കങ്കണ, തമന്ന, ഇഷ...പാർലമെന്റിൽ താരനിര; രാഷ്ട്രപതി എവിടെയെന്ന് വിമർശം
|പുതിയ പാർലമെന്റിലേക്ക് രാഷ്ട്രപതിയെ ഇതുവരെ ക്ഷണിക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കാത്ത കേന്ദ്രസർക്കാർ നടപടിക്ക് വിമർശം. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങൾ അടക്കമുള്ളവരെ സർക്കാർ ക്ഷണിച്ച സാഹചര്യത്തിലാണ് വിഷയം സജീവ ചർച്ചയാകുന്നത്. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ പരസ്യമായി വിഷയം ഉന്നയിച്ചു.
രണ്ടു ദിവസങ്ങളിലായി കങ്കണ റണൌട്ട്, ഇഷ ഗുപ്ത ഷഹനാസ് ഗിൽ, തമന്ന ഭാട്ടിയ, ദിവ്യ ദത്ത, സപ്‌ന ചൗധരി, ഭൂമി പട്‌നേക്കർ, ഫാഷൻ ഡിസൈനർ റിന ധാക്ക തുടങ്ങിയവരാണ് പാർലമെന്റ് കാണാനെത്തിയത്. എല്ലാവരും വനിതാ സംവരണ ബില്ലിനെ പ്രകീർത്തിച്ച് സംസാരിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം വീഡിയോ ദേശീയ വാർത്താ ഏജൻസിയായ എഎൻഐ അവരുടെ ട്വിറ്റർ ഹാൻഡ്‌ലിൽ പങ്കുവച്ചിട്ടുണ്ട്.
രാജ്യത്തെ സ്ത്രീകളെ സംബന്ധിച്ച് ചരിത്രപരമായ തീരുമാനം എന്നാണ് കങ്കണ വനിതാ സംവരണ ബില്ലിനെ വിശേഷിപ്പിച്ചത്. 'ഈ ദിവസം ബിജെപിക്ക് ഏതു ബില്ലും കൊണ്ടുവരാമായിരുന്നു. എന്നാൽ അവർ സ്ത്രീ ശാക്തീകരണമാണ് തെരഞ്ഞെടുത്തത്. അവരുടെ ചിന്തയുടെ ആവിഷ്‌കാരമാണിത്. രാജ്യം യോജിച്ച കൈകളിലാണ് എന്നാണ് ഞാൻ കരുതുന്നത്.' - എന്നായിരുന്നു കങ്കണയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വാഗ്ദാനം ചെയ്തതാണ് വനിതാ സംവരണമെന്നും അതവർ കൊണ്ടു വന്നു എന്നുമായിരുന്നു ഇഷ ഗുപ്തയുടെ വാക്കുകൾ. 'ചരിത്ര ദിനമാണിന്ന്. ഒരുപാട് സർക്കാറുകൾ വന്നു. അവർ ശ്രമിച്ചിട്ടും നടന്നില്ല. ഇപ്പോൾ കേന്ദ്രം അതവതരിപ്പിച്ചു' - ഇഷ പറഞ്ഞു.
സാധാരണക്കാരെ രാഷ്ട്രീയത്തിൽ ഇറങ്ങാൻ പ്രേരിപ്പിക്കുന്നതാണ് വനിതാ സംവരണ ബില്ലെന്ന് തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ ചൂണ്ടിക്കാട്ടി. 'ഇക്കാര്യത്തിൽ ബോധവൽക്കരണം ഉണ്ടാകേണ്ടതുണ്ട്. രാഷ്ട്രീയത്തിലിറങ്ങുന്നത് ബുദ്ധിമുട്ടാണ് എന്നാണ് സിനിമാ മേഖലയിലുള്ളവർ കരുതുന്നത്. എന്നാൽ വനിതാ സംവരണ ബിൽ സാധാരണക്കാരെ രാഷ്ട്രീയത്തിലിറങ്ങാൻ പ്രേരിപ്പിക്കുന്നതാണ്' - അവർ കൂട്ടിച്ചേർത്തു.
അതിനിടെ, പാർലമെന്റിലേക്ക് രാഷ്ട്രപതിയെ ഇതുവരെ ക്ഷണിക്കാത്തത് എന്തു കൊണ്ടാണ് എന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. ഡിഎംകെയും തൃണമൂൽ കോൺഗ്രസും ഇക്കാര്യം പരസ്യമായി ഉന്നയിച്ചു. സനാതന ധർമ വിവാദത്തിന്റെ കേന്ദ്രബിന്ദുവായ ഉദയനിധി സ്റ്റാലിൻ ഇതേക്കുറിച്ച് പറഞ്ഞതിങ്ങനെ;
'ചില ഹിന്ദി അഭിനേതാക്കൾ പുതിയ പാർലമെന്റ് മന്ദിരം സന്ദർശിച്ചു. എന്നാൽ ഇതുവരെ നമ്മുടെ രാഷ്ട്രപതിയെ ക്ഷണിച്ചിട്ടില്ല. എന്തുകൊണ്ടാണ്? ദ്രൗപതി മുർമു ഗോത്രവിഭാഗത്തിൽപ്പെട്ടയാളാണ്. ഇതിനാണ് സനാതൻ ധർമ എന്നു പറയുന്നത്' - എന്നായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
പ്രധാനമന്ത്രി വനിതാ സംവരണ ബിൽ കൊണ്ടുവന്ന ദിവസം, ന്യൂനപക്ഷങ്ങളെ കുറിച്ചും ഗോത്രവിഭാഗങ്ങളെ കുറിച്ചും സംസാരിച്ച ദിവസം, രാഷ്ട്രപതിയെ ആ ചടങ്ങിൽനിന്ന് മാറ്റി നിർത്തുകയായിരുന്നു എന്നാണ് തൃണമൂൽ നേതാവ് ഡെറക് ഒബ്രയാൻ ആരോപിച്ചത്. പഴയ പാർലമെന്റിലെ സെൻട്രൽ ഹാളിലെ സംയുക്ത സമ്മേളനത്തിലായിരുന്നു വനിതാ സംവരണ ബിൽ അവതരണം. ചടങ്ങിലേക്ക് രാഷ്ട്രപതി ക്ഷണിക്കപ്പെട്ടിരുന്നില്ല.
നേരത്തെ, മെയ് മാസത്തിൽ നടന്ന പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിലേക്കും രാഷ്ട്രപതിയെ കേന്ദ്രം ക്ഷണിച്ചിരുന്നില്ല. രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടി കോൺഗ്രസ് അടക്കമുള്ള 21 പ്രതിപക്ഷ കക്ഷികൾ ചടങ്ങില്‍നിന്ന് വിട്ടുനിന്നിരുന്നു. പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് പാർലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടത് എന്നായിരുന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നത്.