പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് യോഗി ആദിത്യനാഥ്
|പാര്‍ട്ടി എവിടെ മത്സരിക്കണമെന്ന് പറയുന്നുവോ അവിടെ സ്ഥാനാര്‍ഥിയാകുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു
ബി.ജെ.പി ആവശ്യപ്പെട്ടാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാര്‍ട്ടി എവിടെ മത്സരിക്കണമെന്ന് പറയുന്നുവോ അവിടെ സ്ഥാനാര്‍ഥിയാകുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിക്ക് ഒരു പാര്‍ലമെന്ററി സമിതിയുണ്ട്. അവരാണ് ആര്, എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത്. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് സര്‍ക്കാര്‍ യുപിയില്‍ കൊണ്ടുവന്ന വികസനങ്ങളെക്കുറിച്ച് പറഞ്ഞ യോഗി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കിയെന്നും അവകാശപ്പെട്ടു. 2017ൽ ബി.ജെ.പി അധികാരത്തിൽ വരുന്നതിന് മുമ്പ് സംസ്ഥാനത്തെ ക്രമസമാധാന നില മോശമായിരുന്നുവെന്ന് യോഗി ആരോപിച്ചു. ഉത്തർപ്രദേശ് ഇപ്പോൾ രാജ്യത്തിനാകെ മാതൃകയായെന്നും കഴിഞ്ഞ നാലര വർഷമായി ഒരു കലാപവും ഉണ്ടായിട്ടില്ലെന്നും ദീപാവലി ഉൾപ്പെടെ എല്ലാ ആഘോഷങ്ങളും സമാധാനപരമായാണ് ആഘോഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യുപിയില്‍ കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടന്നിട്ടുണ്ട്. നേരത്തെ രാജ്യത്തിന് പുറത്തായിരുന്നു നിക്ഷേപങ്ങള്‍ നടന്നിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുനിന്ന് നിക്ഷേപം രാജ്യത്തേക്ക് വരുന്നു. പൂർവാഞ്ചൽ എക്സ്പ്രസ് വേ ഈ മാസം ഉദ്ഘാടനം ചെയ്യുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. എക്സ്പ്രസ് വേ 60 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.