ബംഗ്ലാദേശിന്റെ സെന്റ് മാർട്ടിൻസ് ദ്വീപിൽ യുഎസിന് കണ്ണുണ്ടോ? ശൈഖ് ഹസീനയുടെ അവകാശവാദത്തിന് പിന്നിൽ
|എന്താണ് ഈ ദ്വീപിന്റെ പ്രത്യേകത? എത്രമാത്രം തന്ത്രപ്രധാനമാണത്? യുഎസ് ഇവിടം നോട്ടമിട്ടിട്ടുണ്ടോ? | Explainer
സെന്റ് മാർട്ടിൻസ് ദ്വീപിന്റെ പരമാധികാരം യുഎസിനു വിട്ടുകൊടുക്കാതിരുന്നതാണ് തന്റെ രാജിക്ക് കാരണമെന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ 'അവകാശവാദം' ചർച്ചകൾക്കു വഴി വച്ചിരിക്കുകയാണ്. ബംഗ്ലാദേശിൽനിന്ന് രക്ഷപ്പെടും മുമ്പ് രാജ്യത്തെ അഭിസംബോധന ചെയ്യാൻ തയ്യാറാക്കിയ കുറിപ്പിൽ ഇക്കാര്യം ഹസീന പറയാൻ ആഗ്രഹിച്ചിരുന്നു എന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ അമേരിക്കയിലുള്ള മകൻ സജീവ് വസിദ് ജോയ് ഈ റിപ്പോർട്ടുകൾ തള്ളിയിട്ടുണ്ട്. എന്നാൽ സെന്റ് മാർട്ടിൻ ദ്വീപ് ഇതിനകം ലോകശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. എന്താണ് ഈ ദ്വീപിന്റെ പ്രത്യേകത? എത്രമാത്രം തന്ത്രപ്രധാനമാണത്? യുഎസ് ഇവിടം നോട്ടമിട്ടിട്ടുണ്ടോ?- പരിശോധിക്കുന്നു.
വിസ്തൃതിയില്‍ കുഞ്ഞു ദ്വീപ്
മൂന്ന് ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ചെറുദ്വീപാണ് സെന്റ് മാർട്ടിൻസ്. ബംഗ്ലാദേശിലെ കോക്‌സ് ബസാർ-തെക്‌നാഫ് മുമ്പിൽനിന്ന് ഒമ്പതു കിലോമീറ്ററും മ്യാന്മറിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ നിന്ന് എട്ടു കിലോമീറ്ററും മാത്രമാണ് ഇവിടേക്കുള്ള ദൂരം. കൃഷിയും മീൻപിടിത്തവും ഉപജീവനമാക്കി കഴയുന്ന 5500 തദ്ദേശവാസികളാണ് ഇവിടെ താമസിക്കുന്നത്.
നെല്ലും തേങ്ങയുമാണ് പ്രധാനകൃഷി. നാരികേൽ ജിൻജിറ (നാളികേര ദ്വീപ്) എന്നാണ് തദ്ദേശീയമായി ഇതിന്റെ വിളിപ്പേര്. ബംഗ്ലാദേശിലെ ഏക പവിഴദ്വീപു കൂടിയാണിത്. 66 ഇനം പവിഴപ്പുറ്റുകളും 153 ഇനം കടൽപായലും 240 ഇനം മത്സ്യങ്ങളും ദ്വീപിന്റെ സ്വന്തം. കോക്ബസാറിൽ നിന്നും തെക്‌നാഫിൽനിന്നും ജല മാർഗമേ ദ്വീപിലേക്ക് എത്താനാകൂ. കോക് ബസാർ നഗരത്തിൽനിന്ന് ഇവിടേക്ക് 120 കിലോമീറ്ററാണ് ദൂരം. വിദേശികൾ അടക്കമുള്ള സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ് ഈ ദ്വീപ്.
തന്ത്രപ്രധാനമാകുന്നത് എങ്ങനെ?
