ബിഹാറിൽ 40 സീറ്റുകൾ മുസ്‌ലിം സ്ഥാനാർഥികൾക്ക് നൽകും; പ്രശാന്ത് കിഷോർ
|ബിഹാറിലെ ജനസംഖ്യയ്ക്ക് ആനുപാതികമായി എല്ലാ സമുദായങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ജാൻ സുരാജ് പാർട്ടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പട്ന: വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 40 സീറ്റുകൾ മുസ്‌ലിം സ്ഥാനാർഥികൾക്കായി അനുവദിക്കുമെന്ന് ജൻ സുരാജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ. ബിഹാറിലെ 243 സീറ്റുകളിലും ജൻ സുരാജ് പാർട്ടി സ്ഥാനാർഥികളെ നിർത്തുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
സംസ്ഥാനത്ത് 18-19 ശതമാനം മുസ്‌ലിം സമുദായം ഉണ്ടായിട്ടും നിയമസഭയിലെ അവരുടെ പ്രാതിനിധ്യം നിലവിൽ 19 എംഎൽഎമാരായി പരിമിതപ്പെടുത്തിയിരിക്കുന്നതായും മുസ്‌ലിംകൾക്ക് 40 സീറ്റുകൾ അനുവദിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, 40 സീറ്റുകൾ വനിതകൾക്കായി മാറ്റിവയ്ക്കുമെന്ന് പ്രശാന്ത് കിഷോർ അറിയിച്ചിരുന്നു.
മുസ്‌ലിം സമുദായത്തിന് മതിയായ പങ്കാളിത്തമോ അവകാശങ്ങളോ വികസനമോ നൽകാതെയാണ് ജെഡിയുവും ആർജെഡിയും കോൺഗ്രസും അവരുടെ വോട്ട് പിടിക്കുന്നതെന്നും ബിഹാറിലെ ജനസംഖ്യയ്ക്ക് ആനുപാതികമായി എല്ലാ സമുദായങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ജാൻ സുരാജ് പാർട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ജൻ സുരാജിലെ മുസ്‌ലിം പങ്കാളിത്തം ടിക്കറ്റ് നൽകലിലോ സർക്കാർ രൂപീകരണത്തിലോ മാത്രമായി ഒതുങ്ങാതെ പാർട്ടിയുടെ സംഘടനാ ഘടനയിലേക്കും വ്യാപിപ്പിക്കുമെന്നും കിഷോർ പറഞ്ഞു. 25 പേർ ജൻ സുരാജ് പാർട്ടിയെ നയിക്കുന്നുണ്ടെങ്കിൽ അതിൽ നാലോ അഞ്ചോ പേർ മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേവലം രാഷ്ട്രീയ സൗകര്യത്തിന് വേണ്ടിയല്ല, മറിച്ച് നിങ്ങളുടെ കുട്ടികളുടെ ഭാവിക്കും അവകാശങ്ങൾക്കും വേണ്ടിയാണ് താൻ വോട്ട് ചോദിക്കുന്നതെന്നും പ്രശാന്ത് കിശോർ അവകാശപ്പെട്ടു.
'ഞാൻ 2014ൽ നരേന്ദ്രമോദിയെ പിന്തുണച്ചു, 2015 മുതൽ 2021 വരെ ബിജെപിയെ എതിർക്കുന്ന പാർട്ടികളെയും നേതാക്കളെയും പിന്തുണച്ചു. രാജ്യത്ത് 80 ശതമാനം ഹിന്ദു ജനസംഖ്യയുണ്ടായിട്ടും 37 ശതമാനം മാത്രം വോട്ട് നേടിയാണ് ബിജെപി സർക്കാർ രൂപീകരിച്ചത്. വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രത്തെ എതിർത്ത് 40 ശതമാനം ഹിന്ദുക്കളും ബിജെപിക്ക് എതിരെ വോട്ട് ചെയ്‌തു എന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്'- അദ്ദേഹം കൂട്ടിച്ചേർത്തു.
ഒക്ടോബർ രണ്ടിനാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിശോർ ജൻ സുരാജ് പാർട്ടി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ജനകീയ സർക്കാർ അധികാരത്തിൽ വന്നാല്‍ ബിഹാറിലെ ജനങ്ങൾക്ക് പ്രതിമാസം 10,000-12,000 രൂപയുടെ ജോലികൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറേണ്ടിവരില്ലെന്ന് പ്രശാന്ത് കിഷോർ നേരത്തെ അവകാശപ്പെട്ടിരുന്നു.