India
YS Jagan Mohan Reddy

വൈ.എസ് ജഗൻ മോഹൻ റെഡ്ഡി

India

മുസ്‍ലിങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ഒരു തീരുമാനവും എടുക്കില്ല: ഏക സിവില്‍ കോഡില്‍ ആന്ധ്രാ മുഖ്യമന്ത്രി

Web Desk
|
20 July 2023 6:05 AM GMT

യുസിസിയുടെ കരട് ബിൽ കേന്ദ്രം ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നും ബില്ലിന്‍റെ ഉള്ളടക്കം ആർക്കും അറിയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) പ്രസ്താവനയിൽ പറഞ്ഞു

ഹൈദരാബാദ്: ന്യൂനപക്ഷങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന ഒരു തീരുമാനവും തന്‍റെ സർക്കാർ എടുക്കില്ലെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി.നിര്‍ദ്ദിഷ്ട ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് മുസ്‍ലിം പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു റെഡ്ഡിയുടെ പ്രതികരണം. യുസിസിയുടെ കരട് ബിൽ കേന്ദ്രം ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നും ബില്ലിന്‍റെ ഉള്ളടക്കം ആർക്കും അറിയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) പ്രസ്താവനയിൽ പറഞ്ഞു.

ദുർബല വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുന്ന നിങ്ങളുടെ സർക്കാരാണിത്. നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു തീരുമാനവും ഇത് എടുക്കില്ല. അതിനെക്കുറിച്ച് അനാവശ്യമായി ആശങ്കപ്പെടരുത്. മാധ്യമങ്ങൾ മാത്രമാണ് ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുസ്‍ലിം സ്ത്രീകളുടെ അവകാശങ്ങൾക്കെതിരെ തെറ്റായ പ്രചരണം നടക്കുന്നുണ്ട്. മതമേലധ്യക്ഷന്മാരും മറ്റുള്ളവരും ഇത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ജഗന്‍ പറഞ്ഞു.

''വിവിധ മതങ്ങളും ജാതികളും ഗ്രൂപ്പുകളും അവരുടെ വ്യത്യസ്ത പാരമ്പര്യങ്ങളും ആചാരങ്ങളും പിന്തുടരുന്ന നാനാത്വത്തിൽ ഏകത്വത്തിന് വേണ്ടി നിലകൊള്ളുന്ന രാജ്യമാണ് ഇന്ത്യ. വ്യത്യസ്ത വ്യക്തി നിയമ ബോർഡുകൾ അവരുടെ വിശ്വാസങ്ങളെയും മതപരമായ ആചാരങ്ങളെയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു.ഈ രീതികൾ കാര്യക്ഷമമാക്കണമെങ്കിൽ, അത് വ്യക്തിനിയമ ബോർഡുകളിലൂടെ ചെയ്യണം, കാരണം അവർക്ക് ഈ സമ്പ്രദായങ്ങളെക്കുറിച്ച് ന്യായമായ ആശയവും ധാരണയും ഉണ്ട്, അവർക്ക് തെറ്റായ വ്യാഖ്യാനം ഒഴിവാക്കാനാകും.ഇവ മാറ്റണമെങ്കിൽ, സുപ്രിംകോടതിയും ലോ കമ്മീഷനും കേന്ദ്ര സർക്കാരും ഒരുമിച്ച് വിവിധ ലോ ബോർഡുകളുമായി പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും നിർദിഷ്ട മാറ്റങ്ങൾക്കായി പ്രവർത്തിക്കുകയും വേണം. അല്ലെങ്കിൽ, വൈവിധ്യത്താൽ നയിക്കപ്പെടുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഇത് പ്രാവര്‍ത്തികമാകില്ല, ”അദ്ദേഹം പറഞ്ഞു.

ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ സകിയ ഖാനം, ഉപമുഖ്യമന്ത്രി (ന്യൂനപക്ഷ ക്ഷേമം) അംസത്ത് ബാഷ, ചീഫ് സെക്രട്ടറി കെ. ജവഹർ റെഡ്ഡി, ന്യൂനപക്ഷ ക്ഷേമ സെക്രട്ടറി എ.എം.ഡി.ഇംതിയാസ്, എംഎൽഎമാരായ അബ്ദുൾ ഹഫീസ് ഖാൻ, നവാസ് ബാഷ, ഷെയ്ക് മുസ്തഫ, എംഎൽഎമാരായ ഷെയ്ക് മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് റുഹുള്ള, മുസ്‍ലിം മത മേധാവികൾ തുടങ്ങിയവർ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Similar Posts