'ബി.ജെ.പി പേടിച്ചു'; എന്തുകൊണ്ട് മഹാരാഷ്ട്രയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല? വിമർശനവുമായി പ്രതിപക്ഷം
|'ബോസ്' അവർക്ക് അനുവാദം കൊടുത്തില്ലെന്നായിരുന്നു ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെയുടെ പ്രതികരണം. മോദിയെ ഉന്നമിട്ടായിരുന്നു ആദിത്യ താക്കറെയുടെ ബോസ് പരാമർശം.
മുംബൈ: ഇന്നലെയാണ് ഹരിയാന-ജമ്മുകശ്മീർ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചത്. സാധാരണ ഹരിയാനയോടൊപ്പം തന്നെയാണ് മഹാരാഷ്ട്രയിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാറുള്ളത്. എന്നാൽ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാത്തത് ഏവരെയും അമ്പരപ്പിച്ചു.
ജമ്മുകശ്മീരില്‍ കനത്ത സുരക്ഷയൊരുക്കേണ്ടതിനാലും ഗണേശോത്സവം, നവരാത്രി, ദീപാവലി തുടങ്ങി തിരക്കേറിയ ഉത്സവ സീസണുമൊക്കെയാണ് മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് നീട്ടാനുള്ള കാരണമായി പറയുന്നത്. ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ജമ്മുകശ്മീരിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് ഇത്തവണ മഹാരാഷ്ട്രയെ ഒഴിവാക്കിയതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
കനത്ത മഴയെത്തുടർന്ന് വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികള്‍ വൈകിയിതും ഉത്സവ സീസണും മഹാരാഷ്ട്രയിലെ വോട്ടെടുപ്പ് നീട്ടാന്‍ കാരണമായതായും രാജീവ് കുമാര്‍ പറയുന്നുണ്ട്. നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിശ്വാസത്തിലെടുത്തിട്ടില്ല. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിന് കമ്മീഷനെ രൂക്ഷമായി വിമർശിച്ചാണ് പ്രതിപക്ഷം രംഗത്ത് എത്തിയത്. 'ബോസ്' അവർക്ക് അനുവാദം കൊടുത്തില്ലെന്നായിരുന്നു ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നമിട്ടായിരുന്നു ആദിത്യ താക്കറെയുടെ ബോസ് പരാമർശം.
"ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്" എന്നൊക്കെ വെറുതെ പറയുന്നതാണോയെന്നും മഹാരാഷ്ട്രയില്‍ മാത്രമാണോ മഴയുണ്ടായിരുന്നത് എന്നും അദ്ദേഹം ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ ബി.ജെ.പി പേടിച്ചിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കാന്‍ അവര്‍ സമയം കണ്ടെത്തുകയാണ് എന്നായിരുന്നു ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയുടെ പ്രതികരണം.
'ഒരു തന്ത്രവും വിലപ്പോവില്ല. മഹാരാഷ്ട്രയിലെ ജനങ്ങൾ ബുദ്ധിയുള്ളവരാണ്, എപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ബി.ജെ.പിയുടെ കീഴിലുള്ള മഹായുതി സഖ്യത്തെ ജനങ്ങള്‍ തോല്‍പിക്കും' എന്നായിരുന്നു എന്‍.സി.പി വക്താവ് ക്ലൈഡ് ക്രാസ്റ്റോയുടെ പ്രതികരണം.
ജമ്മു കശ്മീർ, ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ നാല് നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഈ വർഷം നടക്കാനിരിക്കുന്നത്. മഹാരാഷ്ട്രയോടൊപ്പം ജാര്‍ഖണ്ഡിലേതും പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വർഷം ആദ്യത്തിലാണ് ഡൽഹിയിലേക്കുള്ള തെരഞ്ഞെടുപ്പ്.