സരബ്ജിത് സിങ്ങിന്‍റെ ഭാര്യ വാഹനാപകടത്തില്‍ മരിച്ചു
|സുഖ്‌പ്രീത് കൗറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
അമൃത്സര്‍: പാകിസ്താനിലെ ജയിലില്‍ കൊല്ലപ്പെട്ട സരബ്‍ജിത്ത് സിങ്ങിന്‍റെ ഭാര്യ റോഡപകടത്തില്‍ മരിച്ചു. സുഖ്‌പ്രീത് കൗർ ഇരുചക്രവാഹനത്തിന്‍റെ പിന്‍സീറ്റില്‍ യാത്രചെയ്യവേ വാഹനത്തില്‍ നിന്നു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫത്തേപൂരിന് സമീപമാണ് സംഭവം.
സുഖ്‌പ്രീത് കൗറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ജന്മസ്ഥലമായ തന്‍ തരണിലെ ഭിഖിവിന്ദിൽ നടക്കും. സുഖ്പ്രീതിന് പൂനം, സ്വപന്ദീപ് കൗർ എന്നീ രണ്ട് മക്കളാണുള്ളത്.
1991ല്‍ പാകിസ്താൻ കോടതി സരബ്‍ജിത്തിനെതിരെ തീവ്രവാദം, ചാരവൃത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ 2008ൽ പാക് സർക്കാർ വധശിക്ഷ അനിശ്ചിതകാലത്തേക്ക് സ്റ്റേ ചെയ്തു. 2013 ഏപ്രിലിലാണ് ലാഹോർ ജയിലിൽ തടവുകാർ നടത്തിയ ആക്രമണത്തിൽ സരബ്ജിത് സിങ് കൊല്ലപ്പെട്ടത്. 49 വയസ്സായിരുന്നു. സരബ്ജിത്തിന്റെ മൃതദേഹം ലാഹോറിൽ നിന്ന് അമൃത്സറിലേക്ക് കൊണ്ടുവന്നാണ് അന്ത്യകർമങ്ങൾ നടത്തിയത്.
സരബ്ജിത്തിന്‍റെ ഭാര്യയും മക്കളും സഹോദരി ദൽബീർ കൗറും അദ്ദേഹത്തിന്‍റെ മോചനത്തിനായി പല വേദികളിലും ശബ്ദമുയര്‍ത്തിയിരുന്നു. മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ പാകിസ്താനുമായുള്ള ചർച്ചകളിൽ ഈ വിഷയം ഉൾക്കൊള്ളിച്ചെങ്കിലും തള്ളപ്പെട്ടു. ദൽബീർ കൗർ നെഞ്ചുവേദനയെ തുടർന്ന് ജൂണില്‍ മരിച്ചു.
Summary- The wife of Sarabjit Singh, who died in a Pakistan jail in 2013, died on Monday