'അഴിമതി അവസാനിപ്പിച്ചില്ലെങ്കിൽ വിഷം കഴിക്കും'; കർണാടകയിൽ കൃഷിമന്ത്രിക്കെതിരെ പരാതി നൽകി ഉദ്യോഗസ്ഥർ
|മന്ത്രി എട്ട് ലക്ഷം രൂപ വരെ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ഉദ്യോഗസ്ഥർ
ബെംഗളൂരു: കർണാടകയിൽ കൃഷിമന്ത്രി എൻ ചെലുവരയസ്വാമിക്കെതിരെ ഗവർണർക്ക് പരാതി നൽകി വകുപ്പ് ഉദ്യോഗസ്ഥർ. മന്ത്രി തങ്ങളിൽ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്നും അഴിമതി അവസാനിപ്പിച്ചില്ലെങ്കിൽ വിഷം കഴിച്ച് മരിക്കേണ്ട അവസ്ഥയാണെന്നും ഗവർണർ തവാർ ചന്ദ് ഗെഹ്‌ലോട്ടിനയച്ച കത്തിൽ ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോട് ഗവർണർ വിശദീകരണം തേടി.
മാണ്ഡ്യ ജില്ലയിലെ വിവിധ താലൂക്കുകളിലുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥരാണ് പരാതിക്കാർ. ചെലുവരയസ്വാമി 6ഉം 8ഉം ലക്ഷം രൂപ വരെ തങ്ങളിൽ നിന്ന് കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നാണ് ഇവർ കത്തിൽ പറയുന്നത്. വിഷയത്തിൽ എത്രയും വേഗം നടപടിയുണ്ടാകണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു. സംഭവത്തിൽ അടിയന്തര നടപടിയെടുക്കണമെന്നാണ് ഗവർണർ ചീഫ് സെക്രട്ടറി വന്ദിത ശർമക്ക് നൽകിയിരിക്കുന്ന നിർദേശം.
എന്നാൽ കത്ത് വ്യാജമാണെന്നാണ് മന്ത്രിയുടെ വാദം. താൻ ഉദ്യോഗസ്ഥരോട് സംസാരിച്ചുവെന്നും അത്തരമൊരു കത്തിനെ പറ്റി അവർക്കറിവില്ലെന്നും മന്ത്രി പറയുന്നു.