India
എനിക്ക് വോട്ട് ചെയ്യാത്ത ഹിന്ദുക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തും: വീണ്ടും വിദ്വേഷ പ്രസംഗവുമായി ബിജെപി എംഎല്‍എ
India

'എനിക്ക് വോട്ട് ചെയ്യാത്ത ഹിന്ദുക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തും': വീണ്ടും വിദ്വേഷ പ്രസംഗവുമായി ബിജെപി എംഎല്‍എ

Web Desk
|
22 Feb 2022 5:19 AM GMT

താന്‍ എം.എല്‍.എ ആയാല്‍ മുസ്‍ലിംകള്‍ തിലകം ധരിക്കേണ്ടിവരുമെന്ന വിവാദ പ്രസ്താവനയും അടുത്ത കാലത്ത് രാഘവേന്ദ്ര സിങ് നടത്തിയിരുന്നു

വിദ്വേഷ പ്രസംഗം നടത്തിയതിന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ രാഘവേന്ദ്ര സിങിനെതിരെ വീണ്ടും കേസ്. തനിക്കല്ലാതെ മറ്റാർക്കെങ്കിലും വോട്ട് ചെയ്യുന്ന ഹിന്ദുക്കളുടെ ഡി.എൻ.എ പരിശോധിക്കുമെന്നാണ് ഇത്തവണ എം.എല്‍.എയുടെ ഭീഷണി. ഡൊമ്രിയഗഞ്ച് എം.എല്‍.എയാണ് രാഘവേന്ദ്ര സിങ്. താന്‍ വീണ്ടും എം.എല്‍.എ ആയാല്‍ മുസ്‍ലിംകള്‍ തിലകം ധരിക്കേണ്ടിവരുമെന്ന വിവാദ പ്രസ്താവനയും അടുത്ത കാലത്ത് രാഘവേന്ദ്ര സിങ് നടത്തിയിരുന്നു.

"ഹിന്ദു മറ്റാര്‍ക്കെങ്കിലുമാണ് വോട്ട് ചെയ്യുന്നതെങ്കില്‍ അവന്‍റെ സിരകളിൽ 'മിയാൻ' (മുസ്‍ലിംകള്‍ക്കെതിരായ മോശം പരാമർശം) രക്തമാണ് ഒഴുകുന്നത്. അവൻ രാജ്യദ്രോഹിയും ജയ്ചന്ദിന്റെ അവിഹിത സന്തതിയുമാണ്. നിങ്ങളില്‍ എത്ര ജയ്ചന്ദുമാരുണ്ട്? അവരുടെ പേരുകൾ എനിക്ക് തരൂ, അവർ ഹിന്ദുക്കളാണോ മിയന്മാരാണോ എന്നറിയാൻ ഞാൻ അവരുടെ രക്തം പരിശോധിക്കും. ഞാൻ അവരുടെ ഡി.എൻ.എ ടെസ്റ്റ് നടത്തും"- എന്നാണ് രാഘവേന്ദ്ര സിങ് പ്രസംഗിച്ചത്.

12ആം നൂറ്റാണ്ടിലെ രാജാവായിരുന്നു ജയ് ചന്ദ്. പൃഥ്വിരാജ് ചൌഹാനെ ചതിയില്‍പ്പെടുത്തിയെന്നും മുഹമ്മദ് ഗോറിയെ സഹായിച്ചു എന്നുമാണ് ജയ്ചന്ദിനെതിരായ ആരോപണം. രാജ്യദ്രോഹി, വിശ്വാസവഞ്ചകന്‍ എന്നിങ്ങനെയുള്ള അര്‍ഥത്തിലാണ് ജയ്ചന്ദിന്‍റെ പേര് പരാമര്‍ശിക്കപ്പെടുന്നത്.

രാഘവേന്ദ്ര സിങ് മത്സരിക്കുന്ന ഡൊമ്രിയഗഞ്ചിൽ ആറാം ഘട്ടമായ മാര്‍ച്ച് 3നാണ് വോട്ടെടുപ്പ്. കഴിഞ്ഞ ആഴ്ചയും രാഘവേന്ദ്ര സിങിന്‍റെ പേരിൽ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിരുന്നു. താൻ വീണ്ടും എം.എൽ.എ ആയാൽ തൊപ്പികള്‍ അപ്രത്യക്ഷമായതുപോലെ, മുസ്‍ലിംകള്‍ തിലകം ധരിക്കുമെന്നാണ് രാഘവേന്ദ്ര സിങ് പറഞ്ഞത്. 'ഇസ്‌ലാമിക ഭീകരത'യ്ക്കുള്ള മറുപടിയായിട്ടാണ് അങ്ങനെ പറഞ്ഞത് എന്നാണ് എം.എല്‍.എയുടെ ന്യായീകരണം-

"ഇവിടെ ഇസ്‍ലാമിക ഭീകരർ ഉള്ളപ്പോൾ, ഹിന്ദുക്കൾ തൊപ്പി ധരിക്കാൻ നിർബന്ധിതരായിരുന്നു. ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കാന്‍ എന്തും ത്യജിക്കാൻ ഞാൻ തയ്യാറാണ്. മുസ്‍ലിംകള്‍ എന്നെ തോൽപ്പിക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമ്പോള്‍ മിണ്ടാതിരിക്കാന്‍ തയ്യാറല്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്"- ഹിന്ദു യുവ വാഹിനിയുടെ ഉത്തര്‍പ്രദേശിലെ നേതാവാണ് രാഘവേന്ദ്ര സിങ്.



Similar Posts