സ്ത്രീകളുടെ അവകാശങ്ങൾ തീരുമാനിക്കേണ്ടത് പുരുഷന്മാരോ? : കനിമൊഴി
|വിവാഹപ്രായ ഭേദഗതി ബിൽ പരിശോധിക്കുന്ന 31 അംഗ പാർലമെന്ററി കമ്മിറ്റിയിൽ ഒരു വനിത മാത്രം
സ്ത്രീകളുടെ വിവാഹപ്രായം 18 ൽ നിന്നും 21 ആക്കി ഉയർത്താനുള്ള ബിൽ പരിശോധിക്കുന്ന പാർലമെന്ററി കമ്മിറ്റിയിൽ കേവലം ഒരു വനിതാ അംഗത്തെ മാത്രം ഉൾപ്പെടുത്തിയതിനെ വിമർശിച്ച് ഡി.എം.കെ എം.പി കനിമൊഴി.
" നിലവിൽ ആകെ 110 വനിതാ എം.പിമാരുണ്ട്. എന്നാൽ രാജ്യത്തെ സ്ത്രീകളെ ബാധിക്കുന്ന ഒരു ബില്ല് പരിശോധിക്കുന്ന കമ്മിറ്റിയിലേക്ക് സർക്കാർ തെരഞ്ഞെടുത്തത് 30 പുരുഷന്മാരെയും ഒരു വനിതാ അംഗത്തെയുമാണ്. പുരുഷൻമാർ ഇനിയും സ്ത്രീകളുടെ അവകാശങ്ങൾ തീരുമാനിക്കും. സ്ത്രീകൾ ഇനിയും കാഴ്ചക്കാരായി തുടരും" - കനിമൊഴി പറഞ്ഞു.
31 അംഗ പാർലമെന്ററി കമ്മിറ്റിയിൽ കേവലം ഒരു വനിതാ പ്രതിനിധി മാത്രമേയുള്ളുവെന്ന വിവരം പുറത്ത് വന്നതോടെയാണ് കനിമൊഴിയുടെ പ്രതികരണം. സ്ത്രീകളുടെ വിവാഹപ്രായം 18 ൽ നിന്നും 21 ആക്കി ഉയർത്താനുള്ള ശൈശവ വിവാഹ നിരോധന (ഭേദഗതി) ബിൽ പരിശോധിക്കുന്ന കമ്മിറ്റിയുടെ തലവൻ ബി.ജെ.പി എം.പി വിനയ് സഹസ്രബുദ്ധെയാണ്. രാജ്യസഭയിലെ തൃണമൂൽ കോൺഗ്രസ് അംഗം സുഷ്മിത ദേവാണ് കമ്മിറ്റിയിലെ ഏക വനിതാ അംഗം.
Summary : Why should men decide the rights of women? asks DMK's Kanimozhi