India
വിടുവായത്തം പറഞ്ഞാല്‍ നാവരിയും; ബി.ജെ.പി സംസ്ഥാന അധ്യക്ഷനോട് തെലങ്കാന മുഖ്യമന്ത്രി
India

വിടുവായത്തം പറഞ്ഞാല്‍ നാവരിയും; ബി.ജെ.പി സംസ്ഥാന അധ്യക്ഷനോട് തെലങ്കാന മുഖ്യമന്ത്രി

Web Desk
|
8 Nov 2021 6:55 AM GMT

കർഷകരോട് മറ്റേതെങ്കിലും ജോലി ചെയ്യാൻ ആവശ്യപ്പെട്ട ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് കുമാറിന്‍റെ പ്രസ്താവനക്കെതിരെയാണ് റാവുവിന്‍റെ വാക്കുകള്‍

നെല്ല് സംഭരണ വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. വിടുവായത്തം പറഞ്ഞാല്‍ നിങ്ങളുടെ നാക്ക് മുറിച്ചുകളയുമെന്ന് കെ.സി.ആര്‍ ബി.ജെ.പി നേതാക്കളോട് പറഞ്ഞു. കർഷകരോട് മറ്റേതെങ്കിലും ജോലി ചെയ്യാൻ ആവശ്യപ്പെട്ട ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് കുമാറിന്‍റെ പ്രസ്താവനക്കെതിരെയാണ് റാവുവിന്‍റെ വാക്കുകള്‍.

''നിങ്ങളുടെ അയഞ്ഞ സംസാരം ഒഴിവാക്കുക, സംസ്ഥാന സർക്കാറിനെ കുറിച്ച് ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞാൽ ഞങ്ങൾ നിങ്ങളുടെ നാവ് മുറിക്കും. എന്നെ ജയിലിലേക്ക് അയക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നെ തൊടാന്‍ പോലുമുള്ള ധൈര്യം അയാള്‍ക്കുണ്ടോ? ചന്ദ്രശേഖര റാവു ചോദിച്ചു. തെലങ്കാനയിലെ കർഷകരെ വഞ്ചിക്കാനോ സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ തകർക്കാനോ ആരെയും അനുവദിക്കില്ല.

നെൽവിളകൾ സംഭരിക്കുമെന്ന് പറഞ്ഞ് കേന്ദ്രസർക്കാർ കർഷരെ കബളിപ്പിച്ചു. കേന്ദ്രമന്ത്രിയെ നേരിട്ട് കണ്ടു ഞാന്‍ ആശങ്ക അറിയിച്ചിരുന്നു. തീരുമാനം അറിയിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇതുവരെ ഒരു അറിയിപ്പും ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ അഞ്ച് ലക്ഷം ടണ്‍ ഉൾപ്പെടെ സംസ്ഥാനത്ത് അധികം നെല്ല് ഇപ്പോൾ തന്നെയുണ്ട്. കേന്ദ്രം അത് വാങ്ങാന്‍ തയ്യാറല്ലെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.

കര്‍ഷകരുടെ പ്രശ്നങ്ങളില്‍ ബി.ജെ.പിയെ വിമര്‍ശിച്ച റാവു ഡല്‍ഹിയിലെ കര്‍ഷക സമരത്തെ പിന്തുണക്കുന്നതായും പറഞ്ഞു. ബി.ജെ.പി കര്‍ഷകരെ കാറിടിച്ചു കൊല്ലുന്നു, കര്‍ഷകരെ അടിച്ചുകൊല്ലാനാണ് ഒരു ബി.ജെ.പി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. പെട്രോളിനും ഡീസലിനും ചുമത്തിയ സെസ് കേന്ദ്രം പിൻവലിക്കണമെന്നും കെ.സി.ആർ ആവശ്യപ്പെട്ടു.

Similar Posts