India
എല്ലാം ദൈവനിശ്ചയം;  ഗുജറാത്ത് തൂക്കുപാലം ദുരന്തത്തില്‍ വിചിത്രവാദവുമായി കരാര്‍ കമ്പനി  കോടതിയില്‍
India

'എല്ലാം ദൈവനിശ്ചയം'; ഗുജറാത്ത് തൂക്കുപാലം ദുരന്തത്തില്‍ വിചിത്രവാദവുമായി കരാര്‍ കമ്പനി കോടതിയില്‍

Web Desk
|
2 Nov 2022 9:09 AM GMT

നവീകരിച്ച പാലം കുറഞ്ഞത് എട്ടോ പത്തോ വർഷമെങ്കിലും നിലനിൽക്കുമെന്ന് പരസ്യമായി അവകാശപ്പെട്ട ഒറേവയുടെ മാനേജിംഗ് ഡയറക്ടർ ജയ്‌സുഖ്ഭായ് പട്ടേലിനെ ദുരന്തത്തിന് ശേഷം കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു

അഹമ്മദാബ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 141 ഓളം പേരുടെ ജീവനാണ് നഷ്ടമായത്. പാലത്തിന്റെ കരാർ ഏൽപ്പിച്ച കമ്പനിയുടെ ഭാഗത്തുന്നുണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. സംഭവത്തിൽ കരാർ കമ്പനിയുടെ ജീവനക്കാരടക്കം ഒമ്പതുപേർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. എന്നാൽ അപകടം ദൈവനിശ്ചയമാണെന്നാണ് പാലം നവീകരിക്കാൻ കരാർ നൽകിയ ഗുജറാത്തിലെ അജന്ത ഒറേവ കമ്പനിയുടെ മാനേജർമാരിലൊരാളായ ദീപക് പരേഖ് പറയുന്നത്. കോടതിയിലാണ് മാനേജരുടെ പ്രതികരണം. ഞായറാഴ്ച പാലം തകർന്നതിനെ തുടർന്ന് അറസ്റ്റിലായ ഒമ്പത് പേരിൽ ഒരാളാണ് ഇയാൾ.

' ഇത് ദൈവത്തിന്റെ ഇച്ഛയാണ്...അതുകൊണ്ടാണ് ഇത്തരത്തിലുള്ള ദൗർഭാഗ്യകരമായ സംഭവം ഉണ്ടായതെന്ന് അദ്ദേഹം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എംജെ ഖാനോട് പറഞ്ഞു. അതേസമയം, പാലത്തിന്റെ കേബിൾ തുരുമ്പെടുത്തുവെന്നും അത് നവീകരിച്ച കമ്പനി മാറ്റിസ്ഥാപിച്ചിട്ടില്ലെന്നും മോർബി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി എ സാല കോടതിയെ അറിയിച്ചു. സർക്കാർ അനുമതിയോ ഗുണനിലവാര പരിശോധനയോ ഇല്ലാതെ ഒക്ടോബർ 26ന് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയായിരുന്നു. അറ്റകുറ്റപ്പണികളുടെ ഭാഗമായി പാലത്തിന്‍റെ പ്ലാറ്റ് ഫോം മാത്രമാണ് മാറ്റിയത്. പാലത്തിന്‍റെ കേബിളിൽ എണ്ണയൊഴിക്കുകയോ ഗ്രീസ് ചെയ്യുകയോ ചെയ്തിട്ടില്ല. കേബിൾ പൊട്ടിയ സ്ഥലത്തുനിന്ന് തുരുമ്പെടുത്തു. കേബിൾ നന്നാക്കിയിരുന്നെങ്കിൽ ഈ അപകടം സംഭവിക്കില്ലായിരുന്നു, ''പൊലീസ് കോടതിയെ അറിയിച്ചു.

പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയ കരാറുകാർക്ക് യോഗ്യതയില്ലെന്ന് പ്രോസിക്യൂട്ടർ ജഡ്ജിയെ അറിയിച്ചു. എന്നാൽ, ഈ കരാറുകാർക്ക് 2007-ലും പിന്നീട് 2022-ലും പാലത്തിന്റെ അറ്റകുറ്റപ്പണികൾ നൽകിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.കേബിളുകൾ മാറ്റി സ്ഥാപിക്കാത്തതിനാൽ പുതിയ തറയുടെ ഭാരം താങ്ങാനാവാതെ പൊട്ടുകയായിരുന്നു. ഫ്‌ലോറിങ്ങിൽ നാല് പാളികളുള്ള അലുമിനിയം ഷീറ്റുകൾ ഉപയോഗിച്ചത് പാലത്തിന്റെ ഭാരം വർധിപ്പിച്ചിരുന്നു.

പാലം വീണ്ടും തുറക്കുന്ന സമയത്താണ് പട്ടേലിനെ കുടുംബത്തോടൊപ്പം അവസാനമായി കണ്ടതെന്നും നാട്ടുകാർ പറയുന്നതായി എൻഡിടിവിയോട് റിപ്പോർട്ട് ചെയ്തു. ഒറെവ കമ്പനിയുടെ അഹമ്മദാബാദിലെ ഫാംഹൗസ് പൂട്ടി ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

പൊലീസ് എഫ്ഐആറിൽ ഒറെവയുടെ ഉന്നത മേധാവികളെക്കുറിച്ചോ കമ്പനിക്ക് കരാർ നൽകിയ മോർബി മുനിസിപ്പൽ ഉദ്യോഗസ്ഥരെക്കുറിച്ചോ പരാമർശമില്ലെന്നും ആക്ഷേപമുണ്ട്. ഒറേവ ഗ്രൂപ്പിന്റെ മറ്റൊരു മാനേജർ ദീപക് പേേരാഖ്, പാലം നന്നാക്കിയ രണ്ട് സബ് കോൺട്രാക്ടർമാർ എന്നിവരെ ശനിയാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സെക്യൂരിറ്റി ഗാർഡുകളും ടിക്കറ്റ് ബുക്കിംഗ് ക്ലാർക്കുമാരും ഉൾപ്പെടെ അറസ്റ്റിലായ മറ്റ് അഞ്ച് പേർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Similar Posts