India
Will hold ears of  RSS-BJP make them do sit-ups and get the caste census done Says Lalu Prasad Yadav
India

'ആർഎസ്എസിന്റെയും ബിജെപിയുടേയും ചെവിക്ക് പിടിച്ച് ജാതി സെൻസസ് നടപ്പാക്കിക്കും'; ലാലു പ്രസാദ്

Web Desk
|
3 Sep 2024 3:03 PM GMT

'ജാതി സെൻസസ് നടത്താതിരിക്കാൻ അവർക്ക് എന്ത് അധികാരമാണുള്ളത്? ജാതി സെൻസസ് നടപ്പാക്കുംവിധം ഞങ്ങളവരെ ശക്തമായി നിർബന്ധിക്കും'.

പട്ന: ജാതി സെൻസസ് വിഷയത്തിൽ ആർഎസ്എസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് ആർജെഡി നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. സെൻസസ് നടത്താൻ പ്രതിപക്ഷം ബിജെപിക്കുമേൽ സമ്മർദം ചെലുത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആർഎസ്എസിന്റെയും ബിജെപിയുടേയും ചെവിക്ക് പിടിച്ച് ജാതി സെൻസസ് നടപ്പാക്കിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ആയുധമാക്കാതെ അധഃസ്ഥിതരുടെ ക്ഷേമത്തിനായി ഉപയോഗിക്കുകയാണെങ്കിൽ മാത്രം ജാതി സെൻസസിനെ പിന്തുണയ്ക്കും എന്ന ആർഎസ്എസ് നിലപാടിനു പിന്നാലെയാണ് ലാലുവിന്റെ പ്രതികരണം.

‘ഞങ്ങൾ ആർഎസ്എസിന്റെയും ബിജെപിയുടേയും ചെവിയിൽ പിടിക്കും. അവരെ കുത്തിയിരുത്തും. ജാതി സെൻസസ് നടത്തിക്കുകയും ചെയ്യും. ജാതി സെൻസസ് നടത്താതിരിക്കാൻ അവർക്ക് എന്ത് അധികാരമാണുള്ളത്? ജാതി സെൻസസ് നടപ്പാക്കുംവിധം ഞങ്ങളവരെ ശക്തമായി നിർബന്ധിക്കും. ദലിതരും പിന്നാക്കരും ആദിവാസികളും ദരിദ്രരും ഐക്യം കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു‘- ലാലു പ്രസാദ് യാദവ് എക്സിൽ കുറിച്ചു.

സിംഗപ്പൂരിലെ പതിവ് വൈദ്യപരിശോധനയ്ക്കു ശേഷം പട്‌നയിൽ തിരിച്ചെത്തിയ ശേഷമായിരുന്നു ലാലുവിന്റെ പ്രതികരണം. രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്നും ബിഹാറി​ന്‍റെ ക്വാട്ട വർധന ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഞായറാഴ്ച ആർജെഡി സംസ്ഥാന വ്യാപകമായി ഏകദിന ഉപരോധം സംഘടിപ്പിച്ചിരുന്നു.

കേന്ദ്ര- സംസ്ഥാന- എൻഡിഎ സർക്കാരുകൾ സമൂഹത്തിലെ അവശ വിഭാഗങ്ങൾക്കുള്ള സംവരണത്തിനും ജാതിസെൻസസിനും എതിരാണെന്ന് പട്‌നയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. ഭരണഘടനയുടെ ഷെഡ്യൂളിൽ ബിഹാറിലെ നിരാലംബരായ ജാതിക്കാർക്കുള്ള വർധിപ്പിച്ച സംവരണം ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പാർലമെന്‍റിനെയും ജനങ്ങളെയും കേന്ദ്രം തെറ്റിദ്ധരിപ്പിച്ചുവെന്നും മുൻ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി ആരോപിച്ചിരുന്നു.

ആർഎസ്എസ് മുഖ്യ വക്താവ് സുനിൽ അംബേദ്കറായിരുന്ന ജാതി സെൻസസ് വിഷയത്തിൽ സംഘ് നിലപാട് വ്യക്തമാക്കിയത്. ജാതി വിവരങ്ങൾ ശേഖരിക്കുന്നത് സാമൂഹികക്ഷേമ പദ്ധതികൾ നടപ്പാക്കാനുള്ള സുപ്രധാനമായ മാർഗമാണെന്നു പറഞ്ഞ ആർഎസ്എസ്, സെൻസസിനെ രാഷ്ട്രീയ ആയുധമാക്കരുതെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

ജാതിയും ജാതിബന്ധങ്ങളുമെല്ലാം ഹിന്ദു സമൂഹത്തിൽ സൂക്ഷ്മതലങ്ങളുള്ള വിഷയങ്ങളാണ്. ദേശീയ ഐക്യത്തിന്റെയും അഖണ്ഡതയുടെയും കൂടി വിഷയമാണത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം കൂടുതൽ ഗൗരവത്തോടെ തന്നെ അതു കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും സുനിൽ പറഞ്ഞിരുന്നു.

ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കാൻ ഇത്തരത്തിൽ ജാതി സെൻസസ് വളരെ പ്രധാനമാണെന്നാണ് ആർഎസ്എസ് കരുതുന്നത്. പിന്നാക്കം നിൽക്കുകയോ പ്രത്യേക ശ്രദ്ധ ആവശ്യമുള്ളതോ ആയ ഏതെങ്കിലും ജാതി വിഭാഗത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിൽ ഇത്തരം കണക്കുകൾ ഏറെ ഉപകാരപ്പെടും.

സർക്കാരിനു കണക്കുകൾ വേണമെങ്കിൽ കണക്കെടുപ്പ് ആവശ്യമാണെന്നു മാത്രമല്ല, ഇതു മുൻപും ചെയ്തതുമാണ്. എന്നാൽ, അതു തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ആയുധമായി മാറാതിരിക്കാനുള്ള ജാഗ്രത വേണമെന്നും സുനിൽ അംബേദ്കർ സൂചിപ്പിച്ചു. പാലക്കാട്ട് അഖിൽ ഭാരതീയ സമന്വയ ബൈഠകിൽ ആണ് സുനിൽ അംബേദ്കർ നിലപാട് വ്യക്തമാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

Similar Posts