India
കന്നട സിനിമ പ്രചോദനമായി; ഒറ്റയാള്‍ പോരാട്ടത്തിലൂടെ വായ്പ നേടി കോവിഡ് ബാധിതന്റെ വിധവ
India

കന്നട സിനിമ പ്രചോദനമായി; ഒറ്റയാള്‍ പോരാട്ടത്തിലൂടെ വായ്പ നേടി കോവിഡ് ബാധിതന്റെ വിധവ

Web Desk
|
20 Jan 2022 9:49 AM GMT

വായ്പാഅപേക്ഷ നിരസിച്ചതില്‍ രോഷാകുലയായ മഞ്ജുള ജനുവരി 17ന് ബാങ്കിന് മുന്നില്‍ സമരം നടത്തുകയായിരുന്നു

ബാങ്കില്‍ നിന്നും ഒരു വായ്പ ലഭിക്കണമെങ്കിലുള്ള ബുദ്ധിമുട്ട് ചില്ലറയൊന്നുമല്ല. വായ്പക്ക് വേണ്ടി ബാങ്കുകള്‍ തോറും കയറിയിറങ്ങുന്ന പലരേയും നാം കാണാറുണ്ട്. കര്‍ണാടകയിലെ ഒരു കൊവിഡ് പോരാളിയുടെ വിധവ ബാങ്കിന് മുന്നില്‍ സമരം നടത്തിയതിന് ശേഷം അവരുടെ വായ്പ നേടിയെടുത്തു. സമരത്തിന് പ്രചോദനമായതാണെങ്കിലോ.. കന്നടയിലെ ത്രില്ലര്‍ സിനിമ.

സരസ്വതിപുരയില്‍ താമസിക്കുന്ന മഞ്ജുളുടെ ഭര്‍ത്താവ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കോവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ന്നുള്ള ജീവിതത്തില്‍ ഒരു വരുമാന മാര്‍ഗം ആവശ്യമായി വന്നപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ഒരു ചെറുകിട വ്യവസായം സ്ഥാപിക്കാന്‍ തീരുമാനിച്ചു.

കളിമണ്‍ ജ്വല്ലറി നിര്‍മ്മാണ വിദഗ്ധയായ മഞ്ജുള തന്റെ പദ്ധതിക്കാവശ്യമായ 14.5 ലക്ഷം രൂപ വായ്പയ്ക്കായാണ് ദേശസാല്‍കൃത ബാങ്കിനെ സമീപിക്കുന്നത്. പലതവണ ബാങ്കില്‍ കയറിയിറങ്ങി. ഒരു കാരണവുമില്ലാതെ വായ്പാ അപേക്ഷ നിരസിച്ചു. ബാങ്കിന്റെ അവഗണനയില്‍ രോഷാകുലയായ മഞ്ജുള ജനുവരി 17ന് ബാങ്കിന് മുന്നില്‍ സമരം നടത്തി. ഇതോടെ ബാങ്ക് ഉദ്യോഗസ്ഥര്‍ അവര്‍ക്ക് വായ്പ നല്‍കാന്‍ സമ്മതിച്ചു.

ഇതിലെ ട്വിസ്റ്റ് അതൊന്നുമല്ല. ഭര്‍ത്താവിമൊത്ത് കണ്ട 'ആക്റ്റ് 1978' എന്ന കന്നട സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മഞ്ജുള സമരം നടത്താന്‍ തീരമാനിച്ചത്. ഗീത എന്ന ഗര്‍ഭിണിയായ വിധവ തനിക്ക് സര്‍ക്കാറില്‍ നിന്നും അനുവദിച്ച പണം നേടിയെടുക്കാന്‍ വേണ്ടി നടത്തുന്ന പോരാട്ടങ്ങളാണ് സിനിമയുടെ പ്രമേയം.

കുടക് എംപി പ്രതാപ് സിംഹയുടെ ഉപദേശപ്രകാരമാണ് ബാങ്കിനെ സമീപിച്ചതെന്നും ബാങ്കിന്റെ നിലപാട് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കി, അതുകൊണ്ടാണ് ഒറ്റയാള്‍ പോരാട്ടം നടത്താന്‍ തീരമാനിച്ചതെന്നും മഞ്ജുള മാധ്യമങ്ങളോട് പറഞ്ഞു.

പത്ത് വര്‍ഷമായി ഒരു ഹോബിയായി കളിമണ്‍ ആഭരണങ്ങള്‍ ഉണ്ടാക്കുകയാണ് മഞ്ജുള. ഭര്‍ത്താവിന്റെ വിയോഗത്തിനു ശേഷം, തനിക്കു ജീവിക്കാനും മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കാനുമായി ജോലി സ്ഥിരപ്പെടുത്താന്‍ മഞ്ജുള തീരുമാനിക്കുകയായിരുന്നു.

Similar Posts