മണിപ്പൂരിൽ വ്യാപക സംഘർഷം; മന്ത്രിമാരുടെയും ബിജെപി എംഎൽഎമാരുടെയും വീടുകൾ ആക്രമിച്ചു
|പല ജില്ലകളിലും ഇൻറർനെറ്റ് വിച്ഛേദിച്ചു
ഇംഫാൽ: മണിപ്പൂരിൽ സംഘർഷം വ്യാപിച്ചതോടെ പല ജില്ലകളിലും കർഫ്യൂ ഏർപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് 4.30 മുതലാണ് കർഫ്യൂ. ജിരിബാം ജില്ലയിൽനിന്ന് കാണാതായ ആറ് മെയ്തെയ് വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് ഇംഫാൽ വാലി ജില്ലകളിൽ ആക്രമണം പൊട്ടിപ്പുറപ്പെട്ടത്.
‘കുക്കി കലാപകാരികൾക്കെതിരെ’ കടുത്ത നടപടി വേണമെന്ന് മെയ്തെയ്ക്കാർ ആവശ്യപ്പെട്ടു. ഇംഫാലിലുള്ള മന്ത്രിമാരുടെയും ബിജെപിയുടെയടക്കം എംഎൽഎമാരുടെയും വീടുകൾ ആക്രമിക്കുകയും ടയറുകൾ കത്തിക്കുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് ചില ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തിയത്. ഇവിടങ്ങളിൽ ഇൻറർനെറ്റും റദ്ദാക്കി.
ആരോഗ്യ മന്ത്രി സപം രഞ്ജൻ, മുഖ്യമന്ത്രി ബിരേൻ സിങ്ങിെൻറ മരുമകനും ബിജെപി എംഎൽഎയുമായ ആർ.കെ ഇമോ, സ്വതന്ത്ര എംഎൽഎ നിഷികന്ദ സിങ് തുടങ്ങിയവരുടെ വീടുകൾക്ക് നേരെയായിരുന്നു ആക്രമണം.
കുക്കികൾ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന മൂന്നുപേരുടെ മൃതദേഹം വെള്ളിയാഴ്ച പുഴയിൽനിന്നാണ് കണ്ടെത്തിയത്. മറ്റു മൂന്നുപേരുടേത് ശനിയാഴ്ചയും കണ്ടെത്തി. ഇതോടെ, തട്ടിക്കൊണ്ടുപോയവരെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിൽ സംസ്ഥാന സർക്കാരും സുരക്ഷാ സേനയും പരാജയപ്പെട്ടെന്ന് കാണിച്ച് പ്രതിഷേധക്കാർ രംഗത്തിറങ്ങുകയായിരുന്നു.
ഒരു കുടുംബത്തിലെ ആറുപേരെയാണ് കാണാതായിരുന്നത്. ഇതിൽ മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമായിരുന്നു. ഒരു കുട്ടിക്ക് എട്ട് മാസവും മറ്റൊരാൾക്ക് രണ്ടര മാസവുമാണ് പ്രായം. കഴിഞ്ഞയാഴ്ച സിആർപിഎഫ് പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിൽ 10 കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയുണ്ടായ സംഘർഷത്തിനിടെയാണ് ആറുപേരെ കാണാതാകുന്നത്.
അതേസമയം, ആറ് പൊലീസ് സ്റ്റേഷൻ പരിധികളിൽ ഏർപ്പെടുത്തിയ അഫ്സ്പ പിൻവലിക്കണമെന്ന് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രത്തോടുള്ള സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന.