ഒളിമ്പിക്‌സിൽ സ്വർണം നേടിയാൽ മൂന്ന് കോടി, വെള്ളിക്ക് രണ്ട് കോടി: തമിഴ് താരങ്ങൾക്ക് വൻ വാഗ്ദാനവുമായി സ്റ്റാലിൻ
|അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്ന കായികതാരങ്ങളെ ബഹുമാനിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. ഈ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു
ഒളിമ്പിക്സില്‍ സ്വർണം നേടിയാല്‍ മൂന്ന് കോടി രൂപ നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അതുപോലെ വെള്ളിയും വെങ്കലവും നേടിയവർക്ക് യഥാക്രമം രണ്ട് കോടി രൂപയും ഒരു കോടി രൂപയും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്ന കായികതാരങ്ങളെ ബഹുമാനിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണ്. ഈ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. 2021 ലെ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്കുളള തുക വിതരണം ചെയ്ത ശേഷമായിരുന്നു സ്റ്റാലിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കായികതാരങ്ങൾക്കുള്ള വാക്സിനേഷൻ ക്യാമ്പും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
തമിഴ്നാട്ടിൽ നിന്നും ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആറുതാരങ്ങൾക്ക് അഞ്ചുലക്ഷം രൂപയാണ് സ്റ്റാലിൻ വിതരണം ചെയ്തത്. പ്രത്യേക പ്രോത്സാഹന പദ്ധതി പ്രകാരം, കായികതാരങ്ങള്‍ക്ക് ഉപകരണങ്ങൾ വാങ്ങുന്നതിനും യാത്രാ ചെലവുകൾക്കുമായി സംസ്ഥാന സർക്കാർ പ്രതിവർഷം 10 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നവർക്ക് 25 ലക്ഷം രൂപ വരെയും ധനസഹായം നൽകുന്നു.
കായിക വികസനവുമായി ബന്ധപ്പെട്ട ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റപ്പെടും. ഒളിമ്പിക് അക്കാദമി പോലുള്ള സൗകര്യങ്ങൾ സ്ഥാപിക്കുന്നതിലൂടെ ദേശീയ അന്തർദേശീയ തലങ്ങളിൽ മുന്നേറാൻ നമ്മള്‍ക്ക് കഴിയുമെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു.