സമാധാനം തകര്‍ത്താല്‍ ആര്‍.എസ്.എസിനെയും നിരോധിക്കും: പ്രിയങ്ക് ഖാര്‍ഗെ
|'ബി.ജെ.പിക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ പാകിസ്താനിലേക്ക് പോവട്ടെ'
ബെംഗളൂരു: കര്‍ണാടകയില്‍ സമാധാനവും സാമുദായിക സൗഹാര്‍ദവും തകര്‍ത്താല്‍ ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളെ നിരോധിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ബി.ജെ.പിക്ക് എതിര്‍പ്പുണ്ടെങ്കില്‍ പാകിസ്താനിലേക്ക് പോകാമെന്നും മന്ത്രി പറഞ്ഞു. ചിറ്റാപൂർ മണ്ഡലത്തില്‍ നിന്ന് വിജയിച്ച പ്രിയങ്ക് ഖാര്‍ഗെ ട്വീറ്റ് ചെയ്തതിങ്ങനെ-
"അതെ! ഏതെങ്കിലും മത സംഘടനകളോ രാഷ്ട്രീയ സംഘടനകളോ സമാധാനം തകർക്കാനും വിദ്വേഷം പടർത്താനും കർണാടകത്തിന് അപകീർത്തി വരുത്താനും ശ്രമിച്ചാൽ, നിയമപരമായി നേരിടാനും നിരോധിക്കാനും നമ്മുടെ സർക്കാർ മടിക്കില്ല. അത് ആർ.എസ്.എസായാലും മറ്റേതെങ്കിലും സംഘടനയായാലും".
കര്‍ണാടകയെ സ്വര്‍ഗമാക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പ്രിയങ്ക് ഖാര്‍ഗെ ഒരു അഭിമുഖത്തില്‍ പറഞ്ഞു- "സമാധാനം തകര്‍ത്താല്‍ ബജ്റംഗ്ദളാണോ ആര്‍.എസ്.എസാണോ എന്നൊന്നും പരിഗണിക്കില്ല. നിയമം കയ്യിലെടുത്താല്‍ നിരോധനം ഏര്‍പ്പെടുത്തും. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനമനുസരിച്ച്, ബജ്റംഗ്ദളും ആര്‍.എസ്.എസും ഉള്‍പ്പെടെയുള്ള ഏതു സംഘടനയെയും ഞങ്ങള്‍ നിരോധിക്കും. ബി.ജെ.പിക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ പാകിസ്താനിലേക്ക് പോവട്ടെ".
കർണാടകയിൽ ബി.ജെ.പി. സർക്കാർ കൊണ്ടുവന്ന ഗോവധ നിരോധന നിയമം, മതംമാറ്റ നിരോധന നിയമം, ഹിജാബ് നിരോധനം ഉൾപ്പെടെയുള്ള നിയമങ്ങള്‍ പുനപ്പരിശോധിക്കുമെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഹിജാബ് നിരോധനത്തിന് പിന്നാലെ കര്‍ണാടകയില്‍ 18,000 വിദ്യാര്‍ഥികളാണ് സ്‌കൂളുകളില്‍ നിന്ന് പുറത്തായത്. സംസ്ഥാനത്തിന്റെ പ്രതിച്ഛായയെയും അഭിവൃദ്ധിയെയും ബാധിക്കുന്ന നിയമങ്ങള്‍ പിൻവലിക്കും. നാഗ്പൂരിൽ ഇരിക്കുന്ന ആളുകളുടെ നിർദേശത്തെ തുടർന്നുണ്ടാക്കിയ നിയമങ്ങൾ ഇവിടെ ആവശ്യമില്ല. ബി.ജെ.പി. സർക്കാരിന്റെ കാലത്ത് പാഠപുസ്തകങ്ങളിൽ ഏർപ്പെടുത്തിയ മാറ്റങ്ങളും പുനപ്പരിശോധിക്കും. അവര്‍ ചരിത്രത്തെ വളച്ചൊടിച്ചത് തിരുത്തുമെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനാണ് പ്രിയങ്ക് ഖാര്‍ഗെ.
Summary- Karnataka minister Priyank Kharge said government will not hesitate to ban any organisation, including the Rashtriya Swayamsevak Sangh (RSS), if it tries to disrupt communal harmony in the state