മ്യാന്മറിനോട് സമുദ്രാതിർത്തി പങ്കിടുന്ന ബംഗാൾ ഉൾക്കടലിലാണ് സെന്റ് മാർട്ടിൻസ് ദ്വീപിന്റെ കിടപ്പ്. ഇവിടെ നിന്ന് സമുദ്രഗതാഗതവും ചരക്കുനീക്കവും വ്യക്തമായി വീക്ഷിക്കാനാകും. പസഫിക് സമുദ്രത്തെയും ഇന്ത്യൻ മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന സുപ്രധാന സമുദ്രപാതയായ മലാക്ക കടലിടുക്കിലേക്ക് നോട്ടവും കിട്ടും. ലോകത്തെ 60 ശതമാനം സമദ്രനീക്കവും നടക്കുന്നത് മലേഷ്യക്കും ഇന്തൊനേഷ്യക്കും ഇടയിലൂടെ കടന്നുപോകുന്ന പാതയിലൂടെയാണ്. ദിനംപ്രതി കടന്നു പോകുന്നത് 250ഓളം കപ്പലുകൾ. ഏഷ്യൻ വൻശക്തികളായ ചൈനയിലേക്കും ജപ്പാനിലേക്കുമുള്ള എണ്ണക്കപ്പലുകളും കടന്നുപോകുന്നത് ഇതുവഴിയാണ്. ഇന്ത്യ, ഗൾഫ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള ചൈനയുടെ വ്യാപാര നീക്കത്തിന്റെ സിംഹഭാഗവും ഇതുവഴിയാണ് എന്നതു കൊണ്ടു തന്നെ ചൈനയ്ക്ക് പാത നിർണായകമാണ്. ഇതേ കാരണം കൊണ്ടുതന്നെ യുഎസിനും.
വർഷങ്ങളായി ദക്ഷിണ ചൈനാ കടലിലും മലാക്ക കടലിടുക്കിലും സാന്നിധ്യം വർധിപ്പിച്ചു വരികയാണ് ചൈന. ഇതുകൂടാതെ ബെൽറ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവ് (ബിആർഐ) പദ്ധതി പ്രകാരം ബംഗ്ലാദേശിലും മ്യാന്മറിലും കൂടുതൽ നിക്ഷേപങ്ങളും നടത്തിയിട്ടുണ്ട്. ഈ ഭീഷണി മറികടക്കാൻ ദക്ഷിണേഷ്യയിൽ ഒരു താവളം കൂടിയുണ്ടാകുക എന്നത് യുഎസിന്റെ ആവശ്യമാണ്. സെന്റ് മാർട്ടിനിൽ താവളമുണ്ടായാൽ മലാക്ക കടലിടുക്ക് വഴിയുള്ള എല്ലാ ചരക്കുനീക്കവും യുഎസിന് നിരീക്ഷിക്കാനാകും. ഇന്ത്യയിലേക്കും യുഎസിന്റെ കണ്ണെത്തും.
ഏഷ്യൻ രാജ്യങ്ങളുമായുള്ള നയതന്ത്ര സംവിധാനമായ ക്വാഡിൽ ബംഗ്ലാദേശിനെ ഉൾപ്പെടുത്തി ദ്വീപ് പാട്ടത്തിനു വാങ്ങാൻ യുഎസ് ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും യുഎസ് തുടക്കം മുതൽ തന്നെ നിരാകരിക്കുന്നുണ്ട്. ബംഗ്ലാദേശുമായുള്ള പങ്കാളിത്തത്തിന് മൂല്യം കൽപ്പിക്കുന്നുവെന്നും ദ്വീപുമായി ബന്ധപ്പെട്ട് താത്പര്യങ്ങളില്ല എന്നുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് വ്യക്തമാക്കിയിരുന്നത്.
