India
‘Why should we teach about riots in schools?: NCERT chief on tweaks in textbooks
India

'കലാപങ്ങളെക്കുറിച്ച് കുട്ടികളെ എന്തിന് പഠിപ്പിക്കണം?'; 'ബാബരി' വെട്ടിയതിൽ എൻസിഇആർടി

Web Desk
|
16 Jun 2024 12:30 PM GMT

"കലാപങ്ങളെ കുറിച്ചൊക്കെ കുട്ടികൾ സ്വയം അറിയുമായിരിക്കും, സ്‌കൂളിൽ നിന്ന് പാഠപുസ്തകത്തിലൂടെ അത് വേണോ എന്നാണ് ചോദ്യം"

ന്യൂഡൽഹി: പാഠപുസ്തകത്തിൽ ബാബരി മസ്ജിദിന്റെ പേര് പരാമർശിക്കാത്തതിൽ വിശദീകരണവുമായി എൻസിഇആർടി. കലാപങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കേണ്ട എന്ന ഉദ്ദേശത്തിലാണ് പേര് വെട്ടിയതെന്നാണ് ഡയറക്ടർ ദിനേശ് പ്രസാദ് സക്‌ലാനിയുടെ പ്രതികരണം. പോസിറ്റീവായ തലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്നും അക്രമാസക്തരായ പൗരന്മാരെയല്ല രാജ്യത്തിന് വേണ്ടതെന്നും സക്‌ലാനിയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

"വിദ്വേഷം പ്രചരിപ്പിക്കുന്ന, അക്രമാസക്തരായ ഒരു തലമുറയെ വാർത്തെടുക്കുകയാണോ നമ്മുടെ ലക്ഷ്യം? അതാണോ വിദ്യാഭ്യാസത്തിലൂടെ നേടേണ്ടത്? ഇത്രയും ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ വെറുപ്പും പകയും നിറയ്ക്കണോ എന്ന് നാം ചിന്തിക്കണം. ഭാവിയിൽ ഈ കലാപങ്ങളെ കുറിച്ചൊക്കെ അവർ സ്വയം അറിയുമായിരിക്കും. പക്ഷേ സ്‌കൂളിൽ നിന്ന് പാഠപുസ്തകത്തിലൂടെ അത് വേണോ എന്നാണ് ചോദ്യം. എന്താണ് സംഭവിച്ചതെന്നും എന്തിനാണ് സംഭവിച്ചതെന്നുമൊക്കെ അവർ സ്വയം മനസ്സിലാക്കട്ടെ. ഒരു കഴമ്പുമില്ലാത്ത വാദപ്രതിവാദങ്ങളാണ് ഇപ്പോൾ നടക്കുന്നത്". സക്‌ലാനി പറഞ്ഞു.

പ്ലസ്ടു പൊളിറ്റിക്‌സ് പാഠപുസ്തകത്തിലാണ് ബാബരി മസ്ജിദിന്റെ പേര് എൻസിഇആർടി ഒഴിവാക്കിയത്. പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച പള്ളി എന്നതിന് പകരം മൂന്ന് മിനാരങ്ങളുള്ള കെട്ടിടം എന്നാണ് വിശേഷണം. ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട പത്രവാർത്തകളും എൻസിഇആർടി പുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാമജന്മഭൂമിയിൽ നിർമിച്ച കെട്ടിടത്തിനകത്തും പുറത്തും ഹിന്ദു ചിഹ്നങ്ങളും അവശിഷ്ടങ്ങളും കാണാൻ സാധിച്ചിരുന്നുവെന്നും പാഠഭാഗത്തിൽ പറയുന്നു.

സുപ്രിംകോടതി വിധിക്ക് ശേഷം വരുത്തിയ മാറ്റങ്ങളാണിതെന്ന് എൻസിആർടി അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് പുസ്തകം പുറത്തിറക്കിയത്. നേരത്തേ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് നാല് പേജുകൾ പുസ്തകത്തിലുണ്ടായിരുന്നു. ഇത് രണ്ട് പേജായി കുറച്ചു.

ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന് എതിരായ സുപ്രിംകോടതി നടപടിയും പുതിയ പുസ്തകത്തിൽ ഇല്ല. ഗുജറാത്തിലെ സോമനാഥിൽനിന്ന് അയോധ്യ വരെയുള്ള ബി.ജെ.പി രഥയാത്ര, കർസേവകരുടെ പങ്ക്, ബാബരി മസ്ജിദ് തകർത്തതിനെ തുടർന്നുണ്ടായ വർഗീയ കലാപം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണം, അയോധ്യയിലുണ്ടായ സംഭവങ്ങളുടെ പേരിൽ ബി.ജെ.പി നടത്തിയ ഖേദപ്രകടനം എന്നിവയെല്ലാം പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Similar Posts