ഹരിയാന: പുതിയ മന്ത്രിസഭയിൽ ജാതിയും പ്രാദേശിക ഘടകങ്ങളും പ്രധാനമാകുന്നത് എന്തുകൊണ്ട്? ബിജെപി മുൻഗണന നൽകുക ആർക്കെല്ലാം?
|48 എംഎൽഎമാരിൽ ഏറ്റവും കൂടുതൽ പേർ പട്ടികജാതിയിൽ നിന്നുള്ളവരായതിനാൽ രണ്ട് ദലിത് എംഎൽഎമാർക്കെങ്കിലും മന്ത്രിസ്ഥാനം ലഭിച്ചേക്കും
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹാട്രിക്ക് വിജയം നേടിയതിനു പിന്നാലെ ഏറ്റവും മികച്ച മന്ത്രിസഭയെ തിരഞ്ഞെടുക്കുന്നതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചിരിക്കുകയാണ് ബിജെപി. മുഖ്യമന്ത്രിയായി നയാബ് സിങ് സൈനി തന്നെ തുടരുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ഹൈക്കമാൻഡ് വ്യക്തമാക്കിയതാണ്. മന്ത്രിസഭയിലേക്ക് മറ്റാരെയൊക്കെ പരിഗണിക്കണമെന്നതിലാണ് ചർച്ചകൾ നടക്കുന്നത്.
ഹരിയാനയിൽ മുഖ്യമന്ത്രി ഉൾപ്പെടെ പരമാവധി 14 മന്ത്രിമാർ വരെ ആകാം എന്നാണ് ചട്ടം. മുൻ സൈനി മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന മൂൽചന്ദ് ശർമ്മയും മഹിപാൽ ധണ്ഡയും വീണ്ടും മന്ത്രിമാരാകും. അങ്ങനെയെങ്കിൽ പുതിയ മന്ത്രിസഭയിൽ കൂടുതൽ പുതുമുഖങ്ങൾക്കാണ് സാധ്യത. മന്ത്രിസ്ഥാനത്തിനു വേണ്ടി ഇതിനോടകം തന്നെ നിരവധി എംഎൽഎമാർ അവകാശവാദമുന്നയിച്ചിട്ടുണ്ട്. പലരും മുതിർന്ന നേതാക്കളെ കാണാനായി രണ്ട് ദിവസത്തോളമായി ഡൽഹിയിൽ കഴിയുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ, കേന്ദ്രമന്ത്രി എം.എൽ ഖട്ടർ, മുഖ്യമന്ത്രി നയാബ് സിങ് സൈനി തുടങ്ങിയവർ മന്ത്രിസഭയിലേക്ക് പരിഗണിക്കാൻ കഴിയുന്നവരുടെ ചുരുക്ക പട്ടിക തയാറാക്കി തുടങ്ങിയിട്ടുണ്ട്. ഇതിന് ലാവോസിൽ നിന്ന് മടങ്ങിയെത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകുമെന്നാണ് വിവരം.
ഏത് സംസ്ഥാനത്തേയും പോലെ ജാതി സമവാക്യങ്ങൾക്കും സാമുദായിക പരിഗണനയ്ക്കും തന്നെയാകും ഹരിയാനയിലും ബിജെപി പ്രാധാന്യം നൽകുക. പിന്നാക്ക വിഭാഗങ്ങളടക്കമുള്ളവരുടെ വോട്ടുകൾ നിർണായകമായിരുന്ന ഈ തെരഞ്ഞെടുപ്പിൽ പ്രത്യേകിച്ചും. സംസ്ഥാനത്തിലെ എല്ലാ വിഭാങ്ങളുടേയും പ്രതീക്ഷകളും അഭിലാഷങ്ങളും കണക്കിലെടുത്തായിരിക്കും മന്ത്രിസഭയെ തീരുമാനിക്കുകയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മോഹൻ ലാൽ ബദോലി വ്യക്തമാക്കിയിട്ടുണ്ട്. ഏതൊക്കെ ജാതി സമുദായത്തിൽ നിന്നുള്ളവർക്ക് എങ്ങനെയെല്ലാം പരിഗണന ലഭിക്കുമെന്നതു മാത്രമാണ് ഇനി അറിയേണ്ടത്.
ദലിതർ
സംസ്ഥാനത്തെ 17 പട്ടികജാതി സംവരണ മണ്ഡലങ്ങളിൽ ഒമ്പതും ബിജെപിക്കൊപ്പമായിരുന്നു. ആകെയുള്ള 48 എംഎൽഎമാരിൽ ഏറ്റവും കൂടുതൽ പേരും പട്ടിക ജാതിയിൽ നിന്നുള്ളവരാണ്. കുറഞ്ഞത് രണ്ട് ദലിത് എംഎൽഎമാർക്കെങ്കിലും സൈനി മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ലഭിച്ചേക്കും. ഇസ്രാനയിൽ നിന്ന് ആറ് തവണ എംഎൽഎയായ കൃഷൻ ലാൽ പൻവാറും നർവാനയിൽ നിന്ന് രണ്ട് തവണ എംഎൽഎയായ കൃഷൻ ബേദിയും ദലിത് വിഭാഗത്തെ പ്രതിനിധീകരിച്ച് മന്ത്രിസഭയിലെത്താനാണ് കൂടുതൽ സാധ്യത. രണ്ട് എംഎൽഎമാരും ഖട്ടറിന്റെ വിശ്വസ്തരായാണ് കണക്കാക്കപ്പെടുന്നത്.
