India
ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ്
India

ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ്

Web Desk
|
2 Aug 2022 8:02 AM GMT

ബെഞ്ച് ഉടൻ രൂപീകരിക്കുമെന്നും ജഡ്ജിമാരിൽ ഒരാൾക്ക് സുഖമില്ലാത്തതിനാലാണ് വൈകുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മുതിർന്ന അഭിഭാഷക മീനാക്ഷി അറോറയാണ് വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

ന്യൂഡൽഹി: ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. ബെഞ്ച് ഉടൻ രൂപീകരിക്കുമെന്നും ജഡ്ജിമാരിൽ ഒരാൾക്ക് സുഖമില്ലാത്തതിനാലാണ് വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന അഭിഭാഷക മീനാക്ഷി അറോറയാണ് വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

മാർച്ചിലാണ് ഹരജി നൽകിയതെന്നും എന്ന് പരിഗണിക്കുമെന്ന് ഒരു തിയ്യതിയെങ്കിലും തന്നാൽ നന്നായിരുന്നുവെന്നും മീനാക്ഷി അറോറ പറഞ്ഞു. അപ്പോഴാണ് കാത്തിരിക്കൂ എന്നും വിഷയം ഉടൻ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞത്.

ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന മാർച്ച് 15ലെ കർണാടക ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രിംകോടതിയിൽ ഹരജി നൽകിയത്. ജൂലൈ 13ന് ഹിജാബ് കേസുകൾ സംബന്ധിച്ച് അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ചീഫ് ജസ്റ്റിസിനെ ഉണർത്തിയിരുന്നു. അടുത്ത ആഴ്ച കേസ് പരിഗണിക്കുമെന്നായിരുന്നു അന്ന് ചീഫ് ജസ്റ്റിസ് നൽകിയ മറുപടി.

ഹിജാബ് ധരിച്ചതിന്റെ പേരിൽ കർണാടകയിലെ പ്രീയൂണിവേഴ്‌സിറ്റി (പി.യു) കോളജുകളിൽ നിരവധി വിദ്യാർഥികൾക്ക് നിലവിൽ പഠിക്കാൻ അവസരം ലഭിക്കുന്നില്ല. വിദ്യാർഥികളെ പരീക്ഷക്കിരുത്താനും അധികൃതർ വിസമ്മതിച്ചിരുന്നു. പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ ഹരജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രിംകോടതി അംഗീകരിച്ചിരുന്നില്ല.

ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് മാർച്ച് 15-നാണ് കർണാടക ഹൈക്കോടതി ഫുൾബെഞ്ച് വിധിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെതാണ് വിധി. ക്ലാസിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രീ യൂണിവേഴ്‌സിറ്റി കോളജുകളിലെ മുസ്‌ലിം വിദ്യാർഥികൾ സമർപ്പിച്ച ഹരജികൾ തള്ളിക്കൊണ്ടായിരുന്നു കോടതി വിധി.

Similar Posts