ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ദിഗ്വിജയ സിംഗ്
|2020ല്‍ രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട സിംഗിന്റെ കാലാവധി 2026 ജൂണിനാണ് അവസാനിക്കുന്നത്
ഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ സിംഗ്. രാജ്യസഭാ കാലാവധിക്ക് രണ്ട് വർഷം കൂടി ശേഷിക്കുന്നതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിംഗ്. 2020ല്‍ രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട സിംഗിന്റെ കാലാവധി 2026 ജൂണിനാണ് അവസാനിക്കുന്നത്.
-ഞായറാഴ്ച സ്വന്തം ജില്ലയായ രാജ്ഗഡിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ദിഗ്വിജയ സിംഗ് തള്ളിക്കളഞ്ഞു.രാജ്ഗഡില് സിംഗ് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി, രാജ്ഗഡ്, രഘോഗർ, ഖിൽചിപൂർ എന്നിവിടങ്ങളിലെ പാർട്ടി പ്രവർത്തകരുടെ യോഗങ്ങൾ സിംഗ് നടത്തുന്നുണ്ട് .ഈ നിയമസഭാ മണ്ഡലങ്ങളെല്ലാം രാജ്ഗഡ് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നവയാണ്. 2019ൽ ഭോപ്പാലിൽ സിംഗ് മത്സരിച്ചെങ്കിലും 3.65 ലക്ഷം വോട്ടുകൾക്ക് ബി.ജെ.പിയുടെ പ്രഗ്യാ സിങ് താക്കൂറിനോട് പരാജയപ്പെട്ടിരുന്നു. സിംഗിന്റെ സ്വന്തം തട്ടകമാണ് രാജ്ഗഡ്. 1984ലും 1991ലും രാജ്ഗഢ് ലോക്സഭാ സീറ്റിനെയാണ് സിംഗ് പ്രതിനിധീകരിച്ചത്. രാജ്ഗഡ് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയെ കോൺഗ്രസ് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിൽ 29 ലോക്സഭാ സീറ്റുകളാണ് ഉള്ളത്.