'ചികിത്സ ജയിലില്‍ തരാം'; ആസാറാം ബാപ്പുവിന് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി
|ചികിത്സയുടെ പേരില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനാണ് ആസാറാം ബാപ്പു ശ്രമിക്കുന്നതെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത രാജസ്ഥാന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2014ലും 2016ലും ആസാറാം സമാനമായ ഹരജിയുമായി കോടതിയെ സമീപിച്ചിരുന്നു.
ആയുര്‍വേദ ചികിത്സ തേടാന്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പു സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. 16 വയസുകാരിയായ പെണ്‍കുട്ടിയെ ആശ്രമത്തില്‍ വെച്ച് പീഡിപ്പിച്ചതിന് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരികയാണ് ആസാറാം ബാപ്പു. ഉത്തരാഖണ്ഡില്‍ ചികിത്സക്ക് പോവാന്‍ രണ്ട് മാസം ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
ബാപ്പുവിന്റെ പേരിലുള്ളത് ഒരു സാധാരണ കുറ്റകൃത്യമല്ലെന്ന് നിരീക്ഷിച്ച കോടതി ആവശ്യമായ എല്ലാ ചികിത്സയും ജയിലില്‍ തന്നെ ലഭ്യമാക്കാമെന്ന് പറഞ്ഞു. 2013ലാണ് ആസാറാം ബാപ്പു ആശ്രമത്തില്‍വെച്ച് 16 വയസുകാരിയെ പീഡിപ്പിച്ചത്. 2018ലാണ് ജോധ്പൂര്‍ കോടതി ആസാറാം ബാപ്പുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൂട്ടുപ്രതികളായ രണ്ടുപേര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു.
ചികിത്സയുടെ പേരില്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനാണ് ആസാറാം ബാപ്പു ശ്രമിക്കുന്നതെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത രാജസ്ഥാന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2014ലും 2016ലും ആസാറാം സമാനമായ ഹരജിയുമായി കോടതിയെ സമീപിച്ചിരുന്നു. അന്ന് കോടതി നിയോഗിച്ച മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് കണ്ടെത്തിയിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവും ജാമ്യാപേക്ഷയെ എതിര്‍ത്തു. ആസാറാം ജാമ്യം നേടി പുറത്തിറങ്ങുന്നത് തന്റെയും കുടുംബത്തിന്റെയും ജീവന് അപകടത്തിലാക്കുമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. വിചാരണവേളയില്‍ ആസാറാമിനെതിരെ സാക്ഷിപറഞ്ഞ ഒമ്പതുപേരെ അദ്ദേത്തിന്റെ ഗുണ്ടകള്‍ അക്രമിച്ചിരുന്നു.