ഛത്തീസ്‌ഗഡിൽ തർക്കത്തിന് താൽക്കാലിക ശമനം; ഭൂപേഷ് ഭാഗൽ മുഖ്യമന്ത്രിയായി തുടരും
|കലങ്ങിമറിഞ്ഞുകൊണ്ടിരുന്ന ഛത്തീസ്‌ഗഡ് കോൺഗ്രസ് രാഷ്ട്രീയത്തിൽ താൽക്കാലിക വെടിനിർത്തൽ...
കലങ്ങിമറിഞ്ഞുകൊണ്ടിരുന്ന ഛത്തീസ്‌ഗഡ് കോൺഗ്രസ് രാഷ്ട്രീയത്തിൽ താൽക്കാലിക വെടിനിർത്തൽ. ഭൂപേഷ് ഭാഗൽ മുഖ്യമന്ത്രിയായി തല്‍ക്കാലം തുടരട്ടേയെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചു. ചർച്ച ഉടൻ ആരംഭിക്കാമാമെന്ന് വിമത നേതാവ് സിംഗ്ഡിയോയ്ക്ക് ഹൈക്കമാൻഡ് ഉറപ്പ് നൽകി.
പത്ത് ദിവസത്തിലേറെയായി തുടരുന്ന ഛത്തീസ്‌ഗഡ് രാഷ്ട്രീയതർക്കത്തിനു താൽക്കാലിക ശമനമായതിന് പിന്നിൽ ഭൂപേഷ് ഭാഗലിന്റെ ശക്തിപ്രകടനം തന്നെയാണ്. തന്നെ പിന്തുണക്കുന്ന എം.എൽ.എ മാരെ ഡൽഹിയിലെത്തി ഹൈക്കമാന്‍റിന് മുന്നിൽ അണിനിരത്തിയാണ് ഭൂപേഷ് ഭാഗല്‍ ഞെട്ടിച്ചത്. കേന്ദ്രനേതൃത്വം ചോദിക്കാതെ തന്നെയാണ് ഇങ്ങനെയൊരു നടപടി ഭൂപേഷ് ഭാഗലിന്‍റെ ഭാഗത്തുനിന്നുണ്ടായത്. എം.എൽ.എമാർ അവരുടെ നേതാവിനെ കാണാൻ എത്തിയത് തനിക്ക് തടയാനാവില്ല എന്ന് ഭാഗൽ പുറമേ പറയുന്നുണ്ടെങ്കിലും വിമത നേതാവും ആരോഗ്യ മന്ത്രി സിംഗ്ഡിയോയേക്കാൾ പിന്തുണയുണ്ടെന്ന് നേതൃത്വത്തെ അറിയിക്കകയാണ് ഇതിലൂടെ ഭപേഷ് ഭാഗല്‍ ഉന്നംവെച്ചത്.
രണ്ട് വർഷം കഴിയുമ്പോൾ മുഖ്യമന്ത്രിയാക്കാമെന്ന ഉറപ്പ് ഹൈക്കമാൻഡ് പാലിക്കണമെന്ന് ആവശ്യവുമായി ഒരാഴ്ചയിലേറെയായി സിംഗ് ഡിയോ ഡൽഹിയിൽ തുടരുകയാണ്. എന്നാല്‍ ഛത്തീസ്‌ഗഡിലേക്ക് തിരിച്ചു പോകണമെന്നും രാഹുൽഗാന്ധി ചത്തീസ്ഗഡിൽ എത്തി ചർച്ച നടത്തുമെന്നും ഡിയോയ്ക്ക് ഉറപ്പ് നൽകിയിരുന്നു. ഇതോടെയാണ് തർക്കത്തിന് താൽക്കാലിക ശമനമായത്.