മഹാരാഷ്ട്രയിൽ ക്ഷേത്രങ്ങൾ തുറക്കാത്തതെന്ത്; പ്രതിഷേധവുമായി അണ്ണാ ഹസാരെ
|"മദ്യഷാപ്പുകൾക്ക് മുമ്പിൽ വലിയ നിരയാണ് കാണുന്നത്"
മുംബൈ: കോവിഡ് മൂലം അടച്ചിട്ട ക്ഷേത്രങ്ങൾ തുറക്കാത്ത മഹാരാഷ്ട്ര സർക്കാർ നടപടിക്കെതിരെ അണ്ണാ ഹസാരെ. ക്ഷേത്രത്തിലെ നിയന്ത്രണങ്ങൾ നീക്കിയില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഹസാരെ പറഞ്ഞു. റെലഗാൻ സിദ്ധിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്തു കൊണ്ടാണ് സംസ്ഥാന സർക്കാർ ക്ഷേത്രങ്ങൾ തുറക്കാത്തത്. തുറന്നാൽ സംസ്ഥാന സർക്കാറിന് അതെന്ത് അപകടമാണ് ഉണ്ടാക്കുക. കോവിഡാണ് കാരണമെങ്കിൽ മദ്യഷാപ്പുകൾക്ക് മുമ്പിൽ വലിയ നിരയാണല്ലോ' - 84കാരൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് ആരെങ്കിലും പിന്തുണയാവശ്യപ്പെട്ടാൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ ബിജെപിയും ഉദ്ധവ് താക്കറെ സർക്കാറിനെതിരെ രംഗത്തെത്തി. ക്ഷേത്രങ്ങൾ തുറക്കണമെന്നും ബാറുകളേക്കാളും മാളുകളേക്കാളും കുറവാണ് ക്ഷേത്രത്തിലെത്തുന്നവരെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ചൂണ്ടിക്കാട്ടി.
അതിനിടെ, ഒരു ഘട്ടത്തിൽ രൂക്ഷമായിരുന്ന കോവിഡ് മഹാരാഷ്ട്രയിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്. ശനിയാഴ്ച 4831 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്. 126 പേർ മരണത്തിന് കീഴടങ്ങി. കോവിഡ് ഭീതി കുറഞ്ഞതോടെ സർക്കാർ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.