ചരിത്രം പറയുന്നത്
18-ാം നൂറ്റാണ്ടിൽ അറേബ്യൻ വണിക്കുകളാണ് ദ്വീപിൽ ആദ്യമായി താമസിച്ചത് എന്നതാണ് ചരിത്രം. ദ്വീപിന് ജസീറ (അറബിയിൽ ദ്വീപ്) എന്ന് പേരിടുകയും ചെയ്തു. 1900ത്തിൽ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ ദ്വീപിന് ഇംഗ്ലീഷുകാർ സെന്റ് മാർട്ടിൻ എന്ന ക്രിസ്ത്യൻ പാതിരിയുടെ പേരു നൽകി. ബ്രിട്ടീഷ് ഇന്ത്യയിലെ ചിറ്റഗോങ് ഡെപ്യൂട്ടി കമ്മിഷണറായിരുന്നു സെന്റ് മാർട്ടിൻ. 1947ലെ വിഭജനത്തെ തുടർന്ന്് ദ്വപ് പാകിസ്താന്റെ ഭാഗമായി. 1971ൽ ബംഗ്ലാദേശ് വിമോചന യുദ്ധത്തോടെ ബംഗ്ലാദേശിന്റെ ഭാഗവും. മ്യാന്മർ ദ്വീപിൽ അവകാശവാദം ഉന്നയിച്ചിരുന്നുവെങ്കിലും 1974ൽ ഇരുരാഷ്ട്രങ്ങളും തമ്മിൽ ധാരണയിലെത്തിയതോടെ ദ്വീപ് സമ്പൂർണായി ബംഗ്ലാദേശ് നിയന്ത്രണത്തിലായി. 2012ൽ ഈ ധാരണ ഇന്റർനാഷണൽ ട്രിബ്യൂണൽ ഓഫ് ലോ ഓഫ് ദ സീ അംഗീകരിക്കുകയും ചെയ്തു.
കഴിഞ്ഞ ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ വിഷയമായിരുന്നു ഈ കുഞ്ഞുദ്വീപ്. ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധികാരത്തിലെത്തിയാൽ ദ്വീപ് യുഎസിന് വിട്ടുകൊടുക്കുമെന്ന് ശൈഖ് ഹസീന പറഞ്ഞിരുന്നു. ഇത്തരമൊരു നീക്കത്തിന് തന്റെ സർക്കാർ സമ്മതിക്കില്ലെന്നും ഹസീന വാഗ്ദാനം ചെയ്തിരുന്നു. ഈ വേളയിലും യുഎസ് സ്റ്റേറ്റ് ഡിപാർട്‌മെന്റ് ഹസീനയുടെ ആരോപണം നിഷേധിച്ചിരുന്നു.
ശൈഖ് ഹസീനയുടെ ആരോപണങ്ങൾ യുഎസ് ശക്തമായി നിഷേധിക്കുന്നുണ്ടെങ്കിലും പലതു കൊണ്ടും തന്ത്രപ്രധാനമാണ് സെന്റ് മാർട്ടിൻ ദ്വീപ് എന്നതിൽ സംശയമില്ല.
ശൈഖ് ഹസീനയുടെ രാജിക്ക് പിന്നിൽ
വിദ്യാർഥി സമൂഹത്തിൽനിന്നു തുടങ്ങിയ സംവരണ വിരുദ്ധ പ്രക്ഷോഭത്തിനൊടുവിലാണ് ശൈഖ് ഹസീനയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നത്. സർക്കാർ ജോലികളിലെ 30 ശതമാനം സംവരണം സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കൾക്ക് നീക്കിവയ്ക്കാനുള്ള തീരുമാനമാണ് പ്രതിഷേധങ്ങൾക്കു വഴി വച്ചത്. ശൈഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് പ്രവർത്തകരെ സർക്കാർ ജോലികളിൽ തിരുകിക്കയറ്റാനുള്ളതാണ് സംവരണം എന്നാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്.
രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപവത്കരിക്കപ്പെട്ടിട്ടുണ്ട്.