ഭർത്താവിന് നടുവേദന; സിന്ദൂരം തുടച്ച് വിധവയെന്ന് പ്രഖ്യാപിച്ച് ഭാര്യ, പരിചരിച്ചില്ല; വിവാഹമോചനം അനുവദിച്ച് കോടതി
|ഫോൺ റീ ചാർജ് ചെയ്ത് കൊടുക്കാതിരുന്നതോടെ ഭാര്യ വ്രതമെടുക്കുന്നില്ലെന്ന് തീരുമാനിച്ചെന്നും ഭർത്താവ് പറയുന്നു.
ന്യൂഡൽഹി: ദാമ്പത്യ ജീവിതത്തിൽ ഐശ്ചര്യം ഉണ്ടാകാൻ ഭാര്യ വ്രതമെടുത്തില്ലെന്നടക്കമുള്ള ആരോപണങ്ങളുമായി വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്. ഡൽഹിയിലാണ് സംഭവം. കർവാ ചൗത്ത് എന്ന പേരിലറിയപ്പെടുന്ന വ്രതം ഭാര്യ അനുഷ്ഠിക്കാൻ തയാറായില്ലെന്നാണ് ഭർത്താവ് പറയുന്നത്. എന്നാൽ ഈ ആവശ്യം തള്ളിയ കോടതി, മറ്റൊരു കാരണം പരിഗണിച്ച് വിവാഹമോചനം അനുവദിച്ചു.
ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിർത്താനും ഭർത്താവിന്റെ ഐശ്വര്യത്തിനും സമ്പത്തിനുമായി ഉത്തരേന്ത്യയിലെ ഹിന്ദു സ്ത്രീകൾ സൂര്യോദയം മുതൽ ചന്ദ്രോദയം വരെ വ്രതമനുഷ്ഠിക്കുന്നതാണ് കർവാ ചൗത്ത്. ഭാര്യ ഈ വ്രതമെടുത്തില്ലെന്നും അവൾക്ക് ഭർത്താവിനോടും ദാമ്പത്യ ബന്ധത്തോടും ബഹുമാനമില്ലെന്നും ചൂണ്ടിക്കാട്ടി ഭർത്താവ് ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ കർവാ ചൗത്ത് പ്രകാരം വ്രതമെടുക്കാതിരിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്ന് കോടതി നിരീക്ഷിച്ചു. വ്രതമെടുക്കുന്നതും എടുക്കാതിരിക്കുന്നതും ഒരു വ്യക്തിയുടെ മാത്രം തീരുമാനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മതപരമായ ആചാരങ്ങൾ നിർവഹിക്കാതിരിക്കുകയോ വ്യത്യസ്ത മതവിശ്വാസം പുലർത്തുകയോ ചെയ്യുന്നത് ക്രൂരതയായി കണക്കാക്കില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, ഭാര്യക്ക് ഭർത്താവിനോടും അവരുടെ ദാമ്പത്യ ബന്ധത്തോടും ബഹുമാനവും താൽപര്യവുമില്ലെന്ന ഭർത്താവിന്റെ ആരോപണം പരിഗണിച്ച കോടതി ഇരുവർക്കും വിവാഹമോചനം അനുവദിക്കുകയായിരുന്നു.
2009ലാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് ഒരു മകളുമുണ്ട്. എന്നാൽ വിവാഹത്തിന്റെ തുടക്കം മുതൽ ഭാര്യക്ക് വിവാഹബന്ധത്തിൽ താൽപര്യമില്ലായിരുന്നുവെന്നുമാണ് ഭർത്താവിന്റെ ആരോപണം. ഫോൺ റീ ചാർജ് ചെയ്ത് കൊടുക്കാതിരുന്നതോടെയാണ് ഭാര്യ വ്രതമെടുക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നും ഭർത്താവ് പറയുന്നു.
ഇതിന് പുറമെ ഏപ്രിലിൽ തനിക്ക് കടുത്ത നടുവേദന വരികയും ഡിസ്‌ക് സ്ഥാനം തെറ്റുകയും ചെയ്തപ്പോൾ ഭാര്യ തന്നെ പരിചരിച്ചില്ലെന്നും പകരം, നെറ്റിയിൽ നിന്ന് സിന്ദൂരം തുടച്ചുമാറ്റുകയും വെള്ള സാരി ധരിച്ച് താൻ വിധവയായെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തെന്നും ഭർത്താവ് ആരോപിച്ചു. ഭർത്താവിന്റെ ഈ പരാതികൾ കൂടി പരിഗണിച്ച ശേഷമായിരുന്നു കോടതി വിവാഹമോചനം അനുവദിച്ചത്.