കഴിഞ്ഞ തവണ ജയം ഒരേ ഒരു സീറ്റില്‍; മധ്യപ്രദേശില്‍ തിരിച്ചുവരുമോ കോണ്‍ഗ്രസ്?
|വിജയം ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ഇന്‍ഡ്യ മുന്നണിയുടെ പിന്‍ബലത്തോടെ ശക്തമായ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസും
ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന മധ്യപ്രദേശ് രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം പൊതുതെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.ഇന്‍ഡ്യ മുന്നണിയുടെ പിന്‍ബലത്തോടെ ശക്തമായ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും. പതിവ് പോലെ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് ഇവിടെ പോരാട്ടം.
29 മണ്ഡലങ്ങള്‍
29 ലോക്സഭാ മണ്ഡലങ്ങളാണ് മധ്യപ്രദേശിലുള്ളത്. ഇതില്‍ 10 സീറ്റുകള്‍ എസ്സി-എസ്ടി വിഭാഗക്കാര്‍ക്കുള്ള സംവരണ സീറ്റുകളാണ്. 2019ല്‍ 29ല്‍ 28 സീറ്റ് നേടി വന്‍വിജയം നേടിയ ബി.ജെ.പി ഇത്തവണയും മധ്യപ്രദേശ് തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ്. ഒരേയൊരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.
തിരിച്ചുവരുമോ കോണ്‍ഗ്രസ്?
നിലവില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു ശേഷം കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള നേതാക്കളുടെ പ്രവാഹം തുടരുകയാണ്.മുന്‍കേന്ദ്രമന്ത്രിയും മധ്യപ്രദേശ് പിസിസി അധ്യക്ഷനുമായ സുരേഷ് പച്ചൗരിയാണ് ഈ പട്ടികയില്‍ ഒടുവിലത്തേത്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പച്ചൗരി നരസിംഹറാവു, മന്മോഹന് സിങ് മന്ത്രിസഭകളില്‍ അംഗമായിരുന്നു.ബി.ജെ.പിയില്‍ ചേര്‍ന്ന മറ്റു നേതാക്കളെപ്പോലെ അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനുള്ള പാർട്ടിയുടെ തീരുമാനമാണ് പച്ചൗരിയെ ചൊടിപ്പിച്ചത്.
നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെയായിരുന്നു പി സി സി അധ്യക്ഷനായിരുന്നു കമല്‍ നാഥിനെ നീക്കം ചെയ്ത് ജിതു പട്വാരിയെ എ ഐ സി സി പുതിയ ചുമതല ഏല്‍പ്പിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ കോൺഗ്രസ് സംസ്ഥാന പ്രവർത്തക സമിതിയും പിരിച്ചുവിട്ടിരുന്നു. കോണ്‍ഗ്രസ് ആകെ 66 സീറ്റാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയത്. കമല്‍നാഥിനെ മുന്നില്‍ നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ 163 സീറ്റ് നേടി ബിജെപി വീണ്ടും അധികാരത്തില്‍ എത്തുകയായിരുന്നു. ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസിനെ അകമഴിഞ്ഞ് പിന്തുണച്ച സംസ്ഥാനമാണ് മധ്യപ്രദേശ്. 1990ലാണ് ബി.ജെ.പിക്കൊപ്പം നിന്നുതുടങ്ങിയത്.
അതേസമയം 12 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇതിനോടകം കോണ്‍ഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു. മുന്‍മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന് നകുല്‍ നാഥ് ഇത്തവണയും ചിന്ദ്വാരയില് നിന്നാണ് ജനവിധി തേടുന്നത്. നിലവില്‍ ചിന്ദ്വാര നിയമസഭാ സീറ്റില്‍ നിന്നുള്ള എം.എല്‍.എയാണ് കമല്‍നാഥ്. അതേസമയം കമല്‍നാഥിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. മുന്‍മുഖ്യമന്ത്രി ദിഗ്വിജയ സിങും മത്സരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ഹൃദയ ഭൂമിയില്‍ വീണ്ടും താമര വിരിയുമോ?
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മധ്യപ്രദേശിലെ ബി.ജെ.പി നേതൃത്വം ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. നിയമസഭ തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയം തന്നെയാണ് ഇതിനു കാരണം. 230 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 163 സീറ്റ് നേടിയാണ് മോഹന്‍ യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റത്. നാലു തവണ മുഖ്യമന്ത്രിയായ ശിവരാജ് സിങ് ചൗഹാനെ തഴഞ്ഞാണ് ബി.ജെ.പി പുതുമുഖമായ യാദവിനെ മുഖ്യമന്ത്രിയാക്കിയത്. അതേസമയം ഇത്തവണ ലോക്സഭയിലേക്കുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ചൗഹാന്റെ പേരുമുണ്ട്. ബി.ജെ.പിയുടെ കോട്ടകളിലൊന്നായ വിദിഷയില്‍ നിന്നാണ് ചൗഹാന് ജനവിധി തേടുന്നത്. 1991ൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെയും 2009ലും 2014ലും മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിനെയും പിന്തുണച്ച മണ്ഡലമാണ് വിദിഷ.
