India
Not Fasting On Karwa,divorce,High Court, divorce reason,
India

ഭാര്യ വ്രതമെടുത്തില്ല, വിവാഹമോചനം വേണമെന്ന് ഭർത്താവ്; ഇതൊക്കെ ഒരു കാരണമാണോയെന്ന് കോടതി

Web Desk
|
24 Dec 2023 3:56 PM GMT

കർവാ ചൗത്ത് ദിവസത്തിൽ ഫോൺ റീചാർജ് ചെയ്യാത്തതിനാല്‍ വ്രതമെടുക്കില്ലെന്ന് ഭാര്യ തീരുമാനിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു

ന്യൂഡൽഹി: ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിർത്താനും ഭർത്താവിന്റെ ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടി സ്ത്രീകൾ അനുഷ്ഠിക്കുന്നതാണ് കർവാ ചൗത്ത്. ഉത്തരേന്ത്യയിലാണ് ഈ ആചാരം കൂടുതലായും നടന്നുവരുന്നത്. എന്നാൽ കർവാ ചൗത്തിന് വേണ്ടി ഭാര്യ വ്രതമെടുത്തില്ലെന്നാരോപിച്ച് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ് യുവാവ്. ഡൽഹിയിലാണ് സംഭവം.

കർവാ ചൗത്തിൽ ഉപവസിക്കാതിരിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്നും വ്രതമെടുക്കുന്നതോ വ്രതമെടുക്കാതിരിക്കുന്നതോ ഒരു വ്യക്തിയുടെ മാത്രം തീരുമാനമാണെന്നും കേസ് പരിഗണിച്ച ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. മതപരമായ ആചാരങ്ങൾ നിർവഹിക്കാതിരിക്കുകയോ വ്യത്യസ്ത മതവിശ്വാസം പുലർത്തുകയോ ചെയ്യുന്നത് ക്രൂരതയായി കണക്കാക്കില്ലെന്നും കോടതി പറഞ്ഞു. അതേസമയം, കോടതി ഇരുവർക്കും വിവാഹമോചനം അനുവദിക്കുകയും ചെയ്തു. ഭാര്യക്ക് ഭർത്താവിനോടും അവരുടെ ദാമ്പത്യ ബന്ധത്തോടും ബഹുമാനമില്ലെന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് വിവാഹമോചനം അനുവദിച്ചത്.

2009ലാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് ഒരു മകളുമുണ്ട്.എന്നാൽ വിവാഹത്തിന്റെ തുടക്കം മുതൽ, ഭാര്യയുടെ പെരുമാറ്റം മോശമായിരുന്നെന്നും ദാമ്പത്യബാധ്യതകൾ നിറവേറ്റുന്നതിൽ താൽപര്യമില്ലായിരുന്നെന്നും ഭർത്താവിന്റെ പരാതിയിൽ പറയുന്നു. കർവാ ചൗത്ത് ദിവസത്തിൽ ഫോൺ റീചാർജ് ചെയ്യാത്തതിനാൽ വ്രതമെടുക്കില്ലെന്ന് ഭാര്യ തീരുമാനിക്കുകയായിരുന്നെന്നും ഇയാൾ ആരോപിച്ചു. ഇതിന് പുറമെ ഈ ഏപ്രിൽ മാസത്തിൽ കടുത്ത നടുവേദന വരികയും ഡിസ്‌ക് സ്ഥാനം തെറ്റുകയും ചെയ്തപ്പോൾ ഭാര്യ തന്നെ പരിചരിച്ചില്ലെന്നും പകരം, നെറ്റിയിൽ നിന്ന് സിന്ദൂരം തുടച്ചുമാറ്റുകയും വെള്ള സാരി ധരിച്ച് താൻ വിധവയായെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തെന്നും ഭർത്താവിന്റെ പരാതിയിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കോടതി വിവാഹമോചനം അനുവദിച്ചത്.

Similar Posts