രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണച്ച് ബി.എസ്.പി; എൻ.ഡി.എ സഖ്യത്തിലേക്കെന്ന് സൂചന
|കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ യു.പിയിലെ ഏക ബി.എസ്.പി എം.എൽ.എയായ ഉമാ ശങ്കർ സിങ് ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്തിരുന്നു.
ലഖ്‌നോ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എൻ.ഡി.എ സഖ്യത്തിൽ ചേരാൻ ബി.എസ്.പി നീക്കം തുടങ്ങിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ യു.പിയിലെ ഏക ബി.എസ്.പി എം.എൽ.എയായ ഉമാ ശങ്കർ സിങ് ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്തിരുന്നു. പാർട്ടി അധ്യക്ഷയായ മായാവതിയെ അറിയിച്ച ശേഷമാണ് ബി.ജെ.പിക്ക് വോട്ട് ചെയ്തതെന്ന് ഉമാ ശങ്കർ സിങ് പറഞ്ഞിരുന്നു.
എൻ.ഡി.എ സ്ഥാനാർഥി സഞ്ജയ് സേത്ത് പിന്തുണക്കായി തന്നെ സമീപിച്ചിരുന്നു. ഇൻഡ്യ സഖ്യത്തിന്റെ നേതാക്കളാരും തന്നെ കണ്ടിട്ടില്ല. സഞ്ജയ് സേത്തുമായി തനിക്ക് വളരെ അടുത്ത സുഹൃത്ബന്ധമാണുള്ളത്. ഈ സാഹചര്യത്തിൽ പാർട്ടി അധ്യക്ഷയുടെ അനുമതിയോടെയാണ് അവർക്ക് വോട്ട് ചെയ്തതെന്നാണ് ഉമാ ശങ്കർ സിങ്ങിന്റെ വിശദീകരണം.
അതേസമയം മായാവതി ബി.ജെ.പിയുമായി അടുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ അവരെ പിന്തുണച്ചതെന്ന് ബി.എസ്.പി നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആരുമായും സഖ്യത്തിനില്ലെന്ന നിലപാടാണ് മായാവതി ഇപ്പോഴും ആവർത്തിക്കുന്നത്. അതിനിടെയാണ് നിർണായക രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ബി.എസ്.പി പിന്തുണച്ചിരിക്കുന്നത്.
ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ നേരത്തെ ധാരണയിലെത്തിയിരുന്നു. ഇൻഡ്യ മുന്നണിയുമായി അകലം പാലിക്കുന്ന നിലപാടാണ് തുടക്കം മുതൽ മായാവതി സ്വീകരിച്ചിരുന്നത്. നിലവിൽ യു.പിയിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബി.എസ്.പി ഒറ്റക്ക് മത്സരിച്ചാൽ കാര്യമായ ഒരു നേട്ടവും സ്വന്തമാക്കാൻ അവർക്കാവില്ലെന്നുറപ്പാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് എൻ.ഡി.എ പ്രവേശനത്തിന് മായാവതി ശ്രമം തുടങ്ങിയതെന്നാണ് സൂചന.