ഒബിസി
മുഖ്യമന്ത്രി നയാബ് സിങ് സൈനിക്ക് പുറമെ ഒബിസി വിഭാഗത്തിൽ നിന്ന് കുറഞ്ഞത് രണ്ട് പേരെയാണ് മന്ത്രിസഭയിലേക്ക് പരിഗണിക്കാൻ സാധ്യത. അഹിർവാൾ മേഖലയിൽ നിന്ന് ആറ് യാദവ്- എംഎൽഎമാർ വിജയിച്ചിട്ടുണ്ടെങ്കിലും ആറ് തവണ എംഎൽഎയായ റാവു നർബീർ സിങ്ങിനാണ് പ്രഥമ പരിഗണന. പാർട്ടിയുടെ മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ റാവു ഇന്ദർജിത് സിങ് തന്റെ മകൾ ആരതി റാവുവിന് വേണ്ടി അവകാശവാദം ഉന്നയിച്ചെങ്കിലും മുതിർന്ന നേതാക്കളേ അവഗണിക്കാൻ ബിജെപി തയാറാകില്ല. സംസ്ഥാനത്തെ ജനസംഖ്യയിൽ 31 ശതമാനവും ഒബിസികളാണ്.
റഡൗറിൽ നിന്നുള്ള ശ്യാം സിങ് റാണയും ഘരൗണ്ടയിൽ നിന്നുള്ള ഹർവിന്ദർ കല്യാണും ഒബിസി ക്വാട്ടയ്ക്ക് വേണ്ടി അവകാശവാദവുമായി രംഗത്തുണ്ട്. ബർവാലയിൽ നിന്നുള്ള എംഎൽഎ രൺബീർ ഗാംഗുവ ഹരിയാന നിയമസഭയുടെ പുതിയ സ്പീക്കറായേക്കും. കഴിഞ്ഞ നിയമസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്നു.
ബ്രാഹ്മണർ/പഞ്ചാബികൾ
എട്ട് പഞ്ചാബികളും ഏഴ് ബ്രാഹ്മണരും ബിജെപി ടിക്കറ്റിൽ എംഎൽഎമാരായിട്ടുണ്ട്. മുൻ സൈനി മന്ത്രിസഭയിൽ അംഗങ്ങമായിരുന്ന മൂൽ ചന്ദ് ശർമയെ കൂടാതെ കൽക്ക എംഎൽഎ ശക്തി ശർമ, ഗോഹാനയിൽ നിന്നുള്ള അരവിന്ദ് ശർമ എന്നിവരും ബ്രാഹ്മണ വിഭാഗത്തിൽ നിന്ന് പരിഗണനയിലുണ്ട്.
പഞ്ചാബികളെ സംബന്ധിച്ചിടത്തോളം, മുൻ മന്ത്രിയും അംബാല കാന്ത് എംഎൽഎയുമായ അനിൽ വിജ് മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയേക്കും. യമുനാംഗറിൽ നിന്നുള്ള ഘനശ്യാം ദാസ് അറോറ, ഹൻസി എംഎൽഎ വിനോദ് ഭയാന എന്നീ പേരുകളും സാധ്യതാ പട്ടികയിലുണ്ട്.
ജാട്ട്
സംസ്ഥാനത്തെ 28 ശതമാനത്തോളം വരുന്ന ജാട്ട് സമുദായത്തിൽ നിന്ന് ആറ് എംഎൽഎമാരാണ് പാർട്ടിക്കുള്ളത്. കഴിഞ്ഞ സർക്കാറിൽ മന്ത്രിയായിരുന്ന മുതിർന്ന ജാട്ട് നേതാവ് മഹിപാൽ ധണ്ഡ പാനിപ്പത്ത് റൂറലിൽ നിന്ന് വീണ്ടും വിജയിച്ചു. അദ്ദേഹം ഇക്കുറിയും തുടരാനാണ് സാധ്യത. എന്നിരുന്നാലും, റായിയിൽ നിന്ന് രണ്ട് തവണ എംഎൽഎയായ കൃഷ്ണ ഗെഹ്ലോട്ടും തോഷാമിൽ നിന്ന് ആദ്യമായി എംഎൽഎയായ ശ്രുതി ചൗധരിയും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് രംഗത്തു വന്നുവെന്നാണ് വിവരം. മുൻ ഹരിയാന മുഖ്യമന്ത്രി ബൻസി ലാലിന്റെ ചെറുമകളാണ് ശ്രുതി.
സ്ത്രീകൾ
മൂന്ന് സ്വതന്ത്ര എംഎൽഎമാരും ബിജെപി വിമതരായിരുന്ന മൂന്ന് പേരും പാർട്ടിക്ക് പിന്തുണയറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. ഇവരിൽ ഒരാളെയെങ്കിലും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാനാണ് പാർട്ടി തീരുമാനം. ഇവരിൽ ഏറ്റവും മുതിർന്ന നേതാവായ സ്വതന്ത്ര എംഎൽഎ സാവിത്രി ജിൻഡാലിനാണ് സാധ്യത കൂടുതൽ. എന്നിരുന്നാലും ഒബിസി വിഭാഗത്തിൽ നിന്നുള്ള ആരതി റാവു, ജാട്ട് സമുദായത്തിൽ നിന്നുള്ള ശ്രുതി ചൗധരി എന്നിവരും വനിതാ ക്വാട്ടയ്ക്ക് കീഴിൽ അവകാശവാദമുന്നയിച്ചേക്കാം.
Summary: Why will caste and regional factors be important in Haryana’s new cabinet