ഭോപ്പാൽ മുൻ മേയർ അലോക് ശർമ്മ ഉള്‍പ്പെടെ ചൗഹാൻ്റെ വിശ്വസ്തരായ നാല് പേർക്കെങ്കിലും ഇത്തവണ ടിക്കറ്റ് ലഭിച്ചിട്ടുണ്ട്. സിറ്റിംഗ് എം.പിയായ പ്രഗ്യ സിങിന്റെ പേര് വെട്ടിയാണ് അലോകിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. 24 സ്ഥാനാർഥികളുടെ പട്ടികയിൽ എട്ട് പേർ ഒബിസി വിഭാഗത്തിൽ നിന്നും അഞ്ച് പേർ ബ്രാഹ്മണരും നാല് പേർ വനിതകളുമാണ്.
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇത്തവണ ഗുണയില്‍ നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തിളങ്ങുന്ന വിജയത്തിന് സിന്ധ്യ ഫാക്ടറും നിര്‍ണായകമായി എന്നാണ് വിലയിരുത്തല്‍. 2018ലെ കോൺഗ്രസ് വിജയത്തിൽ സിന്ധ്യക്ക് സ്വാധീനമുള്ള ചമ്പൽ-ഗ്വാളിയോർ മേഖലയിലെ പ്രകടനം വലിയ പങ്കാണ് വഹിച്ചിരുന്നത്. ചമ്പൽ-ഗ്വാളിയോർ മേഖലയിൽ എട്ട് ജില്ലകളാണുള്ളത്. ഗ്വാളിയോർ, ശിവപുരി, ദതിയ, അശോക്നഗർ, ഗുണ എന്നീ ജില്ലകൾ ഗ്വാളിയോർ മേഖലയിലും മൊറേന, ഭിന്ദ്, ഷിയോപൂർ എന്നിവ ചമ്പൽ മേഖലയിലുമാണ്. പഴയ ഗ്വാളിയോർ രാജകുടുംബത്തിന്റെ ഭരണത്തിന് കീഴിലായിരുന്ന ഈ പ്രദേശം. ഗ്വാളിയോർ രാജകുടുംബത്തിൽപ്പെട്ട ആളാണ് ജ്യോതിരാദിത്യ സിന്ധ്യ.2020ലാണ് സിന്ധ്യ കോണ്‍ഗ്രസ് വിടുന്നത്. 2018ൽ കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിലും 2020ൽ സിന്ധ്യയും 22 എം.എൽ.എമാരും ബി.ജെ.പി ക്യാമ്പിലെത്തിയതോടെയാണ് കോൺഗ്രസിന് ഭരണം നഷ്ടമായത്.
ജാതി സമവാക്യങ്ങൾ
ശിവരാജ് സിങ് ചൗഹാനെ മാറ്റി മോഹൻ യാദവിനെ മുഖ്യമന്ത്രിയാക്കിയത് ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വച്ചായിരുന്നു. ഒബിസി വിഭാഗക്കാരനായ യാദവിനെ താക്കോൽ സ്ഥാനത്ത് ഇരുത്തിയതിലൂടെ സംസ്ഥാനത്തെ അമ്പത് ശതമാനം വരുന്ന ഒബിസി വോട്ടുകൾ പരമാവധി സമാഹരിക്കാം എന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ഉപമുഖ്യമന്ത്രി പദത്തിലേക്ക് ദലിത് നേതാവായ ജഗ്ദീഷ് ദാവ്ഡയെയും ബ്രാഹ്മണനായ രാജേന്ദ്ര ശുക്ലയെയും നിയമിച്ചത് വോട്ടു ലക്ഷ്യം വച്ചു തന്നെ. സംസ്ഥാനത്ത് 5-6 ശതമാനമാണ് ബ്രാഹ്മണ വോട്ടർമാർ. 17 ശതമാനം വരും ദലിതർ.
നിയമസഭാ തെരഞ്ഞെടുപ്പിൽ ജാതി സെൻസസ് പ്രചാരണ ആയുധമാക്കിയിട്ടും വേണ്ടത്ര ദലിത് വോട്ടുകൾ സമാഹരിക്കാൻ കോൺഗ്രസിനായിരുന്നില്ല. 2018നേക്കാൾ കൂടുതൽ ഒബിസി-മേൽജാതി വോട്ടുകൾ ബിജെപിക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ ആദിവാസി വോട്ടുകളും ജനസംഖ്യയിലെ ഏഴു ശതമാനം വരുന്ന മുസ്ലിം വോട്ടുകളും കോൺഗ്രസിന്റെ പെട്ടിയിൽ വീണു. രജപുത് അടക്കമുള്ള മേൽജാതിക്കാരുടെ വിശ്വാസം വീണ്ടെടുക്കാൻ കോൺഗ്രസിന് ആയിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ്.