India
കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സ്വന്തമായി ബുൾഡോസർ വാങ്ങും; മദ്രസകൾ സ്കൂളുകളാക്കും; ഉത്തരാഖണ്ഡ് വഖഫ് ബോർഡ് അധ്യക്ഷൻ
India

കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സ്വന്തമായി ബുൾഡോസർ വാങ്ങും; മദ്രസകൾ സ്കൂളുകളാക്കും; ഉത്തരാഖണ്ഡ് വഖഫ് ബോർഡ് അധ്യക്ഷൻ

Web Desk
|
8 Sep 2022 1:54 PM GMT

വഖഫ് ഭൂമികളിലെ കൈയേറ്റങ്ങളും അനധികൃത കൈവശപ്പെടുത്തലുകളും ഒഴിപ്പിക്കുന്നതിനാണ് ബോർഡിന്റെ പ്രഥമ പരി​ഗണന.

ഡെറാഡൂൺ: ആദ്യം സ്വന്തമായൊരു ബുൾഡോസർ വാങ്ങുമെന്നും തുടർന്ന് വഖഫ് ഭൂമികളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്നും ഉത്തരാഖണ്ഡ് വഖഫ് ബോർഡ് പ്രസിഡന്റ്. ബിജെപി നേതാവ് കൂടിയായ മുഹമ്മദ് ഷദാബ് ഷംസാണ് സ്ഥാനമേറ്റ ശേഷം വിവാദ പ്രസ്താവന നടത്തിയത്. യുപി, മധ്യപ്രദേശ്, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി പ്രാദേശിക- സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയ ബുൾഡോസർ രാജ് നയം ഏറ്റുപിടിച്ചാണ് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് അധ്യക്ഷന്റെ പ്രഖ്യാപനം.

'വഖഫ് ഭൂമികളിലെ കൈയേറ്റങ്ങളും അനധികൃത കൈവശപ്പെടുത്തലുകളും ഒഴിപ്പിക്കുന്നതിനാണ് ബോർഡിന്റെ പ്രഥമ പരി​ഗണന. അത് നടപ്പിലാക്കാനായി തങ്ങൾ സ്വന്തമായൊരു ബുൾഡോസർ വാങ്ങും'- അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഷദാബ് പറഞ്ഞു. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുമായി വിഷയം ചർച്ച ചെയ്തതായും ഉടനടി വഖഫ് ബോർഡ് സ്വന്തം ബുൾഡോസർ വാങ്ങുമെന്നും ബിജെപി നേതാവ് വിശദമാക്കി.

'ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണശേഷം നടത്തിയ സർവേയിൽ സംസ്ഥാനത്ത് വഖഫ് ബോർഡിന് കീഴിൽ 1.5 ലക്ഷം കോടി വില വരുന്ന ഭൂമിയുണ്ട്. ഇതിൽ ഭൂരിഭാ​ഗവും പലരും കൈയേറിയിരിക്കുകയാണ്. ഇത് പാവങ്ങൾക്കു വേണ്ടിയുള്ള ഭൂമിയാണ്. ഈ ഭൂമികൾ കൈയേറ്റക്കാരിൽ നിന്ന് തിരിച്ചുപിടിക്കലിനാണ് ആദ്യ പരി​ഗണന'- ഷദാബ് വിശദമാക്കി.

'വഖഫ് മാഫിയയ്ക്കും കൈയേറ്റക്കാർക്കും മേൽ ഞങ്ങൾ ബുൾഡ‍ോസർ പ്രയോ​ഗിക്കും. ഭൂമി തിരിച്ചുപിടിക്കാൻ ബോർഡിന് അതിന്റേതായ ട്രിബ്യൂണലും കോടതിയുമുണ്ട്. ബുൾഡോസർ വാങ്ങാനുള്ള ശുപാർശ അടുത്ത ബോർഡ് മീറ്റിൽ വയ്ക്കും. കൈയേറ്റം ഒഴിപ്പിച്ച ശേഷം അവ വിദ്യാഭ്യാസ മേഖലയുടെ പുരോ​ഗതിക്കായി വിനിയോ​ഗിക്കും. ബോർഡ് അതിന്റേതായ സ്കൂളുകളും കോളേജുകളും നിർമിക്കും. ഉത്തരാഖണ്ഡ് ബോർഡിന്റെ സിലബസ് അനുസരിച്ച് വഖഫ് ബോർഡിന് കീഴിലുള്ള മദ്രസകൾക്ക് ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം ഉണ്ടെന്ന് ഉറപ്പാക്കും'.

വഖഫ് ബോർഡ് മദ്രസകളെ സ്‌കൂളുകളാക്കി മാറ്റുമെന്നും ഹിന്ദു വിദ്യാർഥികൾക്ക് പോലും പഠിക്കാൻ കഴിയുന്ന തരത്തിൽ സംവിധാനം ഒരുക്കുമെന്നും ഷദാബ് കൂട്ടിച്ചേർത്തു. സെപ്തംബർ ആദ്യമാണ് വഖഫ് ബോർഡിലെ 10 അം​ഗങ്ങളും ഷദാബിനെ പ്രസിഡന്റായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്. കഴിഞ്ഞ എട്ടു മാസമായി ഉത്തരാഖണ്ഡ് വഖഫ് ബോർഡിന് അധ്യക്ഷനുണ്ടായിരുന്നില്ല. ബിജെപി വക്താവ് ഉൾപ്പെടെ പാർട്ടിയുടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളയാളാണ് ഷദാബ്.

Similar Posts