്തോളം സുരക്ഷാഭടന്മാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം പഞ്ചാബിലെത്തുന്ന മോദി 42,750 കോടിയുടെ പദ്ധതികൾക്കായിരുന്നു തറക്കല്ലിടേണ്ടിയിരുന്നത്.
വിവാദ കൃഷി നിയമങ്ങൾ പിൻവലിച്ച ശേഷം പഞ്ചാബിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമായിരുന്നു ഇത്. കിസാൻ മസ്ദൂർ സംഘർഷ് സമിതി, ക്രാന്തികാരി കിസാൻ യൂണിയൻ, ആസാദ് കിസാൻ കമ്മിറ്റി ദോബ, ജയ് കിസാൻ ആന്ദോളൻ, ബി.കെ.യു.സിദ്ധുപുർ, കിസാൻ സംഘർഷ് കമ്മിറ്റി (കോട്ബുധ), ലോക് ഭലായ് വെൽഫെയർ സൊസൈറ്റി, ബി.കെ.യു. ക്രാന്തികാരി, ദസൂയ കമ്മിറ്റി എന്നീ കർഷകസംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.